സിപിഎം വഴിയമ്പലമായെന്ന് കെ സുധാകരന്‍ എംപി

201
0

ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി അധഃപതിച്ച സിപിഎം കൂറുമാറ്റക്കാരെയും അവസരവാദികളെയും ധൃതരാഷ്ട്രാലിംഗനം ചെയ്തു സ്വീകരിക്കുന്ന അവസ്ഥയിലേക്കു കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വെസ്റ്റ് കളക്ഷന്‍ സെന്ററായി എകെജി സെന്റര്‍ മാറുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. അച്ചടക്ക നടപടി നേരിട്ടവരല്ലാത്ത ഒരാളെപ്പോലും ഇതുവരെ സിപിഎമ്മിനു റാഞ്ചാന്‍ സാധിച്ചിട്ടില്ല.

പിണറായിയുടെ തോക്കുമുനിയില്‍ പാര്‍ട്ടിയെയും അണികളെയും നിര്‍ത്തിയിരിക്കുന്ന സിപിഎം, കോണ്‍ഗ്രസില്‍ അച്ചടക്കരാഹിത്യത്തിന് പുറത്താക്കപ്പെട്ടവരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നത് ആ പാര്‍ട്ടിയുടെ രാഷ്ട്രീയപാപ്പരത്തിന്റെ ആഴം വെളിവാക്കുന്നു. കോണ്‍ഗ്രസില്‍ ഏകാധിപത്യമെന്നു പറയുന്നവര്‍ പിണറായിയുടെ ഏകാധിപത്യത്തിലേക്കാണു പോകുന്നത് എന്നതാണ് തമാശ. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ പോലും അവിടെ മൂലയ്ക്കിരിക്കുകയാണ്.

സിപിഎമ്മില്‍ ഒരംഗമാകാന്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യവും മറ്റും പാര്‍ട്ടി ഭരണഘടന പ്രകാരം ആവശ്യമാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട ഒരാളെ സ്വീകരിച്ച് ഏതു പദവിയും നല്കുമ്പോള്‍ സിപിഎമ്മിന്റെ ഭരണഘടനയൊക്കെ കാശിക്കുപോകും. വിരുന്നുകാര്‍ അകത്തും വീട്ടുകാര്‍ പുറത്തും എന്നതാണ് സിപിഎമ്മിലെ അവസ്ഥയെന്ന് അണികള്‍ക്കു തോന്നിയാല്‍ അതിന് അവരെ കുറ്റംപറയാനാകില്ല.

എകെജി സെന്ററിലേക്ക് കടന്നു ചെന്ന അനില്‍കുമാര്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തോടൊപ്പം എകെജി സെന്ററിലേക്കു കടന്നുചെല്ലാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. അതില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ ജനസ്വാധീനവും മഹത്വവും വ്യക്തമാണ്.

42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹത്തിന് പത്ത് പ്രവര്‍ത്തകരുടെ പോലും പിന്തുണ ആര്‍ജിക്കാന്‍ സാധിച്ചില്ല എന്നത് അദ്ദേഹം പാര്‍ട്ടിയുടെ ബാധ്യതയാണെന്നു തെളിയിക്കുന്നതാണ്.

തുടര്‍ച്ചയായി ഭരണം ലഭിച്ചിട്ടുപോലും നാലാളെ കൂട്ടാന്‍ കൂറുമാറ്റത്തെയും ചാക്കിട്ടുപിടിത്തത്തെയും ആശ്രയമാക്കുന്ന സിപിഎമ്മിന്റെ ഗതികേട് ഭയാനകമാണ്. ഒരു പ്രലോഭനവും നല്കുന്നില്ല എന്ന പറഞ്ഞ അതേ നാവില്‍ തന്നെയാണ് കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടി വിട്ടു വരുന്നവര്‍ക്ക് മാന്യമായ സ്ഥാനവും പരിഗണനയും നല്കുമെന്നു പറഞ്ഞത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടുമെന്ന് ഇതോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

കെപിസിസിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് പാര്‍ട്ടി വിട്ടതെന്നു പറയുന്ന കോടിയേരി, ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഓഫീസ് ഉള്‍പ്പെടെ ബിജെപിക്ക് അടിയറവ് വച്ചാണ് സിപിഎം നേതാക്കള്‍ പാര്‍ട്ടി വിട്ടതെന്ന കാര്യം മറക്കരുത്.

സെമി കേഡര്‍ പാര്‍ട്ടി എന്താണെന്ന് ആറു മാസത്തിനുള്ളില്‍ ഞങ്ങള്‍ ബോധ്യപ്പെടുത്തി തരാം. പുതിയ സമീപനങ്ങളും പദ്ധതികളുമായി കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുകയാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ അസംതൃപ്തരെ കൂട്ടുപിടിച്ച് അതിനു തടയിടാന്‍ സിപിഎം ശ്രമിക്കുന്നതെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.