ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം കണ്ടെടുത്തു

93
0

‘ഗോമതീദാസന്‍’ എന്നു പേരെടുത്ത ശ്രീ ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികളുടെ (1823-1887) ഏഴാം തലമുറയിലെ അംഗമായ ശ്രീമതി ഗീത രവിയുടെ നീറമണ്‍കര ഗായത്രി നഗറിലെ വീട്ടിൽ നിന്നാണ് ഗ്രന്ഥശേഖരം ലഭിച്ചത്.

പ്രസ്തുത ശേഖരം പരിശോധിക്കുകയും പ്രാഥമികമായി തരംതിരിക്കുകയും ചെയ്തു. തുടർന്ന്, കാര്യവട്ടം മാനുസ്ക്രിപ്റ്റ് മിഷന്‍ സെന്ററില്‍ ഏല്പിച്ച് വൃത്തിയാക്കി. 26 താളിയോലക്കെട്ടുകളിലായി 50-ഓളം ഗ്രന്ഥങ്ങളാണ് ഈ പ്രാചീനശേഖരത്തിലുള്ളത്. അടുത്ത കാലത്ത് കേരളത്തിൽ വ്യക്തിഗതശേഖരത്തില്‍ നിന്നും ഇത്രയും വലിയൊരു ഗ്രന്ഥസഞ്ചയം ലഭ്യമായിട്ടില്ല.

തിരുവിതാംകൂർ ആസ്ഥാനവിദ്വാനായിരുന്ന മഹാകവിയുടെ ഗ്രന്ഥശേഖരം എന്ന നിലയിൽ ഇവയുടെ പ്രാധാന്യം ഇരട്ടിക്കുന്നു. സാഹിത്യം, സൗന്ദര്യശാസ്ത്രം, വേദാന്തം, ന്യായം, തന്ത്രം, ഗണിതം, വേദലക്ഷണം, മന്ത്രശാസ്ത്രം, ആചാരം, സ്തോത്രം തുടങ്ങി അറിവിന്റെ വിവിധ ശാഖകളിലുള്ള ഗ്രന്ഥങ്ങളാണ് ലഭ്യമായിട്ടുള്ളത്.

അപൂര്‍വങ്ങളും തുടര്‍-ഗവേഷണത്തിനുതകുന്നവയും ഏറെയുണ്ട്. കാലപ്പഴക്കം കാര്യമായി ബാധിച്ചിട്ടില്ല. ഈ ശേഖരത്തിന്റെ വിശദമായ പഠനത്തിനും ഉപയോഗത്തിനുമായി കേരള സര്‍വകലാശാലയുടെ കീഴില്‍ കാര്യവട്ടത്ത് പ്രവര്‍ത്തിച്ചു വരുന്ന ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറിക്ക് കൈമാറുകയാണ്.

വിഭാഗാധ്യക്ഷയായ ഡോ. ആര്‍.ബി. ശ്രീകലയുടെ മേല്‍നോട്ടത്തില്‍ അതിനു വേണ്ട നടപടികൾ പുരോഗമിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ആര്‍. കൃഷ്ണമൂര്‍ത്തി & ഡോ. ആചാര്യ ജി. ആനന്ദരാജ്, അസിസ്റ്റന്റ് പ്രൊഫസർ, സംസ്കൃതവിഭാഗം, നീറമണ്‍കര എന്‍ എസ്‌ എസ്‌ വനിതാ കോളേജ്. 
+91 94000 00100