സോമിൽ ഫോറസ്റ്റ് ലൈസൻസിന് അപേക്ഷിക്കാം:
അവസാന തീയതി ആഗസ്റ്റ് 11
സംസ്ഥാനത്ത് 2002 ഒക്ടോബർ 30നു മുമ്പ് പ്രവർത്തിച്ചിരുന്നതും നിലവിൽ പ്രവർത്തനാനുമതി ഇല്ലാത്തതുമായ സോമില്ലുകൾക്കും മരാധിഷ്ഠിത വ്യവസായശാലകൾക്കും നിബന്ധനകളോടെ ഫോറസ്റ്റ് ലൈസൻസ് നൽകാൻ സർക്കാർ ഉത്തരവായി. ന്യായമായ കാരണങ്ങളാൽ ഫോറസ്റ്റ് ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കാതിരുന്ന മില്ലുടമകൾക്കും മര വ്യവസായസ്ഥാപനഉടമകൾക്കും ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്.
വ്യക്തമായ കാലാവധി രേഖപ്പെടുത്താത്ത ലൈസൻസ്/ എൻ ഒ സി ഉപയോഗത്തിലുള്ള ഉടമകൾക്ക് കാലാവധി രേഖപ്പെടുത്തിയ ലൈസൻസിനും അപേക്ഷിക്കാം.
സ്ഥാപനം 2002 ഒക്ടോബർ 30ന് മുമ്പ് പ്രവർത്തിച്ചു വരുന്നതാണെന്നുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസിന്റെ നോട്ടറൈസ്ഡ് കോപ്പി/ പഞ്ചായത്തിലെ ഡി ആന്റ് ഓ രജിസ്റ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് / ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് / വ്യവസായ വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച എസ് എസ് ഐ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം നിശ്ചിതഫോറത്തിലുള്ള അപേക്ഷകൾ മതിയായ ഫീസടച്ച് ആഗസ്റ്റ് 11നുമുമ്പ് അതത് ജില്ലകളിലെ ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ടെറിറ്റോറിയൽ) ക്ക് സമർപ്പിക്കേണ്ടതാണ്.
ചെറുകിട മരാധിഷ്ഠിത വ്യവസായങ്ങൾ, റബ്ബർ/റബ്ബർതടിയധിഷ്ഠിത വ്യവസായങ്ങൾ, ഇറക്കുമതി തടിയുപയോഗിച്ച് പ്രവർത്തിക്കുന്ന യൂണിറ്റുകൾ, ആശാരിപ്പണി-തടി പ്രോസസ്സിംഗ് പരിശീലന സ്ഥാപനങ്ങൾ, തെങ്ങ് /പന തടിയധിഷ്ഠിത യൂണിറ്റുകൾ എന്നിവ തുടങ്ങുന്നതിനും അപേക്ഷകന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ മതിയായ ഫീസ് സഹിതം ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ടെറിറ്റോറിയൽ) ക്ക് സമർപ്പിക്കേണ്ടതാണ് .
മരാധിഷ്ഠിത സ്ഥാപനങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനും ലെസൻസുകൾ പുതുക്കുന്നതിനും കൈമാറ്റത്തിനും പിന്തുടർച്ചാ അനുവാദത്തിനും ഇതേ പോലെ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ അവശ്യമായ ഫീസ് സഹിതം ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതാണ്.
ലൈസൻസ് പുതുക്കുന്നതിന് കാലാവധി പൂർത്തിയാകുന്നതിന് മൂന്ന് മാസം മുമ്പ് അപേക്ഷ സമർപ്പിക്കണം. കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം സമർപ്പിക്കുന്ന അപേക്ഷകൾക്ക് തുടർന്നുള്ള ഓരോ മാസത്തിനും നിശ്ചിത തുക പിഴ ഒടുക്കേണ്ടതാണ്.
മരാധിഷ്ഠിത സ്ഥാപനങ്ങളുടെ അന്തർജില്ലാ മാറ്റത്തിന് സംസ്ഥാനതല കമ്മിറ്റിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ടെന്നും മുൻകൂർ അനുമതിയില്ലാതെ സോമില്ലുകളുടെതോ മറ്റ് മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങളുടേതോ പേരും സ്റ്റൈലും മാറ്റാൻ പാടുള്ളതല്ലെന്നും ഇതിനായി മതിയായ ഫീസ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വനംവകുപ്പിന്റെ വെബ്‌സൈറ്റായ forest.kerala.gov.in സന്ദർശിക്കുക.
ഡോ. അഞ്ചൽ കൃഷ്ണകുമാർ,
പി.ആർ.ഒ,
ഫോറസ്റ്റ്.