2021 | ഡിസംബർ 6 | തിങ്കൾ |ⓢ 1197 | വൃശ്ചികം 21 | പൂരാടം |
🔳രാജ്യത്ത് വാക്സിനേഷന് അര്‍ഹരായവരില്‍ അന്‍പത് ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും നല്‍കാനായത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടം തുടരാന്‍ ഈ ശക്തി നിലനിര്‍ത്തേണ്ടത് മുഖ്യമാണെന്നും കോവിഡ് നിബന്ധനകള്‍ വീഴ്ചകൂടാതെ പിന്തുടരേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
🔳ഒമിക്രോണ്‍ വകഭേദം അപകടകരമല്ലെന്ന് അമേരിക്കന്‍ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി. ആശങ്കയുടെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയില്‍ അതിവേഗം വ്യാപിക്കുകയാണെങ്കിലും ആശുപത്രിയിലെ നിരക്ക് ഭയാനകമാംവിധം വര്‍ദ്ധിച്ചിട്ടില്ലെന്നും ഇതുവരെ, ഇതിന് വലിയ തീവ്രതയുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
🔳മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വിമാനമാര്‍ഗം കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ വേണ്ടെന്ന് കേന്ദ്രം. രണ്ടു ഡോസ് കോവിഡ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. വാക്സിന്‍ എടുക്കാത്തവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രക്കാര്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇ പാസ് നേടിയിരിക്കണം.
🔳രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം തൊഴില്‍ രീതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയമപരമായ ചട്ടക്കൂട് തയ്യാറാക്കുന്നു. ജീവനക്കാരുടെ തൊഴില്‍ സമയം നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയില്‍ ജീവനക്കാര്‍ക്ക് വരുന്ന ചെലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാക്കും. കോവിഡ് അവസാനിച്ചാലും വര്‍ക്ക് ഫ്രം ഹോം രീതി തുടര്‍ന്നേക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന്റെ നീക്കം.
🔳രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാര്‍ഷികപ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
🔳സൈന്യത്തിന്റെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ സ്വമേധയ കേസെടുത്ത് നാഗാലാന്റ് പൊലീസ്. സൈന്യത്തിന്റെ ഇരുപത്തിയൊന്നാം സെപ്ഷ്യല്‍ പാരാ ഫോഴ്സിലെ സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു.
🔳പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി നാഗാലാന്റ് വെടിവെപ്പ്. ജനങ്ങളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ നീക്കം. രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്സഭയില്‍ വിഷയം ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തുമെന്ന് സ്പീക്കര്‍ ഓംബിര്‍ള അറിയിച്ചു. സ്വന്തം പൗരന്മാരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ചര്‍ച്ച വേണമെന്നും അതിന് ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞ ശേഷം മറ്റ് നടപടികള്‍ മതിയെന്നും പ്രതിപക്ഷം നിലപാടെടുത്തതോടെ ലോക്സഭ ബഹളത്തില്‍ മുങ്ങി.
🔳സന്‍സദ് ടിവി അവതാരക സ്ഥാനത്ത് നിന്ന് ശശി തരൂര്‍ എം.പി പിന്മാറി. 12 രാജ്യസഭ എംപി മാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സന്‍സദ് ടിവിയിലെ ടു ദി പോയിന്റ് എന്ന അഭിമുഖ പരിപാടിയുടെ അവതാരകനായിരുന്നു ശശി തരൂര്‍. പാര്‍ലെമന്റിന്റെ ഐക്യവും, ജനാധിപത്യ മൂല്യങ്ങളും മാനിച്ചാണ് ഈ പരിപാടികളുടെ ഭാഗമാവാന്‍ തീരുമാനിച്ചത്. എന്നാല്‍ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും പിന്മാറ്റം അറിയിച്ചു കൊണ്ടുള്ള പ്രസ്ഥാവനയില്‍ തരൂര്‍ വ്യക്തമാക്കി.
🔳മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പള്ളികളില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ കലാപത്തിന് ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും മതന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് വെല്ലുവിളിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
🔳തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഒന്നാം പ്രതി ജിഷ്ണു. സന്ദീപുമായി വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതിനെ രാഷ്ട്രീയ കൊലപാതകമായി വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ജിഷ്ണു പറഞ്ഞു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
🔳മാധ്യമങ്ങളുമായി സംസാരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന വിവാദ സര്‍ക്കുലറില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. പല ജില്ലകളില്‍ പല രീതിയില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്ന സ്ഥിതിയുണ്ട്. വിവരങ്ങള്‍ കൃതൃമായി പരിശോധിച്ചും ഏകോപിപ്പിച്ചും നല്‍കേണ്ടതായിട്ടുണ്ട് എന്നതിനാലാണ് ഈ സര്‍ക്കുലറെന്നും മാധ്യമങ്ങളുമായി സംസാരിക്കാന്‍ ആര്‍ക്കും വിലക്കില്ലെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
🔳സര്‍ക്കാരിനെതിരേ വീണ്ടും രൂക്ഷവിമര്‍ശനം ഉന്നയിച്ച് അട്ടപ്പാടിയിലെ ട്രൈബല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് പറഞ്ഞു. കൈക്കൂലി കിട്ടിയാലേ ഒപ്പിട്ട് നല്‍കൂ എന്ന് പറഞ്ഞവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നതെന്നും പ്രഭുദാസ് പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ മാതൃശിശു വാര്‍ഡ് പ്രവര്‍ത്തനസജ്ജമാക്കാനും ലിഫ്റ്റ് നിര്‍മിക്കാനും ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പല തവണ കത്തയച്ചിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും പ്രഭുദാസ് ആരോപിച്ചു.
🔳അട്ടപ്പാടി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആദിവാസികള്‍ക്കുവേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സര്‍ക്കാരിന് അറിയില്ല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനമില്ല. നോഡല്‍ ഓഫീസറോ മോണിട്ടറിങ് കമ്മിറ്റിയോ ഇല്ല. ആരോഗ്യമന്ത്രി വന്നുപോയിട്ടും അട്ടപ്പാടിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.
🔳അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ സ്വയം പര്യാപ്തതയിലെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ എന്തുകൊടുത്തിട്ടും കാര്യമില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. പ്രതിപക്ഷത്തിന് എന്തും പറയാമെന്നും വാദപ്രദിവാദമല്ല മറിച്ച് ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
🔳കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം വളര്‍ത്തുന്നതിനും ഉതകുന്നതരത്തില്‍ പാഠ്യേതര വിഷയങ്ങള്‍ക്കുകൂടി പ്രാധാന്യം നല്‍കിയാകും സിലബസ് പരിഷ്‌കരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ക്കും പഠനത്തില്‍ മുന്തിയ പരിഗണന നല്‍കണം. സമൂഹവുമായി ഇഴുകിച്ചേരാനും കാര്‍ഷിക രംഗത്ത് ഇടപെടല്‍ നടത്താനും മണ്ണിന്റെ മണമറിഞ്ഞ് നല്ല മനുഷ്യന്റെ മുഖമാകുന്നതിനുമെല്ലാം വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. ഈ രീതിയിലേക്കു പാഠ്യരീതിയും മാറ്റപ്പെടേണ്ടതുണ്ട്. ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിദ്യാര്‍ഥികളില്‍ അവബോധം പകരുന്നതിനും ഇതിനായി പ്രോത്സാഹനം നല്‍കുന്നതിനും വിദ്യാഭ്യാസ വകുപ്പ് ശ്രമങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
🔳2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് കാരണം അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടുകളാണെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍. പാമോലിന്‍ കേസില്‍ കരുണാകരനല്ല ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നു പറയുന്ന എം എം ഹസ്സന്‍ മക്കള്‍ക്ക് വധഭീഷണിയുണ്ടായിരുന്നുവെന്ന പിണറായിയുടെ ആരോപണവും തന്റെ ഓര്‍മ്മചെപ്പ് എന്ന പുസ്തകത്തില്‍ ശരിവയ്ക്കുന്നു. പുസ്തകം എട്ടിന് പ്രകാശനം ചെയ്യും.
🔳വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന കേരളത്തിലെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിക്കുന്നു. ബുധനാഴ്ച മുതല്‍ അത്യാഹിത വിഭാഗങ്ങള്‍ കൂടി ബഹിഷ്‌കരിക്കാനാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളില്‍ ആരോഗ്യവകുപ്പ് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും കേരളത്തില്‍ ഒരു നടപടിയുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
🔳ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇതിന്റെ പശ്ചാലത്തില്‍ നടിയുടെ വിദേശ യാത്ര ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. 200 കോടി രൂപയുടെ കള്ളപ്പണം വെട്ടിച്ച കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കാണിച്ചാണ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
🔳നാഗാലാന്‍ഡിലെ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുകുന്നു.മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. ഇവിടെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്.പതിമൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി.ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.
🔳സുപ്രധാന ആയുധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയില്‍ നടന്ന മന്ത്രിതല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിര്‍ണായക തീരുമാനങ്ങളുണ്ടായത്. എ.കെ.203 തോക്കുകള്‍ വാങ്ങുന്നതിനുള്ള കരാറടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. കലാഷ്നിക്കോവ് സീരിസിലെ തോക്കുകള്‍ കൈമാറാനുള്ള കരാറില്‍ ഭേദഗതി വരുത്താനും തീരുമാനമായി. റഷ്യന്‍ പ്രതിരോധമന്ത്രി സര്‍ജേ ഷൊയ്ഗുവ്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലവ്റോവ്, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങള്‍.
🔳മ്യാന്മറില്‍ അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട നേതാവ് ആങ് സാന്‍ സ്യൂചിയെ നാല് വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചെന്നതും ജനത്തിനിടയില്‍ വിഭാഗീയത സൃഷ്ടിച്ചതിനുമാണ് കേസ്. ഇവര്‍ക്കെതിരെ 11 ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതെല്ലാം ഇവര്‍ നിരസിക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി മുതല്‍ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു സ്യൂചി. ഇവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവില്‍ വെച്ചുമാണ് മ്യാന്മറില്‍ സൈന്യം ഭരണം പിടിച്ചത്.
🔳മുംബൈ ടെസ്റ്റില്‍ റണ്‍മല താണ്ടാന്‍ ന്യൂസിലന്‍ഡിനെ അനുവദിക്കാതെ കൂറ്റന്‍ ജയവുമായി ടീം ഇന്ത്യക്ക് പരമ്പര. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തേയും ടെസ്റ്റില്‍ 372 റണ്‍സിനാണ് കോലിപ്പട ജയഭേരി മുഴക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിലേക്ക് വിറയലോടെ ബാറ്റേന്തിയ ന്യൂസിലന്‍ഡ് 167 റണ്‍സില്‍ ഓള്‍ഔട്ടായി. ഇന്ത്യക്കായി ജയന്ത് യാദവും രവിചന്ദ്ര അശ്വിനും നാല് വീതം വിക്കറ്റ് നേടി. കാണ്‍പൂരിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
🔳മുംബൈ ടെസ്റ്റില്‍ ഇന്ത്യയോട് 372 റണ്‍സിന് തോറ്റതോടെ നാണക്കേടിന്റെ പടുകുഴിയില്‍ ന്യൂസിലന്‍ഡ്. ടെസ്റ്റ് ചരിത്രത്തില്‍ കിവികളുടെ റണ്‍ കണക്കിലെ ഏറ്റവും വലിയ തോല്‍വിയാണ് മുംബൈയില്‍ വഴങ്ങിയത്. 2007ല്‍ ജൊഹന്നസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയോട് 358 റണ്‍സിന് തോറ്റതായിരുന്നു ന്യൂസിലന്‍ഡിന്റെ പേരില്‍ മുമ്പുണ്ടായിരുന്ന വലിയ നാണക്കേടിന്റെ റെക്കോര്‍ഡ്.
🔳ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ പിന്തള്ളിയത്. കിവീസിനെതിരായ പരമ്പര സ്വന്തമാക്കിയതോടെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായത്. ഇന്ത്യക്ക്് 124 പോയിന്റുണ്ട്. രണ്ടാംസ്ഥാനത്തുള്ള ന്യൂസിലന്‍ഡിനേക്കള്‍ മൂന്ന് പോയിന്റ് അധികം. ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. നിലവില്‍ 108 പോയിന്റാണ് ഓസീസിനുള്ളത്. നാലാമതുള്ള ഇംഗ്ലണ്ടിന് 107 പോയിന്റുണ്ട്്. അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാന് 92 പോയിന്റുണ്ട്.
🔳പുതിയ പരിശീലകന്‍ റാള്‍ഫ് റാങ്നിക്കിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയത്തുടക്കം. യുണൈറ്റഡ് ഒറ്റ ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. തിയേറ്റര്‍ ഓഫ് ഡ്രീംസില്‍ റാള്‍ഫ് റാങ്നിക്കിന് സ്വപ്ന തുടക്കം സമ്മാനിച്ചത് ബ്രസീലിയന്‍ താരം ഫ്രെഡിന്റെ ഗോളാണ്. മേസണ്‍ ഗ്രീന്‍വുഡിന്റെ അസിസ്റ്റില്‍ നിന്ന് 77-ാം മിനിറ്റിലായിരുന്നു ഫ്രെഡിന്റെ വിജയ ഗോള്‍.
🔳ഇ-കോമേഴ്‌സ് വ്യവസായത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി ആലിബാബ. ഇതിനൊപ്പം പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറേയും നിയമിച്ചു. ആലിബാബക്ക് ഇ-കോമേഴ്‌സ് വ്യവസായത്തിനായി ഇനി രണ്ട് കമ്പനികളുണ്ടാവും. ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ കോമേഴ്‌സും, ചൈന ഡിജിറ്റല്‍ കോമേഴ്‌സുമാവും ആലിബാബയുടെ കമ്പനികള്‍. ഇന്റര്‍നാഷണല്‍ ബിസിനസിനായുള്ള സ്ഥാപനത്തില്‍ അലിഎക്‌സ്പ്രസ്, ആലിബാബ.കോം, ലാസാഡ എന്നിവ ഉള്‍ക്കൊള്ളുനു. ജിങ്ഫാനിനായിരിക്കും കമ്പനിയുടെ ചുമതല. ചൈനയുടെ ഡിജിറ്റല്‍ കോമേഴ്‌സിന് വേണ്ടിയുള്ള സ്ഥാപനത്തെ ട്രുഡി ഡായും നയിക്കും. മാഗി വുയുടെ പിന്‍ഗാമിയായി ടോബി ഷു കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാവും.
🔳2021ലെ ഏറ്റവും ജനപ്രിയമായ ഇമോജികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഇതില്‍ ‘സന്തോഷത്തിന്റെ കണ്ണുനീര്‍ നിറഞ്ഞ മുഖം’ ഒന്നാം സ്ഥാനത്തെത്തി, ഇത് ഉപയോഗിച്ച എല്ലാ ഇമോജികളിലും 5% ത്തിലധികം വരും. യഥാക്രമം ഒന്ന് മുതല്‍ പത്ത് വരെയുള്ള റാങ്കിംഗില്‍ ഹൃദയങ്ങള്‍ രണ്ടാം സ്ഥാനത്തെത്തി, തുടര്‍ന്ന് മൂന്നാം സ്ഥാനത്ത് ചിരിക്കുന്ന ഇമോജിയാണുള്ളത്. തള്ളവിരലുകള്‍ 4-ഉം ഉച്ചത്തില്‍ കരയുന്ന മുഖം 5-ഉം സ്ഥാനം സ്വന്തമാക്കി. 113-ല്‍ നിന്ന് 25-ാം സ്ഥാനത്തേക്ക് ഉയര്‍ന്ന ‘ബര്‍ത്ത്ഡേ കേക്ക്’ ഇമോജിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. നേരത്തെ 139-ാം സ്ഥാനത്തുണ്ടായിരുന്ന ‘ബലൂണ്‍’ ഇമോജി ഇപ്പോള്‍ 48-ാം സ്ഥാനത്താണ്, ‘അപേക്ഷിക്കുന്ന മുഖം’ ഇമോജി ഇപ്പോള്‍ 14-ാം സ്ഥാനത്താണ്. നേരത്തെ 97-ാം സ്ഥാനത്തായിരുന്നു.
🔳യുവ സംവിധായകന്‍ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘കണ്ണാളന്‍’ 17 ന് മലയാളത്തിലെ ശ്രദ്ധേയമായ അഞ്ച് ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തും. നീസ്ട്രീം, സൈന, ഫസ്റ്റ്ഷോസ്,ഹൈ ഹോപ്സ്, തിയേറ്റര്‍ പ്ലേ, ലൈം ലൈറ്റ്, എന്നീ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെയാണ് കണ്ണാളന്‍ റിലീസ് ചെയ്യുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ട് പോകുന്ന മനുഷ്യരുടെ നിസ്സഹായതയും വെല്ലുവിളികളും ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് കണ്ണാളന്‍. ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, അശ്വതി ചിന്നു, മാലതി ടീച്ചര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
🔳സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവര്‍ നായകകഥാപാത്രങ്ങളായി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് ‘ഉടുമ്പ്’. ചിത്രം ഡിസംബര്‍ 10 ന് തീയേറ്ററുകളിലേക്ക് എത്തും. 150ല്‍ അധികം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ആക്ഷന് പ്രാധാന്യമുള്ള ചിത്രം റിലീസിന് മുന്‍പേ ഹിന്ദി റീമേക്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലേക്കുള്ള മൊഴി മാറ്റ അവകാശം വിറ്റ ആദ്യ മലയാള സിനിമ എന്ന പ്രശസ്തിയും സ്വന്തമാക്കി. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി.
🔳ബംഗളൂരു ആസ്ഥാനമായുള്ള റൈഡ് ഷെയറിംഗ് സ്റ്റാര്‍ട്ടപ്പായ ബൗണ്‍സ് രാജ്യത്ത് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 എന്ന് വിളിക്കപ്പെടുന്ന വാഹനമാണ് അവതരിപ്പിച്ചത്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പാക്കിനൊപ്പം അല്ലെങ്കില്‍ അല്ലാതെയും സ്വന്തമാക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാന്‍ഡേര്‍ഡ് ലിഥിയം-അയണ്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പാക്കുള്ള മോഡലിന് 68,999 രൂപയും ബാറ്ററിയില്ലാതെ 45,099 രൂപയുമാണ് വില.
🔳സ്ത്രീയവസ്ഥയില്‍നിന്ന് സീതയെ മനുഷ്യാവസ്ഥയുടെ തന്നെ പ്രതിരൂപമാക്കിയ കുമാരനാശാന്‍, പ്രാണന്‍ പണയംവെച്ചുള്ള എഴുത്തുമാത്രം വശമുണ്ടായിരുന്ന കോവിലന്‍, നിന്റെ ജീവിതം എഴുതാനായി തന്റെ ജീവിതമെഴുതി വായനക്കാരന്റെ വ്യക്തിപരമായ ഓര്‍മകള്‍ സമാന്തരമായി ഉറന്നുറന്നു വരുത്തുന്ന എം.ടി. വാസുദേവന്‍ നായര്‍, കാക്കുന്ന വാക്കുകളിലൂടെ തുല്യമായ പ്രബുദ്ധതയിലേക്ക് വായനക്കാരനെ ഉയര്‍ത്തിയ അയ്യപ്പപ്പണിക്കര്‍… പലരും പലതുമായി പല വഴികളിലൂടെ മനുഷ്യനിലേക്കെത്തിച്ചേരുന്ന ലേഖനങ്ങളുടെ സമാഹാരം. ‘കറുപ്പ് ഇരുട്ടല്ല വെളുപ്പ് വെളിച്ചവുമല്ല’. കല്പറ്റ നാരായണന്‍. മാതൃഭൂമി. വില 266 രൂപ.
🔳തണുപ്പ് കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടുന്നത് അസുഖം വരാതിരിക്കാന്‍ മാത്രമല്ല, ചര്‍മ്മം, മുടി, സന്ധികളുടെ ആരോഗ്യം എന്നിവ നിലനിര്‍ത്താനും സഹായിക്കുന്നു. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകള്‍ ഡി, കെ, ഇ, എ എന്നിവ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. നാരുകള്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടവും പോഷകങ്ങളാല്‍ സമ്പന്നവുമാണ് മധുരക്കിഴങ്ങ്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക അണുബാധകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും നിരവധി അണുബാധകളെയും രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈന്തപ്പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും നാരുകളുടെയും നല്ല ഉറവിടമാണ്. കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഈന്തപ്പഴം എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇരുമ്പിന്റെ സമ്പുഷ്ടമായതിനാല്‍ വിളര്‍ച്ച അകറ്റാന്‍ മികച്ചൊരു ഭക്ഷണമാണ് ശര്‍ക്കര. ഇരുമ്പ് ചുവന്ന രക്താണുക്കളുമായി ഓക്സിജനെ ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വൈറ്റമിൻ സിയാല്‍ സമ്പന്നമായ ബ്രൊക്കോളി ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുന്നു. ബദാം, വാള്‍നട്ട് എന്നിവ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 75.37, പൗണ്ട് – 99.77, യൂറോ – 85.02, സ്വിസ് ഫ്രാങ്ക് – 81.81, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.90, ബഹറിന്‍ ദിനാര്‍ – 199.98, കുവൈത്ത് ദിനാര്‍ -249.06, ഒമാനി റിയാല്‍ – 195.79, സൗദി റിയാല്‍ – 20.09, യു.എ.ഇ ദിര്‍ഹം – 20.52, ഖത്തര്‍ റിയാല്‍ – 20.70, കനേഡിയന്‍ ഡോളര്‍ – 58.79.