ഹെൽമറ്റ് ധരിക്കാത്ത എസ് ഐ ഹെൽമറ്റ് ഇല്ലാത്തയാളെ പിടിച്ചത് ചോദ്യം ചെയ്തപ്പോൾ മർദ്ദനം : ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

78
0

കൊല്ലം :- ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചു വന്ന എസ് ഐ ഹെൽമറ്റില്ലാതെ സ്കൂട്ടറോടിച്ചു വന്നയാളെ തടഞ്ഞു നിർത്തി ജീപ്പിൽ കയറ്റാൻ ശ്രമിച്ചത് എതിർത്തപ്പോൾ മർദ്ദിച്ചവശനാക്കിയെന്ന പരാതിയെ കുറിച്ച് ഡി ഐ ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

      രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി  ഉത്തരവിൽ പറഞ്ഞു.

      കുന്നിക്കോട് എസ് ഐ, എ എസ് ഐ എന്നിവർക്കെതിരെ വിളക്കുടി തുണ്ടുവിള സ്വദേശി ഷഹാർ സമർപ്പിച്ച പരാതിയിലാണ് നടപടി. 

      2021 ഏപ്രിൽ 19 ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവമുണ്ടായത്.  പോലീസിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ തന്നെ സ്റ്റേഷനിലെത്തിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നും പിറ്റേന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നും പരാതിയിൽ പറയുന്നു. 

      കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  പരാതിക്കാരൻ കുന്നിക്കോട് പോലീസ് സ്റ്റേഷനിലെ പരാതി വിഷയങ്ങളിൽ അനാവശ്യമായി ഇടപെടാറുള്ളയാളാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.  പോലീസ് ഒരു വാഹനം കസ്റ്റഡിയിലെടുത്തത് പരാതിക്കാരൻ മൊബൈലിൽ പകർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ പരാതിക്കാരൻ ഇക്കാര്യം നിഷേധിച്ചു.  ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് കമ്മീഷൻ നിരാകരിച്ചു.  തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷണം നടത്തി.

      പരാതിക്കാരന്റെ ശരീരത്തിലുള്ള പരിക്കുകൾ സംബന്ധിച്ച് ഡോക്ടർ സർട്ടിഫിക്കേറ്റുണ്ടെന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി.  എന്നാൽ പരിക്കുകൾ സ്റ്റേഷനിൽ നിന്നുമേറ്റതാണെന്ന് തെളിയിക്കാൻ സാക്ഷികളില്ല. 

      അതേസമയം പരാതിക്കാരൻ നൽകിയ മൊഴിയുമായി പൊരുത്തപ്പെടുന്ന മൊഴിയാണ് ചികിത്സിച്ച ഡോക്ടർ നൽകിയതെന്ന് റിപ്പോർട്ടിലുണ്ട്.  പരാതിക്കാരന് പോലീസിൽ നിന്ന് മർദ്ദനമേറ്റിറ്റുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.  തുടർന്നാണ് മർദ്ദനത്തിന്റെ നിജസ്ഥിതി പരിശോധിക്കാൻ കമ്മീഷൻ ഉത്തരവായത്.