സേവിങ് ക്ലോസ് വിജ്ഞാപനമായി, സഹകരണ ജൂനിയര്‍ ഇന്‍സ്‌പെകടര്‍ നിയമന തടസം ഒഴിവായി

97
0
  • നിയമനം ഉറപ്പായത് റാങ്ക് ലിസ്റ്റില്‍പ്പെട്ട നൂറുകണക്കിന് പേര്‍ക്ക്*

ജൂനിയര്‍ കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെകടര്‍ നിയമനത്തില്‍ സേവിംഗ് ക്ലോസ് ഉള്‍പ്പെടുത്തി വിജ്ഞാപനമായി. ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ നേരത്തെ ഇല്ലാതിരുന്ന ബിരുദങ്ങള്‍ കൂടി കൂട്ടിചേര്‍ത്തതിനെ തുടര്‍ന്ന് പിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. സാങ്കേതികത്വത്തിന്റെ പേരില്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടക്കാതിരിക്കുന്നത് നൂറു കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍, നിയമ വകുപ്പ് അടക്കമുള്ള ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സേവിംഗ് ക്ലോസ് ഉള്‍പ്പെടുത്തിയാല്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്തുന്നതിന് തടസമില്ലെന്ന് ഉപദേശം ലഭിക്കുകയും പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വൈകിട്ടോടെ സേവിംഗ് ക്ലോസ് ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത.്

2018 ലായിരുന്നു പിഎസ് സി സഹകരണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്ന് നിലവിലുണ്ടായിരുന്നതും പിന്നീട് ഒഴിവ് വരാന്‍ സാദ്ധ്യതയുള്ളതും ചേര്‍ത്തായിരുന്നു വിജ്ഞാപനം. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷയും മറ്റ് അനുബന്ധ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ ബിടെക്, ബിബിഎ, ബിഎഎല്‍ ബിരുദങ്ങള്‍ കൂടി ബിരുദ യോഗ്യതയായി ഈ തസ്തികയ്ക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇതു പരിശോധിച്ച സഹകരണ വകുപ്പ് ഈ ബിരുദങ്ങളും ജൂനിയര്‍ ഇന്‍സ്‌പെക്ടറുടെ തസ്തികയിലേയ്ക്കുള്ള ബിരുദ യോഗ്യതയായി പരിഗണിക്കാന്‍ നിശ്ചയിക്കുകയും കേരള കോ ഓപ്പറേറ്റീവ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍ ഭേദഗതി ചെയ്യുകയുമുണ്ടായി. ഇതോടെ ഈ ബിരുദക്കാരെ പരിഗണിക്കാതെ നടന്ന പരീക്ഷയും തുടര്‍ നടപടികളും മുന്നോട്ടു കൊണ്ടു പോകുന്നതില്‍ സാങ്കേതികമായ തടസം വന്നു. ഇക്കാര്യം പിഎസ് സി ചൂണ്ടിക്കാണിക്കുകയും ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാകുകയും ചെയ്തു. തുടര്‍ന്നാണ് സേവിംഗ് ക്ലോസ് പുറപ്പെടുവിച്ച് റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം ഉറപ്പു വരുത്താന്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശിച്ചത്. വിജ്ഞാപനം ഇറങ്ങിയതോടെ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം ഉറപ്പാകുകയും ചെയ്തു.