സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെ: മന്ത്രി വീണാ ജോര്‍ജ്

218
0

വിസ്മയയുടെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയുമാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ വേദനാജനകമായ സംഭവമാണിത്. വളര്‍ത്തി വലുതാക്കിയവര്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്നു. ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ട് മറ്റൊരു വീട്ടിലേക്ക് കടുന്നുപോയ വിസ്മയയ്ക്ക് ഇങ്ങനെയൊരു അന്ത്യം ഉണ്ടായത് വളരെ വേദനാജനകമാണെന്നും മന്ത്രി വ്യക്തമാക്കി. വിമസ്മയയുടെ നിലമേലുള്ള വീട്ടില്‍ കുടംബാംഗങ്ങളെ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ക്ക് എതിരെയുള്ള ഇങ്ങനെയുള്ള ഒരു അതിക്രമങ്ങളും അംഗീകരിക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വാസ്തവത്തില്‍ സ്ത്രീധനത്തിനെതിരെ, ആ സമ്പ്രദായത്തിനെതിരെ കേരളത്തിന്റെ ഒരു പൊതുബോധം ശക്തമാകേണ്ടതുണ്ട്. സ്ത്രീധനം വാങ്ങില്ല എന്നുള്ളതും സ്ത്രീധനം കൊടുക്കില്ല എന്നുള്ളതും നമ്മള്‍ ഓരോരുത്തരും തീരുമാനിക്കേണ്ടതുണ്ട്. നമ്മുടെ പെണ്‍മക്കള്‍ ഇങ്ങനെ കയറിന്റെ തുമ്പത്തോ, മണ്ണെണ്ണയൊഴിച്ചോ കൊല്ലപ്പെടേണ്ടവരോ മരിക്കേണ്ടവരോ അല്ല. അതിശക്തമായ ഒരു പൊതുബോധം ഈ സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.