സിൽവർ ലൈൻ സാമൂഹ്യാഘാതസർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച്

91
0

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. ഇതോടെ സർവേ നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല.

നേരത്തെ തങ്ങളുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിലര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ പുതിയ ഉത്തരവ്. കെ-റെയില്‍ സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഡി.പി.ആര്‍ തയ്യാറാക്കിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കണം എന്ന എന്ന സിംഗിള്‍ ബെഞ്ച് നിർദേശവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കിയിട്ടുണ്ട്. ഡി.പി.ആര്‍ സംബന്ധിച്ച് പ്രതിപക്ഷം അടക്കം കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇതും സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന കാര്യമാണ്.