സി.രാധാകൃഷ്ണന്‍/റവ.ജോര്‍ജ്ജ് മാത്യു പുതുപ്പള്ളി
നീണ്ട വീഥിയില്‍കൂടി നിഴല്‍പറ്റി കുമ്പിട്ടുനീങ്ങുന്ന ദുഃഖിതനും ചിന്താമഗ്നനുമായ ഒരു ഏകാന്തപഥികന്റെ ചിത്രമാണ്
സി.രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനസിലുണരുക. രചനയിലോ ജീവിതത്തിലോ വാചാലനല്ല അദ്ദേഹം. സൗമ്യശീലരും മൗനദുഃഖങ്ങള്‍ പേറുന്നവരും ജീവിക്കാനും സ്‌നേഹിക്കാനും ആഗ്രഹിക്കുന്നവരുമാണല്ലോ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ മിക്കവരും. ഏതൊക്കെയോ അച്ചടക്കത്തിന്റെ ഒറ്റയടിപ്പാതകള്‍ വിട്ട് സഞ്ചരിക്കാത്തവര്‍, ആ പാത വിട്ടുപോയാല്‍ ഖേദിക്കുന്നവര്‍. രാധാകൃഷ്ണന്റെ നോവലുകളിലോ ചെറുകഥകളിലോ തീയും ഗന്ധകവുമൊന്നും കാണാറില്ല. പുഞ്ചിരിക്കും തേങ്ങലിനുമിടയില്‍ തങ്ങളുടെ സന്തോഷസന്താപങ്ങളുടെ പ്രകടനം ഒതുക്കിനിര്‍ത്തുന്നവരാണ് അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും.സ്‌നേഹവും തേങ്ങലുകളും ഒതുങ്ങിക്കൂടിയ അവരുടെ നെഞ്ചുകളെ സാധാരണക്കാര്‍ സ്വന്തം നെഞ്ചുകളായോ തങ്ങള്‍ക്കു പരിചിതങ്ങളായ നെഞ്ചുകളായോ അറിയുന്നു.
സാഹിത്യരംഗത്തെ കോലാഹലങ്ങളില്‍ നിന്നെല്ലാം അകന്ന്, മലയാളത്തിലെ മികച്ച നോവലുകളില്‍ പലതു സൃഷ്ടിച്ചിട്ടും വലിയ അവകാശവാദങ്ങളൊന്നും നടത്താതെ സ്വന്തമായ പാതയിലൂടെ നീങ്ങുന്ന സി.രാധാകൃഷ്ണനുമായി കൊച്ചിയില്‍ കലൂരിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍വച്ച് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഈ ലേഖകന്‍ മനസ്സ് തുറന്നു സംസാരിച്ചപ്പോള്‍ ഒരു നോവലിസ്റ്റ് എന്നതിലുപരി ഒരു പച്ച മനുഷ്യസ്‌നേഹി എന്ന അവബോധമാണ് അദ്ദേഹത്തെക്കുറിച്ചുണ്ടായത്.
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ ച ്രമവട്ടത്ത് പറപ്പൂര്‍ മഠത്തില്‍ മാധവന്‍ നായരുടെയും ചക്കോരേല്‍ മാധവിയമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു ജനിച്ച രാധാകൃഷ്ണന്‍ താന്‍ പിന്നിട്ട പാതകളെക്കുറിച്ചു വിവരിച്ചപ്പോള്‍ ഇത്ര തുറന്ന മനസ്സോടെ സംസാരിക്കുന്ന സാഹിത്യകാരന്മാര്‍ മലയാളത്തില്‍ അപൂര്‍വ്വമെന്നു തോന്നിപ്പോയി. കോഴിക്കോട് ഗുരവായൂരപ്പന്‍ കോളേജില്‍നിന്ന് ഊര്‍ജ്ജതന്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഡിസ്റ്റിംഗ്ഷനോടുകൂടി വിജയം നേടിയ വിനയസമ്പന്നനായ ഈ സാഹിത്യകാരന്‍ ഡമോരിന്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്രജ്ഞനായും ശാസ്ത്രപത്രപ്രവര്‍ത്തകനായും ജോലി നോക്കിയശേഷം ഇപ്പോള്‍ മുഴുവന്‍ സമയ എഴുത്തുകാരനായി കഴിയുകയാണ് മുന്‍ പത്രാധിപര്‍ കൂടിയായ ഇദ്ദേഹം. നിരവധി നോവലുകളും ചെറുകഥാസമാഹാരങ്ങളും നാടകങ്ങളും കവിതാസമാഹാരങ്ങളും ശാസ്ത്രഗ്രന്ഥങ്ങളും ഇംഗ്ലീഷ് സാഹിത്യഗ്രന്ഥങ്ങളും രചിച്ചിട്ടുള്ള രാധാകൃഷ്ണന്റെ പ്രഥമനോവലായ ‘നിഴല്‍പ്പാടുകള്‍’ 1962-ല്‍ കേരളസാഹിത്യഅക്കാദമി അവാര്‍ഡ് നേടി. 1987-ല്‍ ഏറ്റവും മികച്ച നോവലിനുള്ള അബുദാബി മലയാളി സമാജം അവാര്‍ഡും ‘സ്പന്ദമാപിനികളേ നന്ദി’ എന്ന നോവലിന് 1988-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
ഇംഗ്ലീഷ്,ഹിന്ദി,തമിഴ്ഭാഷകളിലും പാണ്ഡിത്യമുള്ള രാധാകൃഷ്ണന്‍ റൈറ്റേഴ്‌സ് കോ-ഓപ്പറേറ്റിവ് ഓഫ് കേരള,യുവകലാസാഹിതി എന്നിവയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമാധാനസന്ദേശവുമായി കാസര്‍കോട്ടുനിന്ന് കോമറിന്‍ ദ്വീപ്‌വരെ സാഹിത്യകാരന്മാര്‍ ആദ്യമായി നടത്തിയ പദയാത്രയ്ക്ക് നേതൃത്വം നല്‍കിയതും രാധാകൃഷ്ണന്‍ ആയിരുന്നു. ശാസ്ത്രവിഷയത്തില്‍ ബിരുദാനന്തരബിരുദം നേടിയ ഇദ്ദേഹത്തിന് തിയററ്റിക്കല്‍ അസ്‌ട്രോഫിസിക്‌സിലും അതിയായ താല്‍പര്യമുണ്ട്. 1982-ല്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കുവാനുള്ള അവസരവും ലഭിച്ചു. ഭാര്യയോടും ഡോക്ടറായ ഒറ്റമകനോടും കുടുംബത്തോടുമൊപ്പം താമസിക്കുന്ന ഈ സാഹിത്യോപാസകന് കൃഷിയിലും ഏറെതാല്‍പര്യമുണ്ട്.
മതങ്ങളെയും മതസ്ഥാപകരെയും ആക്ഷേപിച്ചും അവഹേളിച്ചും കൃതികള്‍ രചിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്ന എഴുത്തുകാരുടെ നിലപാടുകളെക്കുറിച്ച് എന്താണ് അഭിപ്രായം?
മതങ്ങളെയും പ്രവാചകന്മാരെയും ആവശ്യമില്ലാതെ അവഹേളിക്കുന്നതു ശരിയല്ല. ഒരാള്‍ ചീപ്പ് പോപ്പുലാരിറ്റിക്കുവേണ്ടിയോ മറ്റേതെങ്കിലും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടിയോ എന്തെങ്കിലും അബദ്ധം എഴുതിപ്പിടിപ്പിച്ചാല്‍ അതില്‍ക്കയറിപ്പിടിച്ച് അതൊരു അന്താരാഷ്ട്രാപ്രശ്‌നമാക്കേണ്ട കാര്യവുമില്ല. മതപ്രവാചകര്‍പോലും ക്ഷമിക്കാനുംസ്‌നേ ഹിക്കാനുമല്ലേ ന മ്മെ പഠിപ്പിച്ചത്. അപ്പോള്‍ അവര്‍ ക്കുവേണ്ടി കൊലവിളിനടത്തുന്നതും പ്രതിഷേധസമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും ശരിയാ ണോ?
ഇത്തരം കൃതികളില്‍ ഒന്നിലുംത ന്നെ കലാപരമായ ആശയപ്രകടനങ്ങളില്ല. ഒരു മഹാനെ വിലയിരുത്തേണ്ടത് അദ്ദേഹം സമൂഹത്തിന് എന്തുചെയ്തു എന്നു നോക്കിയാണ്. അല്ലാതെ ജീവിതത്തിലെ കുറവുകളെ ഊതിപെരുപ്പിച്ചു കാണിച്ചുകൊണ്ടല്ല. ആരുടെയും ദേശീയബോധം നഷ്ടപ്പെടുത്തി ഒന്നും ചെയ്യരുത്. മഹാത്മാക്കളെക്കുറിച്ച് മോശമായ കൃതികള്‍ രചിക്കുന്നതും രചയിതാക്കളെ കൊല്ലുവാന്‍ ശ്രമിക്കുന്നതും തുല്യമായ തെറ്റുകള്‍തന്നെയാണ്. മഹാത്മാക്കളെപ്പറ്റി മോശമായി എഴുതിയാല്‍ അവര്‍ മോശക്കാരോ, എഴുത്തുകാര്‍ മാന്യന്മാരോ ആകുന്നില്ല. ഇത് എല്ലാവരും ശരിയായി മനസ്സിലാക്കണം.
ഇത്തരം മോശമായ പരാമര്‍ശങ്ങള്‍ മഹാത്മാക്കളുടെ അനുയായികളുടെയും ആരാധകരുടെയും മനസ്സിനെ വ്രണപ്പെടുത്തുവാനേ ഇടയാകു. അതുപാടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ലോകരാഷ്ട്രങ്ങളെ ഒരു മൂന്നാം മഹായുദ്ധത്തിന്റെ വക്കോളമെത്തിക്കുന്ന പ്രകൃതവും ശരിയല്ല. ചുരുക്കിപ്പറഞ്ഞാല്‍ മതസൗഹാര്‍ദ്ദവും മാനവസ്‌നേഹവും തകര്‍ക്കുന്നതിനുവേണ്ടിയുള്ള തീപ്പൊരികളാണ് ഇത്തരം ബാലിശകൃതികള്‍. അവയെ അര്‍ഹിക്കുന്ന അവഗണനയോടെ നാം തള്ളിക്കളഞ്ഞേ പറ്റൂ. അല്ലെങ്കില്‍ ഈ തീപ്പൊരികള്‍ നിമിഷനേരംകൊണ്ട് ലോകത്തെയാകമാനം ഒരു പിടി ചാരമായി മാറ്റും.
ഇതുവരെ താങ്കള്‍ എഴുതിയിട്ടുള്ളതെല്ലാം അനുഭവങ്ങളില്‍ കൂടി മാത്രമായിരുന്നു അഥവാ അനുഭവങ്ങളില്‍ക്കൂടി മാത്രമേ ഒരാള്‍ക്ക് എഴുതുവാന്‍ സാധിക്കയുള്ളൂ എന്നു കരുതുന്നുണ്ടോ?
കുറച്ചെങ്കിലും അനുഭവങ്ങളില്ലാതെ ഒരാള്‍ക്ക് എഴുതുവാന്‍ സാധിക്കയില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. അനുഭവങ്ങളുമായി ബന്ധമില്ലാത്ത സങ്കല്‍പ്പങ്ങളുമില്ല,സങ്കല്‍പ്പമില്ലാത്ത ഒരനുഭവസ്മരണയുമില്ല; ഇതാണ് വാസ്തവം. ഇനി, അനുഭവങ്ങളില്ലാതെ ആരെങ്കിലും എഴുതുന്നുണ്ടെങ്കില്‍,എഴുതുവാന്‍ കഴിയുമെങ്കില്‍ അപ്രകാരം ചെയ്തു സമൂഹത്തെ ദ്രോഹിക്കരുതേ എന്നാണ് എന്റെ വിനീതമായ അഭ്യര്‍ത്ഥന. അനുഭവങ്ങളില്‍കൂടി മാത്രമേ താന്‍ എഴുതൂ എന്നു വാശിപിടിക്കുന്നതും ശരിയല്ല. കാരണം ഷേക്‌സ്പിയര്‍ എത്രയെത്ര നാടകങ്ങള്‍ എഴുതിയിരിക്കുന്നു. അവയിലെല്ലാം അനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ എത്ര വര്‍ഷം ജീവിച്ചിരിക്കണം.’
‘എഴുത്ത് വാസ്തവത്തില്‍ ഒരു സ്വയം രക്ഷപ്പെടലാണ്. മറ്റൊരാളിന്റെ സ്വാധീനമോ ഉരുക്കുമുഷ്ടിയോ ഉണ്ടാകാതിരിക്കാന്‍ എഴുത്തുകാരന്‍ കുറെ ഒഴിഞ്ഞുമാറി നില്‍ ക്കുന്നത് നല്ലതാണ്. എന്റെ ചില അനുഭവങ്ങള്‍ പറയാം. തെറ്റു ചെയ്യാതെ ശിക്ഷയനുഭവിക്കുന്ന ഒരു പാവം അ ച്ഛന്‍ നമ്പൂതിരി- അദ്ദേഹത്തിന്റെ നൊമ്പരങ്ങളും ദുരിതങ്ങളുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് ഞാന്‍ എഴുതിയ നോവലാണ് ‘നിഴല്‍പ്പാടുകള്‍’. ഒരു കഥാകാരന്‍ അവനോടുതന്നെ ദുഃഖിക്കണം. ദുഃഖം സ്വയം പറയുമ്പോള്‍ ഒരു സുഖമുണ്ട്. ലോകത്തോടു മുഴുവന്‍ പറയുമ്പോള്‍ ആ സുഖം പതിന്മടങ്ങായി വര്‍ദ്ധിക്കുന്നു. പ്രപഞ്ചത്തിന്റെ ഒരറ്റത്തുള്ള ദുഃഖങ്ങളും നൊമ്പരങ്ങളും മറ്റൊരറ്റത്ത് സത്യസന്ധമായി കൊണ്ടെത്തിക്കുകയാണ് ഒരു സാഹിത്യകാരന്റെ കടമ. വ്യക്തിപരമായ ദുഃഖം പ്രകടിപ്പിക്കുന്നതിലുപരി ലോകത്തിന്റെ നൊമ്പരങ്ങള്‍ പ്രകടിപ്പിക്കുക. ചെറിയ കാര്യങ്ങള്‍ ചെയ്ത് വലിയ സംതൃപ്തി കാണുവാന്‍ ശ്രമിക്കുക.’
എഴുത്തുകാര്‍ തമ്മിലുള്ള അസൂയയും സ്പര്‍ദ്ധയും വര്‍ദ്ധിക്കുവാന്‍ കാരണമെന്ത്? ഇത് പ്രോത്സാഹിപ്പിക്കാവുന്ന ഒരു സംഗതിയാണോ?
എഴുത്തുകാര്‍ തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിക്കുവാന്‍ ഒരു കാരണം അവാര്‍ഡുകളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവാര്‍ഡുകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ സാഹിത്യകാരന്മാരുടെ ഇടയില്‍ സ്പര്‍ദ്ധ കാണുമായിരുന്നില്ല എന്നുവേണം അനുമാനിക്കാന്‍. സാഹിത്യകാരന്മാര്‍ ഒരിക്കലും സ്വന്തം ദുഃഖങ്ങളെയും പരിദേവനങ്ങളെയും കുറിച്ചു മാത്രം പറഞ്ഞുകൊണ്ട് നടക്കരുത്. അര്‍ഹതയുള്ളവര്‍ക്ക് എന്തെങ്കിലും അംഗീകാരം ലഭിക്കും. അംഗീകാരത്തിനുവേണ്ടി മാത്രം ശ്രമിക്കുന്നത് നന്നല്ല. പിന്നെ അവാര്‍ഡ് പരിഗണനയിലും പല മാനദണ്ഡങ്ങളുമുണ്ടല്ലോ. പ്രായം, സ്വാധീനം മുതലായവയൊക്കെ അവാര്‍ഡിന്റെ വഴി തെളിയിക്കുന്നതായി ആക്ഷേപമുണ്ട്. കുറെകഴിഞ്ഞാല്‍ അവാര്‍ഡ് നിര്‍ണയത്തിലുള്ള പരിഗണനയ്ക്ക് മാനദണ്ഡമില്ലാതെയാകുമോ എന്നും എനിക്കുശങ്കയുണ്ട്. കൃതികളുടെ അംഗീകാരത്തെക്കാള്‍ സാഹിത്യകാരന്മാരെ ആദരിക്കുക എന്നതാണല്ലോ അവാര്‍ഡ്.
പുസ്തകപ്രസാധകന്മാര്‍ ഒരു സാഹിത്യകാരന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും കാരണമാകും എന്ന വിശ്വാസം ശരിയാണോ?
വളര്‍ച്ചയ്ക്ക് കാരണമായേക്കും .പക്ഷേ കഴിവുള്ള ഒരെഴുത്തുകാരനെ തളര്‍ത്താന്‍ ആര്‍ക്കും സാധിക്കയില്ല. ഒരു എഴുത്തുകാരന്റെ പുസ്തകം പ്രസിദ്ധീകരിച്ച് ആയിരങ്ങളുടെ കൈയിലെത്തിക്കുക എന്നത് നിസാരമായ ഒരു സംഗതിയല്ല. അങ്ങനെ ചിന്തിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു സാഹിത്യകാരനെ വളര്‍ത്താന്‍ പുസ്തകപ്രസാധകര്‍ക്ക് സാധിക്കും. ഇന്ന് മലയാളത്തിലെ പുസ്തകപ്രാസാധനരംഗത്തെ ഇത്രയും വിപുലമാക്കിയത് ഡി.സി.കിഴക്കേമുറിയാണ്. അക്കാര്യത്തില്‍ അദ്ദേഹം ഒരു അപാരപ്രതിഭതന്നെയാണ്. വെറുമൊരു ‘കാപ്പിക്ലബ്ബി’ന്റെ രൂപത്തില്‍ ആരംഭിച്ച ഒരു പ്രസ്ഥാനം പടര്‍ന്നു പന്തലിച്ച് ഇത്ര ബൃഹത്തായതിന്റെ മുഖ്യകാരണവും ഡി.സി തന്നെ. ഇക്കാര്യത്തില്‍ അതിനുള്ള എല്ലാ ബഹുമതികളും അദ്ദേഹത്തിനു തന്നെ.
സാഹിത്യരംഗത്തെ ക്ലിക്കുകളെക്കുറിച്ചും സാഹിത്യകാരന്മാരുടെ ഇടയിലുള്ള ഗ്രൂപ്പിസത്തെക്കുറിച്ചും എന്തു തോന്നുന്നു?
ഒരിക്കലും പ്രോത്സാഹിപ്പിക്കാവുന്ന കാര്യങ്ങളല്ല ഇത്തരം പ്രവണതകള്‍. പക്ഷെ ഇതൊക്കെ തടയുവാനന്‍ ആര്‍ക്ക് സാധിക്കും? സാഹിത്യകാരന്മാര്‍ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും ചര്‍ച്ചാസംവാദങ്ങളും ആവശ്യംതന്നെ. പക്ഷെ നാശോന്മുഖമായ ക്ലിക്കുകളും,ഗ്രൂപ്പിസവും സാഹിത്യത്തിന്റെ സൃഷ്ടിപരമായ ഭാവിയെ കളങ്കപ്പെടുത്തുക തന്നെ ചെയ്യും. പിന്നെ നാട്ടില്‍ വായിക്കുന്നവര്‍ വിമര്‍ശകരേക്കാള്‍ കൂടുതല്‍ ബുദ്ധിയുള്ളവവരാണ്. വിശ്വാസരാഹിത്യം, അങ്കലാപ്പ് ഇവയുടെ വ്യാപ്തി മറ്റു രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതലായി നമ്മുടെ നാട്ടിലുള്ളതു കൊണ്ടാകാം ധാരാളം എഴുത്തുകാര്‍ ഇന്നു വളര്‍ന്നു വരുന്നുണ്ട്. ഗ്രൂപ്പിസം ക്രിയേറ്റീവായാല്‍ അതൊരു പക്ഷെ ഗുണം ചെയ്‌തേക്കാം. പക്ഷെ ഇന്നുള്ള ഗ്രൂപ്പിസം അത്തരത്തിലുള്ളതല്ലല്ലോ?
താങ്കളുടെ പ്രധാന നോവലുകളിലെ ആശയങ്ങള്‍ ഒന്നു ചുരുക്കമായി പ്രതിപാദിക്കാമോ?
എഴുത്തച്ഛനെക്കുറിച്ചുള്ളതാണ് ഈയിടെ പുറത്തിറങ്ങിയ ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന നോവല്‍. അനുവാചകരുടെ ശ്രദ്ധ ഏറെ ആ കൃതിപിടിച്ചുപറ്റിക്കഴിഞ്ഞു. മറ്റു നോവലുകളില്‍ പലതും പ്രപഞ്ചവും ശാസ്ത്രവും മാനവദുഃഖങ്ങളുമായി അഭേദ്യമായി ബന്ധം പുലര്‍ത്തുന്നവയാണ്. ‘നിഴല്‍പ്പാടുകളി’ലെ പ്രധാന പ്രമേയം നീതിബോധത്തിന് സംഭവിക്കുന്ന മുറിവ് അഥവാ നന്മയ്ക്കു സംഭവിക്കുന്ന ദുരന്തമാണ ്. ആധുനിക ശാസ്ത്രം നമ്മുടെ സമൂഹത്തിലുണ്ടാക്കിയിട്ടുള്ള പല മാറ്റങ്ങളുടെയും മുഖമാണ് ‘എല്ലാം മായ്ക്കുന്ന കടലി’ല്‍ ഉള്ളത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സയന്‍സും ടെക്‌നോളജിയും പ്രാകൃതിക സമുദായത്തിലേക്കു കടന്നു വരുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥാവിശേഷം. ‘പുഴ മുതല്‍ പുഴവരെ’ ശാസ്ത്രം അഭ്യസിച്ച വ്യക്തിക്കുണ്ടാകുന്ന ദ്വന്ദാത്മകതയെ വിശദമാക്കുന്നു. സമുദായവുമായുണ്ടാകുന്ന പൊരുത്തക്കേടുകള്‍,മതവിശ്വാസങ്ങള്‍,മിത്തുകള്‍ ഇവയൊക്കെയും അയാളെ അസ്വസ്ഥനാക്കുന്നു.
ആധുനിക ശാസ്ത്രം നമുക്കു നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ പരിമിതിയും സാധ്യതയും തുറന്നു കാട്ടുന്ന നോവലാണ് ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’. ഒന്നുകില്‍ ആറ്റംബോംബുണ്ടാക്കാം അല്ലെങ്കില്‍ ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറാകാം. മൂന്നാംലോകമഹായുദ്ധത്തിന്റെ ഭീതി, എല്ലാ മതങ്ങളിലെയും നന്മ വൈകാരികമായ മുതല്‍ക്കൂട്ടായി നമുക്കു ലഭിച്ചാലേ ഒഴിവാക്കാന്‍ കഴിയൂ എന്നസത്യം ഈ നോവലിലൂടെ പുറത്തുവരുന്നു. ശാസ്ത്രജ്ഞന്മാര്‍ ഒരുമിച്ച് ഒരു വിപ്ലവമുണ്ടാക്കിയാല്‍പ്പോലും യുദ്ധം ഒഴിവാകില്ല. ശാസ്ത്രസാങ്കേതികകളെയും ഭൗതികവളര്‍ച്ചകളെയും മൊത്തത്തിലുള്ള വിപ്ലവത്തിന്റെ സാധ്യതകളെയും വിവരിക്കുന്നവയാണ് ‘മുന്‍പെ പറക്കുന്നപക്ഷികള്‍’ എന്ന നോവല്‍.
ശാസ്ത്രജ്ഞന്മാരുടെ വിപ്ലവം,വിജയസാധ്യത എ ന്നിവ ചൂണ്ടിക്കാണിക്കുന്നു ‘സ്പന്ദമാപിനികളേ നന്ദി’ യിലൂടെ. ഭൗകികതയുടെ വളര്‍ച്ചതന്നെയാണ് ‘ഇവി ടെ എല്ലാവര്‍ക്കും സുഖ’ത്തിലെ പ്രധാന പ്രമേയവും. ഹിംസയും അഹിംസയും തമ്മിലുള്ള അതിര്‍ത്തി അ ന്വേഷിക്കുന്ന നാലു പുസ്‌കങ്ങളാണ് അഗ്നി,ഒറ്റയടിപാതകള്‍,ബൃഹദാരണ്യകം, മരണശിക്ഷ എന്നിവ.
ഇന്നു സാഹിത്യരംഗത്തു നിലനില്‍ക്കുന്നുണ്ടെന്നു പറയപ്പെടുന്ന തെറ്റായ പ്രവണതകള്‍ നിര്‍മ്മാര്‍ ജ്ജനം ചെയ്യുവാന്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍….?
മറ്റു മേഖലകളിലുള്ളതു പോലെയുള്ള എല്ലാ മ്ലേഛതകളും ഇവിടെയുണ്ട്.സ്വയം നന്നാകുന്നതിലൂടെ അത് ഒട്ടൊക്കെ പരിഹരിക്കുവാന്‍ നമുക്കു കഴിയും. സൃഷ്ടിപരവും മറ്റുള്ളവര്‍ക്കു ഗുണം ചെയ്യുന്നതുമായ വിമര്‍ശനങ്ങള്‍ മാത്രം നടത്തുവാന്‍ നാം ശ്രമിക്കണം. മറ്റുളളവരെ ചെളിവാരിയെറിയുന്നതുമൂലം ലഭിക്കുന്ന പ്രശസ്തി കുപ്രസിദ്ധവും ആനന്ദം നൈമിഷികവും മൃഗീയവുമാണ്. ഹിംസാത്മക പ്രതിഭാസം വളരെക്കൂടുതലായി മലയാളസാഹിത്യത്തില്‍ നിലനില്‍ക്കുന്നുവെന്നത് ദുഃഖകരമായ ഒരു നഗ്നസത്യമാണുതാനും.
റവ.ഫാ. ജോര്‍ജ്ജ് മാത്യു പുതുപ്പള്ളി,ബൈബിള്‍ ഗവേഷണവിജയിയും ഫാമിലി കൗണ്‍സിലറും ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ റ്റി.വി. പ്രീച്ചറുമാണ്