സാഹിത്യ അക്കാദമിയില്‍ മാഫിയാ ഭരണം

727
0

ബാബു കുഴിമറ്റം /പ്രതിഭാ രാജേഷ്

കഥയുടെ പൊതു ടത്തെ എങ്ങ യാണു താങ്കള്‍ നിര്‍വ്വ ചിക്കുന്നത്?
മഹാപ്രപഞ്ചത്തിന്റെ ഉല്പത്തി തന്നെ കഥയില്‍ നിന്നുമാ ‘ആദിയില്‍ വചനമാണുണ്ടായത്; അഥവാ ഓംകാരം’. കഥയാണു സര്‍വ്വതും. കഥത ന്നെയാണു സത്യവും. പദ്യരൂപമായതുകൊണ്ടു മാത്രം ഒന്നിനെ കവിതയെന്നു വിളിക്കുന്നത് വിവരക്കേടാണു; കഥയിലാണു കവിതയുള്ളത്. പാട്ടുപാടുന്നവനല്ലകവി.
കഥ മെനയുന്നവനാണു കവി.
പുതുകഥ ഭാവനയുടെ ശത്രുവാണ് എന്ന വാദത്തെ (ഏറ്റവും പുതിയ കഥ ന്യൂസ്‌റീലാണ് എന്ന ധാരണയെ) എങ്ങനെ നിരീക്ഷിക്കുന്നു.
പുതുകഥകളെ മാത്രം അങ്ങനെ അടച്ച് വിലയിരുത്തേണ്ടതില്ല. എനിക്ക് മറ്റുള്ളവരോട് ചിലത് പറയാതെ വയ്യ എന്നു തോന്നുമ്പോളാണ് എന്റെ കഥകളുണ്ടാവുന്നത്. കമ്മ്യൂണിക്കേഷന്‍ വളരെ പ്രധാ നമാണ്. എന്നാല്‍ അതു മാത്രമാ ണെന്നു വരുമ്പോളാണ് ഈ ‘ന്യൂസ്‌റീല്‍’ ഫീലിംഗ് ഉണ്ടാവു ന്നത്. ഭാവന പ്രസവിക്കുന്ന യാ ഥാര്‍ത്ഥ്യത്തിന്റെ സന്തതിയാണു ഓരോ മികച്ച കഥയും.
കഥയുടെ ഇഞ്ച് വണ്ണത്തെക്കാള്‍ കഥാകൃത്തിന്റെ വലിയ ആഘോഷങ്ങളെ, പുതിയ ലെജന്‍ഡ് നിര്‍മ്മാണത്തെക്കുറിച്ച് എന്ത് പറയുന്നു?
ഒറ്റ വാക്യത്തില്‍ മറുപടി പറയാം; ഇന്നിന്റെ ഏറ്റവും വലിയ സാഹിത്യ ജീര്‍ണ്ണിപ്പ് അതു തന്നെയാണ്. പത്രാധിപന്മാരും പ്രസാധകരും കച്ചവടബുദ്ധിയോടെ അതിനു കുടപിടിക്കുന്നു.
എഴുത്തുകാരന്റെ രാഷ്ട്രീയം ഭരണകക്ഷികളുടെ രാഷ്ട്രീയ ചുവടുമാറ്റത്തി നനുസരിച്ച് മാറ്റിപ്പണിയുന്ന ആരോഗ്യരഹിത രാഷ്ട്രീയമാണെന്നു ഞാന്‍ പറഞ്ഞാല്‍ അതിനെ എങ്ങനെ നേരിടും?
ഈ ആരോപണത്തെ നേരിടേണ്ടകാര്യം അല്ലെങ്കില്‍ പ്രതിരോധിക്കേണ്ട ആവശ്യം വ്യക്തിപരമായി എനിക്കില്ല. രാഷ്ട്രീയവും കക്ഷി രാഷ്ട്രീയവും രണ്ടാണു. എഴുത്തുകാരന്‍ കക്ഷിരാഷ്ട്രീയത്തിന്റെ ചട്ടുകമാവാന്‍ പാടില്ല. ആത്മീയ പ്രസ്ഥാനങ്ങള്‍ വരെ ഇന്ന് സര്‍വ്വതും അങ്ങനെയാണുതാനും. ആയത് വലിയൊരു ദുരന്തം തന്നെ.
നല്ല എഴുത്തുകാരനു വേണ്ടത് ചാവേറുകളുടെ മനസ്സാണ്; പണമോ പ്രതാപമോ പേരോ പ്രശസ് തിയോ അധികാരമോ തുടങ്ങി യാതൊന്നും തന്നെ ഇച്ഛിക്കാതെ ഉന്നമാക്കുന്ന ഉണ്‍മയ്ക്കുവേണ്ടി സ്വജീവന്‍ ഉള്‍പ്പെടെ സര്‍വ്വതും സമര്‍പ്പിക്കുവാ നുള്ള മനസ്സ്. വര്‍ത്തമാനത്തിനും ഭാവിയ്ക്കും പ്രയോജനപ്പെടുന്നത് അത്തരം എഴുത്തുകാരാണു. ബാക്കിയെല്ലാം വെറും പാഴുകള്‍ മാത്രം.
വരാനിരിക്കുന്ന നാളുകള്‍ ഏറെ ഇരുണ്ടതാണ്. മാനവരാശി ഇനി നേരിടാന്‍ പോകുന്നത് ജാതി രാഷ്ട്രീയം അല്ലെങ്കില്‍ വംശീയ രാഷ്ട്രീയം വളര്‍ത്തുന്ന വമ്പന്‍ വിപത്തുകളെയാണ്. ലോകമെമ്പാടും ആയതിനുവേണ്ടി ദുഷ്ടശക്തികള്‍ വലയൊരുക്കുന്നു. ഒരിറ്റ് വെളിച്ചമേകാന്‍ മനുഷ്യസ്‌നേഹിയായ എഴുത്തുകാരനും അവന്റെ തൂലികയ്ക്കുമേ സാധിക്കൂ. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ നമ്മുടെ എഴുത്തുകാരില്‍ നല്ലൊരു പങ്കും കൈ നനയാതെ മീന്‍ പിടിക്കുന്നവരാണ്. അവരുടെ പ്രകൃതി സ്‌നേഹവും മാനവീയ പൂജയും പുരോഗമനാശയ ങ്ങളുമൊക്കെ മാധ്യമക്കണ്ണുകളേയും ക്യാമറകളേയും ഉന്നമാക്കി കൊണ്ടു മാത്രമുള്ളതാണ്. ആരാധകരെ സൃഷ്ടിച്ച് അണികളാക്കി മുന്നേറുന്ന ഒരുതരം ‘അക്ഷരരാഷ്ട്രീയ’കളി.
നവമാധ്യമങ്ങള്‍ സര്‍ഗാത്മക ്രപവര്‍ത്തനങ്ങളുടെ ഗൗരവം നഷ്ടപ്പെടുത്തിയെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കുന്നു. ഇത് മുഖ്യധാരയുടെ ഗോസിപ്പായി മാത്രം ചിത്രീകരിക്കുന്ന നവമാധ്യമ പ്രവര്‍ത്തകര്‍ അതിന്റെ അമിതസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നുമുണ്ട്. നവമാധ്യമസംസ്‌കാരത്തെക്കുറിച്ച് ബാബുകുഴിമറ്റം എന്ന എഴുത്തുകാരന് എന്താണു പറയാനുള്ളത് ?
നവമാധ്യമങ്ങള്‍ എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത് ഫെയിസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍മീഡിയകളെ മാത്രമാണെങ്കില്‍ ഞാന്‍ ശക്തമായി വിയോജിക്കുന്നു. ഈ ആരോപണത്തിനു പിന്നില്‍ മുഖ്യധാരക്കാര്‍ എന്ന് സ്വയം അഭിമാനിക്കുന്ന ചില അച്ചടി-ദൃശ്യമാധ്യമങ്ങളുടെ ഭയം തന്നെയാണു. സത്യത്തില്‍ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുടെ ഗൗരവം നഷ്ടപ്പെടുത്തിയതും എഴുത്തുകാരേയും എഴുത്തിനേയും കോമാളിയാക്കിയതും അവര്‍ തന്നെയാണു. ആയതിനു പിന്നില്‍ ലോക മുതലാളിത്തത്തിന്റെ കരുനീക്കങ്ങള്‍ ഉണ്ടുതാനും. അധികാരവും മുതലാളിത്തവും അക്ഷരത്തെയാണ് ഏറ്റവുമധികം ഭയപ്പെടുന്നത്. ഫെയിസ് ബുക്കും മറ്റും സമൂഹത്തിന്റെ ഒരു പരിഛേദമാണ്. പൊതുജനജിഹ്വയാണത്. അവിടെ എല്ലാമുണ്ട് ശക്തിയും ദൗര്‍ബല്യവുണ്ട്. നാണയത്തിന്റെ ഇരുവശങ്ങള്‍. ആയതല്ലാതെ ഈ പാപകര്‍മ്മം അതിന്റെ തലയില്‍മാത്രം വെച്ചു കെട്ടേണ്ടതില്ല.
ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകളില്‍ ‘എഡിറ്റര്‍’ മാത്രമാണുള്ളത്. മലയാളത്തിലാണ് പത്രാധിപരുടെ ആധിപത്യമുള്ളത് ഇവിടെ പ്രസാധകരും പത്രാധിപന്മാരും ഫാസിസ്റ്റുകളായി മാറുന്നു. അവരുടെ താല്പര്യങ്ങള്‍ മാത്രമാണു സംരക്ഷിക്കപ്പെടുന്നത്. എഴുത്തുകാരനോ വായനക്കാരനോ ഇവിടെ വലിയ പരിഗണനകളില്ല. അവരൊക്കെ ആട്ടിത്തെളിക്കപ്പെടുന്ന അറവ് മാടുകള്‍ മാത്രം.
മേല്പടി മഹാപാപത്തിനു കാലമേകുന്ന സ്വാഭാവിക തിരിച്ചടിയാണു സോഷ്യല്‍ മീഡിയകള്‍. അവിടെ ഏത് കൊടികെട്ടിയവനും മിനിട്ടുകള്‍ക്കുള്ളില്‍ വിചാരണ ചെയ്യപ്പെടുന്നു. ആത്മവിശ്വാസമില്ലാത്തവനും ഭീരുവിനും സര്‍വ്വോപരി പ്രതിപക്ഷ ബഹുമാനമില്ലാത്തവനും ആ വേദിയില്‍ നിലനില്ക്കാനാവില്ല. അതിനെ തള്ളിപ്പറയുക എന്ന രണ്ടുംകെട്ട തന്ത്രമേ അവനു കരണീയമായുള്ളൂ.
കേരളത്തിലെ എഴുത്തുകാര്‍ക്ക് ഫാസിസത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ (ഇതുവരെ) കഴിഞ്ഞിട്ടുണ്ടോ?
ഭാഗ്യവശാല്‍ കേരളത്തിലെ എഴുത്തുകാരന് ഫാസിസത്തിന്റെ വിശ്വരൂപത്തെ അനുഭവിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലായെന്നതാണു യാഥാര്‍ത്ഥ്യം. എങ്കില്‍ത്തന്നേയും കേരളത്തില്‍ നട്ടെല്ലുള്ള എഴുത്തുകാര്‍ മുളയില്‍ത്തന്നെ നുള്ളപ്പെടുകയാണു തമസ്‌കരിക്കപ്പെടുകയോ പാര്‍ശ്വവത്കരിക്കപ്പെടുകയോ ചെയ്യുകയാണ്. ഇവിടെ ഇന്ന് അരങ്ങ് വാഴുന്നവരധികവും അവസരവാദികളായ വാലാട്ടിപ്പട്ടികളും തന്ത്രശാലികളുമാണ്. സാക്ഷാല്‍
ഹിറ്റ്‌ലര്‍ വന്നു നേരിട്ടു ഭരിച്ചാലൂം അവര്‍ ആസ്ഥാനകവികളായി പ്രശോഭിച്ചുകൊണ്ടേയിരിക്കും.

പത്രാധിപന്മാര്‍ ദൈവങ്ങളും എഴുത്തുകാരന്‍ അവരുടെ അടിമയുമായി മാറിയ പുതിയ കാലഘട്ടത്തിലെ സാഹിത്യ ദുഷ്പ്രവണതകളെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?
അങ്ങയുടെ മേല്‍ ചോദ്യങ്ങളില്‍ പലതിനും ഞാന്‍ തന്ന മറുപടികളില്‍ ഇതിനുള്ള ഉത്തരവും കൂടിയുണ്ട്. ഞാന്‍ നിരന്തരം ശ്രദ്ധിക്കുന്ന ഒരു കാര്യമാണിത്. ഈ വാണിജ്യ ലോകത്ത് ഇതിനുള്ള പരിഹാരമാര്‍ഗ്ഗം എം. ഗോവിന്ദന്‍ തെളിച്ചു തന്ന സമാന്തര പ്രസ്ഥാനങ്ങള്‍ മാത്രമാണ്. ലിറ്റില്‍ മാഗസിന്‍ സംസ്‌കാരം പോലും വ്യഭിചരിക്കപ്പെടുന്ന വര്‍ത്തമാനം ഇടയ്ക്കിടെ ആ ഗുരുനാഥനെ ധ്യാനിയ്‌ക്കേണ്ടതുണ്ട്.

കേരളത്തിലെ അവാര്‍ഡ് സിസ്റ്റത്തെ അന്യഭാഷാ എഴുത്തുകാര്‍ പുച്ഛത്തോടെയാണ് വീക്ഷിക്കുന്നത്. ഇവിടുത്തെ അവാര്‍ഡ് സംസ്‌കാരം വിശ്വാസ്യാതയി ല്ലാത്ത ഒന്നാണെന്ന പരിഹാസത്തെ എങ്ങനെയാണു സമീപിക്കുന്നത് ?
നല്ല എഴുത്തുകാര്‍ വളരുന്നത് പുരസ്‌കാരങ്ങളിലൂ െയല്ല; തിരസ്‌കാര ങ്ങളിലൂടെയാണ്. ഏതൊരവര്‍ഡും അത് കൊടുക്കുന്നവനും വാങ്ങുന്നവനും തമ്മിലുള്ള ഇഴയടുപ്പത്തെക്കൂടി സാക്ഷ്യപ്പെടുത്തുന്നു. മഹാത്മാഗാന്ധിയ്ക്ക് നോബല്‍പ്രൈസ് പടിവാതിലി ലേക്കെത്തിച്ചു ഉടയ്ക്കപ്പെട്ടത് നോബല്‍ കമ്മിറ്റി മേധാവിയുടെ വംശീയ വിരോധം ഒന്നു മാത്രം കൊണ്ടായിരുന്നു.
സ്വകാര്യസംഘടനകളും വ്യക്തികളുമൊക്കെ ഇന്ന് മുക്കിനു മുക്കിനു നല്കികൊണ്ടിരിക്കുന്ന അവാര്‍ഡുകളും ആദരങ്ങളും ഒരു ചര്‍ച്ചാവിഷയമക്കേണ്ടതില്ല. അത്തരം സംരംഭങ്ങള്‍ ചെയ്യുന്ന വലിയൊരു നന്മ മുന്‍കാലങ്ങളില്‍ ‘സവര്‍ണ്ണ’മണ്ഡലങ്ങളില്‍ മാത്രം വ്യാപരിച്ചിരുന്ന അവാര്‍ഡുകളെ ജനകീയമാക്കാനും ‘പുരസ്‌കാരകുത്തക’കളെ പൊളിച്ചടുക്കുവാനും അവാര്‍ഡുകളെപ്പറ്റി ജനമനസ്സുകളില്‍ വേരോടിയിരുന്ന തെറ്റായ ഗൗരവചിന്തയെ പിഴുതെറിയുവാനും സാധിച്ചുവെന്നതാണ്.
എന്നാല്‍ ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി സര്‍ക്കാര്‍ ഏര്‍പ്പാടാക്കുന്ന അവാര്‍ഡുകളെ നമുക്ക് അങ്ങനെ നിസ്സാരവത്കരിക്കാന്‍ ആവില്ല. ഇക്കാര്യത്തില്‍ മുഖ്യമായും വിചാരണയ്ക്ക് വിധേയമാക്ക പ്പെടേണ്ടത് സാഹിത്യ അക്കാദമി യെത്തന്നെയാണ്. ആ പ്രസ്ഥാനം പലപ്പോഴും ആട്ടിന്‍തോലണിഞ്ഞ ഒരു മാഫിയാ ഗ്രൂപ്പിന്റെ കൈപ്പിടിയിലായിരുന്നു. ഇത് അധികവും സംഭവിക്കുന്നത് യു.ഡി.എഫ്. ഭരണകാലങ്ങളിലാണ്; എല്‍.ഡി.എഫ് അക്കാദമികള്‍ കര്‍ശനമായ കക്ഷിരാഷ്ട്രീയം പാലിക്കുമ്പോളും ‘എത്തിക്‌സ്’ പാടെ കൈവെടിയുന്നില്ല. വൈശാഖനെപ്പോലുള്ള ഉന്നതരായ എഴുത്തുകാര്‍ക്ക് മറിച്ചു പ്രവര്‍ ത്തിക്കുവാന്‍ സാധിക്കുകയുമില്ല. കോണ്‍ഗ്രസ്സുകാര്‍ക്ക് വ്യക്തമായ സാംസ്‌കാരിക നയമില്ല.
ഇക്കഴിഞ്ഞ യു.ഡി.എഫ്. ഭരണക്കാലത്തും വ്യാജന്മാര്‍ അക്കാദമിയെ ഹൈജാക്ക് ചെയ്തു. വൈസ്‌ചെയര്‍മാന്‍ സ്ഥാനത്തി രുന്ന ബാലചന്ദ്രന്‍ വടക്കേടത്തിനെപ്പോലും പുകച്ചു പുറത്ത് ചാടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒപ്പം മറ്റ് പല യു.ഡി.എഫ്. അനുഭാവികളേയും. അവാര്‍ഡുകളുടെ കാര്യത്തില്‍ തികച്ചും ചട്ടവിരുദ്ധമായ അഴിമതി തന്നെയാണ് അവിടെ നടന്നത്. ആയതിന് ഒരു ഉദാഹരണം പറയാം. മുന്‍ സി.പി.ഐ.ക്കാരനും, ഒരു ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് ലീഡറും, ബിസ്സിനസ്സുകാരനുമായ ഒരു പണക്കാരന്‍ എങ്ങനെയോ പടച്ചുണ്ടാക്കിയ ‘വിമര്‍ശ’ലേഖന സമാഹരത്തിന് ‘ഹാസസാഹിത്യ’ വിഭാഗത്തിനുള്ള അവാര്‍ഡ് നല്കി. കോടതിയില്‍പ്പോലും ചോദ്യം ചെയ്യപ്പെടാവുന്ന വലിയൊരു തെറ്റ്.
യു.ഡി.എഫ്. ഭരണകാലത്ത് അക്കാദമിയെ അടക്കി വാണത് വ്യാജ ഇടത്പക്ഷ ലോബിതന്നെയായിരുന്നു. കവിതയ്ക്കും കഥയ്ക്കുമൊക്കെ വിധികര്‍ത്താക്കളായി വിളിക്കപ്പെട്ടത്. നിലംപേരൂര്‍ മധുസൂദനന്‍ നായര്‍ മുതല്‍ കെ.എസ്. രവികുമാര്‍ വരെയുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഔദ്യോഗികാംഗങ്ങളും മറ്റുമൊക്കെയാണു. ഈ വഴികളിലൂടെ ത്തന്നെയാണു ഇടത്പക്ഷസഹയാത്രികനായി അഭിനയിക്കുന്ന കുരീപ്പുഴ ശ്രീകുമാര്‍ കവിതാപുരസ്‌കാരം നേടിയതും.
ആയത് വലിയൊരു വിരോധാഭാസം തന്നെയാണ്. കാരണം മുമ്പൊരിക്കല്‍ കവിതയ്ക്കുള്ള അക്കാദമിയുടെ എന്‍ഡോവ്‌മെനറന്റ് പുരസ്‌കാരത്തെ രണ്ടാംനിര അവാര്‍ഡെന്ന ചിന്തയാല്‍ തിരസ്‌കരിച്ച് വലിയ വാര്‍ത്തയുണ്ടാക്കി യവനാണദ്ദേഹം.അന്നുപക്ഷെ കുരീപ്പുഴ വളരെ വിദഗ്ദമായി അതിനു കാരണം പറഞ്ഞത് ശ്രീപത്മനാഭപുരസ്‌കാരം ദൈവത്തിന്റെ പേരിലുള്ളതായതിനാല്‍ താന്‍ നിരാകരിക്കുന്നു വെന്നാണ്. എന്നാല്‍ 1957-ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഭൗതികവാദിയും ഇടത്പക്ഷ ആചാര്യനുമായ സാക്ഷാല്‍ ഇ.എം.എസ്. ആണ് തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നും ആ അവാര്‍ഡ് ഏറ്റുവാങ്ങി അക്കാദമിയെ ഏല്പിച്ചത്. അന്ന് ശൈശവാവസ്ഥയിലായിരുന്ന അക്കാദമിയെ സഹായിക്കുവാനാണു രാജകുടുംബം അത് ചെയ്തതും. ഏറെക്കാലം അക്കാദമിയെ നയിച്ച പ്രശസ്ത യുക്തിവാദിയും ഇടതുപക്ഷക്കരാനുമായ പവനന്‍ തന്നെയാണ് ഏറെ ആദരപൂര്‍വ്വം ആ അവാര്‍ഡ് വിതരണം ചെയ്തിരുന്നതും.
കുരീപ്പുഴയുടെ അവാര്‍ഡ് നിഷേധം അക്കാലത്ത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയപ്പോള്‍ ‘ദൈവത്തിന്റെ പേരില്‍ അവാര്‍ഡ് നല്കുന്ന അക്കാദമി’യോടുള്ള നിസ്സഹകരണം ഉറച്ച നിലപാടാക്കി മാറ്റിയ കുരീപ്പുഴ തൊട്ടടുത്തു വന്ന എല്‍.ഡി. എഫ്.ഭരണകാലത്തെ അക്കാദമി ഭരണസമിതിയില്‍ കടന്നു കൂടുകയും സഖാവ് ഇ.എം.എസ്സ്‌നെപ്പോലും ചെറുതാക്കി ആ അവാര്‍ഡ് അക്കാദമിയെക്കൊണ്ടു പുറത്തെറിയിക്കുകയും ചെയ്തു.
തുടര്‍ന്നുവന്ന യു.ഡി.എഫ്. സര്‍ക്കാര്‍ രാജകുടുംബ ത്തിന്റെ അപേക്ഷ പ്രകാരം ആ അവാര്‍ഡ് ഏറ്റെടുക്കു വാന്‍ അക്കാദമിയെ സന്നദ്ധമാക്കി. വീണ്ടും ശ്രീപത്മ നാഭനെ ഏറ്റെടുത്ത അക്കാദമി എന്‍ഡോവ്‌മെന്റിനു പകരം മെയിന്‍ അവാര്‍ഡു തന്നെ നല്കിയപ്പോള്‍ പ്രഖ്യാപിത നയങ്ങളെ കാറ്റീല്‍ പറത്തി, കുരീപ്പുഴ രണ്ടു കയ്യുംനീട്ടി അത് വാങ്ങുകയും ചെയ്തു.
പിന്നാമ്പുറകഥകള്‍ ഒട്ടേറേയുണ്ട്. അന്യഭാഷാ എഴുത്തുകാര്‍ മാത്രമല്ല; ഇത്തരം നാണംകെട്ട കളികളൊക്കെ കണ്ടു മനസ്സിലാക്കു ന്നവരില്‍ ആരാണു സുഹൃത്തെ നമ്മുടെ അവാര്‍ഡ് സംസ്‌കാരത്തെ പുച്ഛിക്കാതിരിക്കുക?

സാഹിത്യത്തിലെ ‘കംപാര്‍ട്ടു മെന്റലിസം’ (പെണ്ണെഴുത്ത്, ദളിതെഴുത്ത്, ട്രാന്‍സ്ജന്‍ഡേഴ്‌സ് ലിറ്ററേച്ചര്‍ തുടങ്ങിയവ) സാഹിത്യത്തിനു ദോഷം ചെയ്യുമെന്നു തോന്നുന്നില്ലെ ?
ഇത്തരം കംപാര്‍ട്ട്‌മെന്റലിസം വിഷയത്തിന്റെ ഗൗരവസ്വഭാവത്തെ ചോര്‍ത്തുന്ന മുന്‍വിധിയുണ്ടാ ക്കുമെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. അതിന്റെ വക്താക്കളുടെ ലക്ഷ്യം മറ്റെന്തൊക്കെയോ ആണെന്ന് ചിന്തിക്കേണ്ടിവരുന്നു. അവരില്‍ അധികം പേരും സ്യൂഡോ ബുദ്ധിജീവിക ളാണ്. എല്ലാക്കാലത്തും ഓരോവിധ വിഷയങ്ങള്‍ പറഞ്ഞ് ഇത്തരക്കാര്‍ നമുക്കിടയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുഖ്യധാരയില്‍ ഇടം നേടാനുള്ള കരുത്തില്ലായ്മയാല്‍ ഇത്തരം രചനകള്‍ക്ക് പ്രത്യേകശ്രദ്ധ നേടാനുള്ള ഒരുതരം കുത്സിതബുദ്ധിയായെ ഇതിനെ പരിഗണിക്കേണ്ടതുള്ളൂ. നല്ല രചനകള്‍ ഏതെങ്കിലും ഒരു കംപാര്‍ട്ട്‌മെന്റില്‍ ഒതുക്ക പ്പെടേണ്ടതല്ല. ഒരു പക്ഷെ ചില കാര്യങ്ങള്‍ ആഴത്തില്‍ ബോദ്ധ്യപ്പെടുത്തേണ്ടതിനു സാഹിത്യ നിരൂപകര്‍ ചിലപ്പോള്‍ ചില വേര്‍തിരിക്കലുകള്‍ നടത്തി പഠന സൗകര്യത്തിനായി പലവിധ ലേബലുകള്‍ ഒട്ടിച്ചുവെന്നു വരാം. എങ്കിലും ആയതൊന്നും അനുവാചകന്റെ പ്രശ്‌നങ്ങളല്ലാതാനും; എഴുത്തുകാരന്റേതുമല്ല.

പുതിയ എഴുത്തുകാരന്‍ ചരിത്ര പരമായി ദരിദ്രനാണെന്ന നിരീക്ഷണത്തെ എങ്ങനെ സ്വീകരിക്കുന്നു.
ഇക്കാര്യത്തിലും ഒരു അടച്ചാക്ഷേപിക്കല്‍ നന്നല്ല: ‘കരിക്കോട്ടക്കരി’ എഴുതിയ വിനോയി തോമസിനെപ്പോലുള്ള എഴുത്തുകാര്‍ അപൂര്‍വ്വമായെങ്കിലും പുതുമുറക്കാരില്‍ ഉണ്ട്. ന്യൂജന്മാരെ പാടെ തള്ളിപ്പറയുകയെന്നത് പഴവന്മാരുടെ ഒരു വികട സ്വഭാവമാണു. ലക്ഷണമൊത്ത രചനകള്‍ എല്ലാ കാലത്തും അപൂര്‍വ്വതകളാണ്. എന്നെപ്പോലൊരാള്‍ ചരിത്രകാര്യങ്ങളില്‍ സന്ദേഹിതന്നെയാണ്. എഴുതപ്പെട്ട ചരിത്രങ്ങളധികവും സ്ഥാപിത താല്പര്യങ്ങളൊടെ ഭാവന കലര്‍ത്തി വളച്ചൊടിക്കപ്പെട്ടവയാണെന്നു ഞാന്‍ സംശയിക്കുന്നു.

എഴുത്തില്‍ ഇപ്പോള്‍ താങ്കള്‍ പ്രകടമാക്കുന്ന നിശബ്ദ ഇടവേളകളും എഴുപതുകളുടെ അരാജക ജീവിതവും തമ്മില്‍ എപ്പോഴെങ്കിലും സംഘര്‍ഷത്തില്‍പ്പെടാറുണ്ടോ ?
എഴുപതുകളിലെ എന്റെ ജീവിതം അരാജകവാദി യുടെ ജീവിതമായിരുന്നുവോ എന്നു എനിക്കറിയില്ല. അക്കാലത്തെപ്പോലെ അലഞ്ഞുതിരിഞ്ഞു നടക്കു വാന്‍ ഇപ്പോള്‍ എനിക്ക് സാധിക്കുന്നില്ലായെന്നത് സത്യം തന്നെയാണ്. എന്നാല്‍ ശരീരം കൊണ്ടുള്ള അലച്ചില്‍ മാത്രമാണു നിലച്ചുപോയത്. മനസ്സുകൊണ്ട് ഞാന്‍ ഇപ്പോഴും അലഞ്ഞു തിരിഞ്ഞ് അന്വേഷണയാത്ര തുടരുകയാണു. പണ്ടേ തന്നെ ഞാന്‍ അധികമൊന്നും വാരിവലിച്ച് എഴുതുന്ന ആളായിരുന്നില്ല. എഴുത്തിനെ റബ്ബര്‍കൃഷിയാക്കാ നോ ഉപജീവന മാര്‍ഗ്ഗമാക്കി വാണിജ്യവത്കരിക്കാനോ ഒരിക്കലും എന്റെ മനസ്സ് അനുവദിക്കില്ല. മറ്റാരും പറയാതെ വിടുന്ന കാര്യങ്ങള്‍ പറയുവാനാണ് എക്കാലത്തും എനിക്ക് താല്പര്യം അല്ലാത്തപ്പോള്‍ ഞാന്‍ മറ്റുള്ളവരെ കേള്‍ക്കുവാനാ ണിഷ്ടപ്പെടുന്നത്. ആയതും ഒരു സര്‍ഗ്ഗക്രിയയാണ്. അത്തരം ക്രിയാത്മക കാലത്തെയാണു ഒരു പക്ഷെ താങ്കളെ പ്പോലുള്ളവര്‍ എന്റെ മൗനകാലമെന്നോ ഇടവേളകളെന്നോ ഒക്കെ തെറ്റിദ്ധരിക്കുന്നത്. ഞാന്‍ മാത്രമല്ല പല എഴുത്തുകാരുടേയും മൗനവും ഇടവേളകളും സര്‍ഗ്ഗാത്മകം തന്നെയാണെന്നതിന് ഏറ്റവും വലിയൊരു തെളിവാണു എഴുപതുകളുടെ ബുദ്ധിജീവി കേന്ദ്രങ്ങളിലൊന്നായിരുന്ന ജോസ് ടി തോമസിന്റെ ‘ഭാവിവിചാരം’ എന്ന ഗ്രന്ഥം. ഒരു പക്ഷെ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കൈരളിക്കു ലഭിച്ച ഏറ്റവും മികച്ച അക്ഷര സംഭാവന. ഇരുപത് വര്‍ഷത്തെ മൗനത്തെയാണു ജോസ് ടി മുറിച്ചു മാറ്റിയത്. എഴുത്തിന്റെ നാല്പത് വര്‍ഷം പിന്നിട്ടിട്ടും എന്നില്‍ നിന്നും എട്ടോ പത്തോ പുസ്തകങ്ങളേ പുറത്തുവന്നിട്ടുള്ളൂ. രണ്ടും മൂന്നും വര്‍ഷത്തിനിടയിലാണു പലപ്പോഴും എന്നില്‍ നിന്നും ഒരു കഥ വായനക്കാരനു ലഭിക്കുന്നത്. ചിലപ്പോള്‍ കൂടുതലായി ഉണ്ടാവാറുമുണ്ട്. കഥകളെ ഞാന്‍ ഉണ്ടാക്കിയെടുക്കുകയല്ല; എന്റെ കഥകള്‍ എന്നില്‍ നിന്നു തനിയെ ഉരുവം കൊള്ളുകയാണ്. ഇടിമുഴക്കകാലത്ത് കൂണുകള്‍ മുളയ്ക്കുംപോലെ. സമീപ കാലത്ത് നാലഞ്ച് കഥകള്‍ ഉണ്ടായി. ‘സത്ര ജീവിതം, മിഖായേലിന്റെ കുരിശ്, ‘ഇനിയും മായാത്ത വര്‍ണ്ണങ്ങള്‍’, ‘പച്ചക്കറികള്‍ക്കും ചിലത് പറയുവാനുണ്ട്. തുടങ്ങിയ കഥകള്‍. ഇപ്പോള്‍ വളരെ വലിയൊരു രചനയുടെ പണിപ്പുരയിലുമാണ്. ഒരു പക്ഷെ അതായിരിക്കും എന്റെ അവസാനകൃതിയും. എഴുതണമെങ്കില്‍ എന്നെ ഞെട്ടിക്കുന്ന, പ്രകോപിക്കുന്ന – ഇടിമുഴക്കങ്ങള്‍ ഉണ്ടാവണമെന്നു മാത്രം.

വീണ്ടും കഥയിലേക്കു സജീവമായി മടങ്ങിയെത്തുമോ ?
ഞാന്‍ കഥയെ വിട്ട് എങ്ങോട്ടും പോയിട്ടില്ല. പിന്നെന്തിനാണു ഒരു മടക്കയാത്ര ?
താങ്കള്‍ എഴുത്തില്‍ സംതൃപ്തനാണോ ?
‘തൃപ്തനാണ് ‘ ‘സംതൃപ്ത’നായാല്‍ എന്റെ എഴുത്ത് ജീവിതം അതോടെ അവസാനിക്കും.