ഹൈഡ്രജന്‍ ബലൂണുകള്‍ ഉപയോഗിച്ച് വളര്‍ത്തുനായയെ പറപ്പിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത യു ട്യൂബര്‍ അറസ്റ്റില്‍. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു ട്യൂബറായ ഗൌരവ് ജോണാണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് അറസ്റ്റ്. ഗൌരവിന്‍റെ യു ട്യൂബ് ചാനലിന് വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത്. ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ വച്ചായിരുന്നു ചിത്രീകരണം. നിരവധി ബലൂണുകള്‍ ചേര്‍ത്ത് നായയുടെ ദേഹത്ത് കെട്ടിയിട്ട ശേഷം പറത്തുകയായിരുന്നു. നായ വായുവില്‍ ഉയര്‍ന്നുപൊങ്ങുമ്പോള്‍ ഗൌരവും അമ്മയും ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തതോടെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുകയും സംഭവം വിവാദമാവുകയുമായിരുന്നു. ഗൌരവിനെതിരെ പീപ്പിള്‍ ഫോര്‍ അനിമല്‍ പ്രവര്‍ത്തകര്‍ മാളവ്യ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം ഗൌരവിനും അമ്മക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ആദ്യത്തെ വീഡിയോ നീക്കം ചെയ്തതിന് ശേഷം ഒരു വിശദീകരണ വീഡിയോയും ഗൌരവ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വേണ്ട സുരക്ഷാനടപടികള്‍ സ്വീകരിച്ച ശേഷമാണ് താന്‍ വീഡിയോ ചിത്രീകരിച്ചതെന്നും ഗൌരവ് പറയുന്നു. വീഡിയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ഗൌരവ് കൂട്ടിച്ചേര്‍ത്തു.