സർക്കാർ പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തകർക്കാൻ ശ്രമിക്കുന്നു: കുമ്മനം രാജശേഖരൻ

107
0

തിരുവനന്തപുരം: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീറിനൊപ്പം സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഭീകരർ നടത്തുന്ന അരും കൊലപാതകങ്ങളും പൊലീസിൻ്റെ ഏകപക്ഷീയമായ നടപടികളും ഗവർണറെ അറിയിച്ചതിനു ശേഷം രാജ്ഭവന് മുമ്പിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് ബിജെപിയോടും ആർഎസ്എസിനോടും വിവേചനം കാണിക്കുകയാണ്. പ്രതിരോധ കസ്റ്റഡിയുടെ പേരിൽ സംഘപരിവാർ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. മറ്റു ജില്ലകളിലെ ഉൾപ്പെടെയുള്ള പ്രവർത്തകരെ ബലം പ്രയോഗിച്ച് തടങ്കലിൽ വെക്കുകയാണ് പൊലീസ് ചെയ്യുന്നത്. പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എസ്ഡിപിഐക്കും പിഎഫ്ഐയ്ക്കും എതിരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. അവരുടെ കൊലയാളി സംഘത്തെ സംസ്ഥാനം വിടാൻ സഹായിച്ചത് പൊലീസാണ്. സംസ്ഥാനത്ത് ഇപ്പോൾ ഭരണകക്ഷിയായ സിപിഎമ്മും ഇസ്ലാമിക ഭീകര സംഘടനകളും കൈകോർത്തിരിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തിലെ ദേശീയ ശക്തികളെ ഉന്മൂലനം ചെയ്യുക എന്നതാണ് അവരുടെ പൊതു ലക്ഷ്യമെന്നും ബിജെപി ഗവർണറോട് വിശദീകരിച്ചതായി കുമ്മനം പറഞ്ഞു. ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യത്തിൽ ആശങ്കയും നിരാശയും ഗവർണർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

കേരളം ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ഒരു ഭാഗത്ത് വർഗീയ കലാപം സൃഷ്ടിക്കാനുള്ള മതഭീകരവാദ ശക്തികളുടെ അഴിഞ്ഞാട്ടം. മറുഭാഗത്ത് ജനത്തിന്റെ സ്വൈരജീവിതം തകർക്കുന്ന ഗുണ്ടാ അക്രമ പരമ്പര. ക്രമസമാധാനം സംരക്ഷിക്കാൻ ഇറങ്ങിയ പൊലീസുകാർക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്ത്. ദേശീയ പ്രസ്ഥാനങ്ങളുടെ മൂന്ന് പ്രവർത്തകരെയാണ് ഇസ്ലാമിക ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയത്. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മകളുടേയും കൺമുന്നിൽ വീട്ടിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചിരുന്ന ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്നു രൺജിത്ത്. പ്രായമായ അമ്മയെ കൊലയാളികൾ ആക്രമിക്കുകയും ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രൺജിത്തിന്റെ അമ്മയുടെ കഴുത്തിൽ കൊലയാളികൾ കത്തി വെച്ചു. അക്രമികളെ കൊണ്ടുപോകാൻ എസ്ഡിപിഐ അവരുടെ ആംബുലൻസ് ഉപയോഗിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും ഗവർണർക്ക് മുമ്പിൽ ബിജെപി നേതാക്കൾ വിവരിച്ചു. അദ്ദേഹത്തിന്റെ താമസസ്ഥലം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയാണ്. എന്നിട്ടും ഈ ഭയാനകമായ നടപടിയെ തടയാൻ പൊലീസ് യാതൊന്നും ചെയ്തില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ ഇതൊരു ഭീകരപ്രവർത്തനമാണെന്ന് ആർക്കും ബോധ്യമാവുമെന്ന് കുമ്മനം പറഞ്ഞു. നേരത്തെ ആർഎസ്എസ് തേനേരി മണ്ഡല് ബൗധിക് പ്രമുഖ് പാലക്കാട് മമ്പറത്ത് സഞ്ജിത്തിനെ (27) പട്ടാപ്പകൽ പിഎഫ്‌ഐ ഭീകരർ വെട്ടിക്കൊന്നിരുന്നു. ഭാര്യയുടെ കൂടെ യാത്ര ചെയ്യുമ്പോഴാണ് സഞ്ജിത്ത് ആക്രമിക്കപ്പെട്ടത്. അതിന് മുമ്പ് തൃശൂർ ചാവക്കാട് കൊപ്പാറ ബിജു (35) എന്ന ബി.ജെ.പി പ്രവർത്തകനെ എസ്.ഡി.പി.ഐ ഭീകരർ കുത്തിക്കൊലപ്പെടുത്തി. എസ്ഡിപിഐ-പിഎഫ്ഐ പോലുള്ള ഇസ്ലാമിക ഭീകര സംഘടനകൾ കേരളത്തിലെ ദേശീയ ശക്തികളുടെ നേതാക്കളെ ലക്ഷ്യമിടുകയാണ്. പിണറായി വിജയന്റെ ആറു വർഷത്തെ ഭരണത്തിൽ ബിജെപി-ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായി 22 പേരെ നഷ്ടപ്പെട്ടു. പ്രസ്തുത ഹീനമായ കുറ്റകൃത്യങ്ങളുടെ പ്രതികളെയും ഗൂഢാലോചനക്കാരെയും പിടികൂടുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും കുമ്മനം കുറ്റപ്പെടുത്തി.