സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്രാനുമതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം ജനങ്ങളെ കബളിപ്പിക്കാന്‍. – ജി.ദേവരാജന്‍.

129
0

കേരളത്തിന് സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയ്ക്കു കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

വിശദ പദ്ധതി രേഖ പൂര്‍ണ്ണമായും ഇതുവരെ തയാറായിട്ടില്ല. അലൈന്‍മെന്റിനു വേണ്ടുന്ന ഗ്രൌണ്ട് സര്‍വേ ഇതുവരെ നടത്തിയിട്ടില്ല. പാരിസ്ഥിതിക ആഘാത പഠനവും ഇപ്പോഴാണ് ആരംഭിച്ചത്. ഇതൊക്കെ പൂര്‍ത്തിയാകുന്നതിനു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്. സാധ്യതാ പഠനത്തിനു നല്‍കുന്ന അനുവാദം പദ്ധതിക്കുള്ള അനുവാദമല്ല. റെയില്‍വേയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും അനുവാദത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും കെ.റെയില്‍ അതോറിറ്റിയും കോടതിയില്‍ നല്‍കിയ രേഖകളില്‍ വ്യക്തതയില്ലെന്നു കോടതിയും അഭിപ്രായപ്പെട്ടിരിക്കുകയാണ്. കെ.റെയില്‍ എന്നെഴുതിയ കുറ്റികള്‍ പോലും നാട്ടാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. എന്നിട്ടും മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

കോടതിക്കും പൊതുസമൂഹത്തിനും പ്രതിപക്ഷത്തിനും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കും ബോധ്യപ്പെടാത്ത സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയെക്കുറിച്ച് പ്രചരണം നടത്താനായി പൗരപ്രമുഖരുടേതെന്ന പേരില്‍ യോഗങ്ങള്‍ വിളിക്കുന്നത്‌ നിയമസഭയെ അവഹേളിക്കുന്നതിനു തുല്യമാണ്. സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കാനായി കോടികള്‍ ചിലവിട്ട് നാടുനീളെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും അമ്പതു ലക്ഷം ലഘുലേഖകള്‍ തയ്യാറാക്കുന്നതും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഓഡിയോ-വീഡിയോ പ്രചാരണം നടത്തുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിത്യനിദാനച്ചി ലവിനു പോലും കടമെടുക്കുന്ന സര്‍ക്കാര്‍ ഇതിനായി നികുതിദായകരുടെ പണം ധൂര്‍ത്തടിക്കുകയാണെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.