ഹാള്‍മാര്‍ക്കിംഗ് പദ്ധതി വന്‍ വിജയം; ആശങ്കകള്‍ പരിശോധിക്കും; ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കും അനാവശ്യ സമരത്തില്‍ നിന്നും ജൂവലറി ഉടമകൾ പിന്മാറണം: ബി.ഐ.എസ് ഡയറക്ടര്‍ ജനറല്‍
ആഭരണങ്ങളുടെ ഹാള്‍ മാര്‍ക്കിംഗിന് രജിസ്റ്റര്‍ ചെയ്ത ജൂവലറികളുടെ എണ്ണം 91,603 ആയെന്ന് ബി.ഐ.എസ് ഡയറക്ടര്‍ ജനറല്‍ ശ്രീ. പ്രമോദ് കുമാർ തിവാരി അറിയിച്ചു. ജൂവലറികളുടെ പിന്തുണയും സഹകരണവും കൊണ്ട് ഈ പദ്ധതി ഒരു വന്‍ വിജയമാകുകയാണ്. ഈ കാലയളവില്‍ ഹാള്‍മാര്‍ക്കിംഗിന് അയച്ച് ആഭരണങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണുണ്ടായെന്നും അദ്ദേഹം ന്യൂ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധിതമാക്കിയതിന് ശേഷമുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ പേരില്‍ ജൂവലറി വ്യവസായത്തിലെ ഒരു വിഭാഗം ആഹ്വാനം ചെയ്തിരുന്ന സമരം അനാവശ്യമാണെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
ഈ പദ്ധതി പൂര്‍ണ്ണ വിജയമാകുകയും ഒരുകോടിയിലേറെ ആഭരണപീസുകളുടെ ഹാള്‍മാര്‍ക്കിംഗ് പൂര്‍ത്തിയാകുകയും ചെയ്തശേഷം പദ്ധതി നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ചോ പിന്‍വലിക്കുന്നതിനെക്കുറിച്ചോ സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ഹ്യൂയിഡ് (ഹാള്‍മാര്‍ക്ക് യുണിക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) അധിഷ്ഠിത ഹാള്‍മാര്‍ക്കിംഗ് എന്നത് എല്ലാവര്‍ക്കും ഒരുപോലെ ഗുണകരവും അത് വ്യവസായത്തിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരികയും ഉപഭോക്താക്കള്‍ക്ക് അവരുടെ പണത്തിന് യോജിച്ച ആഭരണം ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയും ഇന്‍സ്‌പെക്ടര്‍ രാജ് ഒഴിവാക്കുകയും ചെയ്യും. അതുകൊണ്ട് ഈ വ്യവസായമേഖലയുടെ പൂര്‍ണ്ണ പിന്തുണ അഭ്യര്‍ത്ഥിച്ച ബി.ഐ.എസ്. ഡയറക്ടര്‍ ജനറല്‍ അവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഗവണ്‍മെന്റ് തയാറാണെന്നും വ്യക്തമാക്കി. അതുകൊണ്ട് സമരപരിപാടികളില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജൂവലറി ഉടമകളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹാള്‍മാര്‍ക്കിംഗ് നിയമവിധേയമാക്കി മാറ്റുന്നതിന് മുമ്പുതന്നെ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി ഇതിനായി ഒരു ഉന്നതതല സമതി രൂപീകരിക്കുയും അവര്‍ മൂന്ന് യോഗങ്ങള്‍ ചേരുകയും ചെയ്തിരുന്നു. ഹാള്‍മാര്‍ക്കിംഗ് നിയമവിധേയമാക്കിയശേഷം അതിന്റെ സുഗമമായ നടത്തിപ്പിനായി ഒരു ഉപദേശക സമിതിയും രൂപീകരിച്ചുണ്ട്. ആറു യോഗങ്ങള്‍ക്ക് ശേഷം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമിതി റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 19ന് ചേര്‍ന്നയോഗത്തില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഓഹരിപങ്കാളികളും പങ്കെടുക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഒരുവിഭാഗം ആഹ്വാനം ചെയ്തിരിക്കുന്ന സമരം അനാവശ്യമാണ്. ആ യോഗത്തില്‍ തന്നെ നിരവധി സംഘടനകളുടെ പ്രതിനിധികളും സമരത്തെ അപലപിച്ചിട്ടുണ്ട്.
എ.എച്ച്.സികള്‍ (അസൈയിംഗ് ആന്റ് ഹാള്‍മാര്‍ക്കിംഗ് സെന്റര്‍) ഉള്ള 256 ജില്ലകളില്‍ മാത്രമാണ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധിതമാക്കിയിട്ടുള്ളത്. നിലവില്‍ ഹ്യൂയിഡ് എ.എച്ച്.സി തലത്തില്‍ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായശേഷമേ ജൂവലറി തലങ്ങളില്‍ അത് നടപ്പാക്കുകയുള്ളു. 20,23, 24 കാരറ്റ് ആഭരങ്ങളാണ് ഹാള്‍മാര്‍ക്കിംഗിന് അനുവദിച്ചിട്ടുള്ളത്. ഹാള്‍മാര്‍ക്കിംഗ് ശുദ്ധത ഉറപ്പാക്കും. എ.എച്ച്.സി തലത്തില്‍ ആഭരങ്ങള്‍ കൈമാറുന്നതിന് സോഫ്റ്റ്‌വെയര്‍ മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ഹെഡ്ക്വാട്ടേഴ്‌സിലും ശാഖകളിലും ഹെല്‍പ്പ്‌ഡെസ്‌ക് സ്ഥാപിക്കുകയും ഇതിനകം തന്നെ 300 ബോധവല്‍ക്കരണ ക്യാമ്പുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഉപദേശക സമിതി വിഷയത്തെക്കുറിച്ച് ആഴത്തില്‍ അവലോകനം ചെയ്തശേഷം ഡി.ഒ.സി.എ(ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്‌സ്) ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമുണ്ട്.
ജൂവലറികളുടെയും ആഭരണങ്ങളുടെയും നീക്കങ്ങള്‍ ബി.ഐ.എസിലൂടെ നിരീക്ഷിക്കുന്നുവെന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. അത്തരത്തിലുള്ള ഒരു രേഖകളും ജൂവലറികള്‍ അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
2021 ജൂലൈ 1 തൊട്ട് 2021 ഓഗസ്റ്റ് 20വരെ യഥാക്രമം 1.17 കോടിയും 1.02 കോടിയും ആഭരണങ്ങള്‍ ഹാള്‍മാര്‍ക്കിംഗിന് വേണ്ടി ലഭിച്ചിട്ടുണ്ട്. ജൂലൈ 1മുതല്‍ ജൂലൈ 15 വരെ ഹാള്‍മാര്‍ക്കിംഗിന് ആഭരണങ്ങള്‍ അയച്ചിരുന്നവര്‍ 5,145 ആയിരുന്നെങ്കില്‍ ഓഗസ്റ്റ് 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ അത് 14,349 ആയി വര്‍ദ്ധിച്ചു. ഹ്യൂയിഡ് അടിസ്ഥാന സംവിധാന പ്രകാരം 861 എ.എച്ച്.സികള്‍(അസൈയിംഗ് ആന്റ് ഹാള്‍മാര്‍ക്കിംഗ് സെന്റര്‍) ഹാള്‍മാര്‍ക്കിംഗ് ആരംഭിച്ചിട്ടുമുണ്ട്.
ഹാള്‍മാര്‍ക്കിംഗിന്റെ വേഗത വര്‍ദ്ധിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 1 മുതല്‍ 15 വരെയുള്ള ദ്വൈവാര കാലയളവില്‍ 14.28 ലക്ഷം പീസുകളായിരുന്നു ഹാള്‍മാര്‍ക്ക് ചെയ്തിരുന്നതെങ്കില്‍ ഓഗസ്റ്റ് 1 മുതല്‍ 15 വരെയുള്ള സമയത്ത് അത് 41.81 ലക്ഷമായി ഉയര്‍ന്നു. ഓഗസ്റ്റ് 20ന് ഒറ്റദിവസം കൊണ്ട് 3.90 ലക്ഷം ആഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്യുകയും ചെയ്തു. രാജ്യത്താകമാനം ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധിതമായി കഴിയുമ്പോള്‍ കണക്കാക്കപ്പെടുന്ന ഒരു വര്‍ഷം 10 കോടി ആഭരണ പീസുകള്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നതിന് ഒരു തടസവും ഉണ്ടാകില്ല. എ.എച്ച്.സികളുടെ ശേഷിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം മൊത്തമുള്ള 853 എ.എച്ച്.സികളില്‍ ഓഗസ്റ്റ് 1 മുതല്‍ 15 വരെയുള്ള ദ്വൈവാരകാലയളവില്‍ 161 എണ്ണത്തിന് മാത്രമാണ് പ്രതിദിനം 5000 പീസുകള്‍ക്ക് മുകളില്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 300 ലധികം എ.എച്ച്.സികള്‍ക്ക് പ്രതിദിനം 100 പീസുകളില്‍ താഴെ മാത്രമാണ് ലഭിച്ചിട്ടുള്ളതും. എ.എച്ച്.സികളെ നിരന്തരമായി നിരീക്ഷിക്കുകയും ഫിഫോ തത്വങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. എ.എച്ച്.സികളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡി.ഒ.സി.എക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.