സിപിഎമ്മില്‍ തിരുത്തല്‍ ശക്തിയില്ല വാഴ്ത്തുപാട്ടുകള്‍ പിണറായിയെ ഫാസിസ്റ്റാക്കിഃ കെ സുധാകരന്‍ എംപി

62
0

മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷണമൊത്ത ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടിയെയും അണികളെയും നിയന്ത്രിക്കേണ്ട പാര്‍ട്ടി സെക്രട്ടറി തന്നെയാണ് ഇപ്പോള്‍ പിണറായിയെ സ്തുതിക്കാന്‍ മുന്നില്‍നില്ക്കുന്നത്. മന്ത്രിമാര്‍ തമ്മില്‍ മത്സരിച്ചാണ് പുകഴ്ത്തുന്നത്. അപചയത്തിന്റെ അഗാധത്തിലേക്കു പതിച്ചിട്ടും തിരുത്തല്‍ശക്തിയില്ലാത്ത ദയനീയാവസ്ഥയിലാണ് സിപിഎം.

ഭരണാധികാരിയുടെ പൗരുഷത്തെ ഉയര്‍ത്തിപ്പിടിച്ചു നടത്തുന്ന പ്രകീര്‍ത്തനം ഫാസിസത്തിന്റെ ലക്ഷണങ്ങളിലൊന്നാണെന്ന് പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും ചിന്തകനുമായ ഉംബര്‍ട്ടോ എക്കോ ഫാസിസത്തെക്കുറിച്ച് നടത്തിയ നിര്‍വചനത്തില്‍ പറയുന്നു. തീയില്‍ കുരുത്ത കുതിര, കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകന്‍, മണ്ണില്‍ മുളച്ച സൂര്യന്‍, മലയാളിനാട്ടിന്‍ മന്നന്‍… കാരണഭൂതനും കപ്പിത്താനുശേഷം പുതിയ പദാവലികള്‍ പ്രവഹിക്കുകയാണ്.

ഭൗതികവാദത്തില്‍ മാത്രം വിശ്വസിക്കുന്ന സിപിഎമ്മിന്റെ മന്ത്രിയായ വി.എന്‍ വാസവന്‍ പിണറായിയെ വിശേഷിപ്പിച്ചത് കാലം കാത്തുവെച്ച കര്‍മയോഗിയെന്നും ദൈവത്തിന്റെ വരദാനം എന്നുമാണ്. എന്നാല്‍ കേരളം പൊട്ടിച്ചിരിച്ചത് പാര്‍ട്ടി സെക്രട്ടറിയുടെ വിശേഷണം കേട്ടാണ്. പിണറായി വിജയന്‍ സൂര്യനാണെന്നും അടുത്തു ചെന്നാല്‍ കരിഞ്ഞുപോകും എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പിണറായി വിജയനെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് തല്ലിച്ചതച്ചെങ്കിലും കരിച്ചുകളയാതിരുന്നതു ഭാഗ്യം.

സിപിഎമ്മിലെ വിഭാഗീയത കൊടികുത്തിനിന്ന കാലത്ത് വി എസ് അച്യുതാനന്ദന്റെ കട്ട്ഔട്ട് ഉയര്‍ന്നപ്പോള്‍ വ്യക്തിപൂജ പാര്‍ട്ടി രീതി അല്ലെന്നും ആരും പാര്‍ട്ടിക്ക് മുകളില്‍ അല്ലെന്നും പാര്‍ട്ടിയാണ് വലുതെന്നും ആരെയും അതിനുമുകളില്‍ പ്രതിഷ്ഠിക്കാന്‍ ആവില്ലെന്നുമൊക്കെയാണ് അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിശദീകരിച്ചത്. കണ്ണൂരില്‍ പി ജയരാജന്‍, പിജെ ആര്‍മി ഉണ്ടാക്കി വ്യക്തിയാരാധന നടത്തുന്നു എന്ന് പറഞ്ഞ് കണ്ണുരുട്ടിയ സിപിഎം നേതൃത്വം ഇപ്പോള്‍ പിണറായിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി വാലുംചുരുട്ടിയിരിക്കുന്നുവെന്നു സുധാകരന്‍ പരിഹസിച്ചു.

എതിരാളികളെ കൊന്നൊടുക്കുന്ന സിപിഎം എത്രയോ കാലമായി കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ തികഞ്ഞ ഫാസിസ്റ്റ് പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു. പിണറായിയുടെ കാലത്ത് പാര്‍ട്ടി നേതൃത്വം ജില്ലയിലെ തന്റെ സ്തുതിപാടകരിലേക്കു കേന്ദ്രീകരിച്ചതോടെ ഫാസിസം കേരളത്തിലാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.