സായാഹ്‌ന വാർത്തകൾ

109
0

2021 | ഡിസംബർ 5 | ഞായർ | 1197 | വൃശ്ചികം 20 | തൃക്കേട്ട, മൂലം

🔳വര്‍ഷത്തില്‍ നൂറു ദിവസം സൈനികര്‍ക്ക് അവരുടെ കുടുംബവുമൊത്ത് ചെലവിടാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘ജീവിതത്തിന്റെ സുവര്‍ണ കാലം രാജ്യത്തിനായി സമര്‍പ്പിക്കുന്ന ജവാന് കുടുംബവുമൊത്തു കഴിയാന്‍ സമയം ഒരുക്കേണ്ടതു സര്‍ക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നും അമിത് ഷാ പറഞ്ഞു.

🔳കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച ഉടന്‍. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കിസാന്‍ മോര്‍ച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങള്‍ ആശയ വിനിമയം നടത്തി. നാളെ യോഗം നടന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കര്‍ഷകര്‍ മുന്നോട്ട് വെച്ച 6 ആവശ്യങ്ങളില്‍ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.

🔳രാജ്യതലസ്ഥാനത്തും ഒമിക്രോണ്‍. അഞ്ചാമത്തെ കേസ് ദില്ലിയില്‍ സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. 11 പേരുടെ സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ നിന്നാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരികയാണ്.

🔳ഒമിക്രോണ്‍ വ്യാപന ഭീതി ഉയരുന്നതിനിടെ ബെംഗലൂരുവില്‍ ഒരാഴ്ചയ്ക്കിടെ എത്തിയത് 466 വിദേശികളെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പരിശോധന നടത്തിയത് 100 പേര്‍ക്ക് മാത്രമാണ്. ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് രണ്ട് പേര്‍ക്കല്ല, 12 പേര്‍ക്ക് ഒമിക്രോണ്‍ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരമെന്നും സംസ്ഥാനത്തെ ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ കാണിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബെംഗളൂരുവിലെ മെഡിക്കല്‍ കോണ്‍ഫറന്‍സ് ഒമിക്രോണ്‍ ക്ലസ്റ്ററാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കോണ്‍ഫറന്‍സ് നടന്നത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്കായി വ്യാപക അന്വേഷണം നടത്തുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

🔳കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കൊവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കി. വാക്സീന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്ടര്‍ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രാജ്യത്ത് നിയമം മൂലം കൊവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്.

🔳ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തില്‍ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്. തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയെന്ന് ഡോ പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. പ്രതിപക്ഷ നേതാവിന് മുന്‍പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കി.

🔳മുന്‍കൂര്‍ അനുമതിയില്ലാതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്നും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ആശയക്കുഴപ്പവും ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുന്നതും ഒഴിവാക്കാനാണ് നിര്‍ദേശമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അട്ടപ്പാടിയിലെ ശിശു മരണവും ഗര്‍ഭിണികളുടെ പ്രശ്നങ്ങളും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നത് ചര്‍ച്ചയാകുകയും ആരോഗ്യ വകുപ്പിന് തന്നെ നാണക്കേടുണ്ടായ സംഭവം വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിനു പിന്നാലെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന നിര്‍ദ്ദേശം.

🔳പെരിങ്ങര സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി-ആര്‍എസ് എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് അക്രമണം നടത്തിയതെന്നും കോടിയേരി ആരോപിച്ചു.

🔳പെരിങ്ങര സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചില നേതാക്കള്‍ക്ക് വിവരം നേരത്തെ അറിയാമായിരുന്നുവെന്നും കൊലപാതകത്തിന് ശേഷമുള്ള പല നേതാക്കളുടേയും പ്രതികരണങ്ങളില്‍ നിന്നും അത് വ്യക്തമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സന്ദീപിന് നേരെയുണ്ടായത് ഗൂണ്ടാ ആക്രമണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് സിപിഎം ഇടപെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് തിരുത്തിച്ചു. ഈ കൊലപാതകത്തിലെ പ്രതികളിലെരാള്‍ കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഫൈസലാണ്. ഇയാളുടെ പങ്കാളിത്തം എന്താണെന്ന് പൊലീസ് പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

🔳പെരിങ്ങര സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപ് വധക്കേസില്‍ സിപിഎമ്മിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ല. ആദ്യം സത്യം പറഞ്ഞ പൊലീസുകാരെ സിപിഎം തിരുത്തി. റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചു. പ്രതികളില്‍ ഒരാളെ യുവമോര്‍ച്ച നേരത്തെ പുറത്താക്കിയതാണ്. പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കുതീര്‍ക്കാന്‍ വരരുതെന്നും മന്ത്രി പറഞ്ഞു. സന്ദീപിനെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു മുരളീധരന്‍.

🔳നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 12 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. 2 ഗ്രാമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് എത്തിയ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പ്രക്ഷുബ്ധരായഗ്രാമീണര്‍ സുരക്ഷാ സേനയുടെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പ്രതിഷേധം ശമിപ്പിക്കാന്‍ പൊലീസ് വെടിയുതിര്‍ത്തതായും വിവരമുണ്ട്. എല്ലാവരും സമാധാനം പാലിക്കണമെന്ന് നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആവശ്യപ്പെട്ടു.

🔳മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗ് വെടിക്കെട്ടിനൊടുവില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ മൂന്നാം ദിനം 540 റണ്‍സിന്റെ ഹിമാലയന്‍ വിജയലക്ഷ്യം വച്ചുനീട്ടി ടീം ഇന്ത്യ. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 325 റണ്‍സ് പിന്തുടര്‍ന്ന് 62 റണ്‍സില്‍ പുറത്തായ ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ കോലിപ്പട 276 ന് 7 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 10 വിക്കറ്റെടുത്ത അജാസ് പട്ടേല്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല് പേരെ പുറത്താക്കി. അതേസമയം അവസാന ഓവറുകളിലെ അക്‌സര്‍ പട്ടേല്‍ വെടിക്കെട്ട് ഇന്ത്യന്‍ ലീഡ് അതിവേഗം ഉയര്‍ത്തി. അക്സര്‍ 26 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറുമടക്കം 41 റണ്‍സ് നേടി.

🔳ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ പുതിയ തലവനായി വിവിഎസ് ലക്ഷ്മണ്‍ ഈ മാസം 13ന് ചുമതലയേല്‍ക്കും. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ചായി പോയ ഒഴിവിലേക്കാണ് നിയമനം. ഫാസ്റ്റ് ബൗളിംഗ് കോച്ചായി ട്രോയ് കൂളിയുടെ നിയമനത്തിന് ബിസിസിഐ വാര്‍ഷിക പൊതുയോഗം അനുമതി നല്‍കി.

🔳ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീട പോരാട്ടത്തില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ഇന്ന് നടന്ന ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. ആന്‍ സേ-യങ്ങിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.

🔳ജര്‍മന്‍ ഫുട്ബോള്‍ ക്ലാസിക്കില്‍ ഡോര്‍ട്ട്മുണ്ടിനെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബയേണിന്റെ ജയം. അതേസമയം സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ സോസിദാഡിനെതിരെ മാഡ്രിഡ് ജയിച്ചുകയറിയത്. പുതിയ കോച്ച് സാവിക്ക് കീഴില്‍ ബാഴ്‌സലോണ ആദ്യ തോല്‍വി ഏറ്റുവാങ്ങി. റയല്‍ ബെറ്റിസ് ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സയെ തോല്‍പിച്ചു. ലാലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡും തോല്‍വി സ്വീകരിച്ചു. മയ്യോര്‍ക്കയ്ക്കെതിരെയായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മയ്യോര്‍ക്ക വിജയിച്ചത്. സീരി എ ലീഗില്‍ ഇന്റര്‍ മിലാന്‍ ജയം സ്വന്തമാക്കി. റോമയ്ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്റര്‍ മിലാന്റെ ജയം. അതേസമയം ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ എ സി മിലാന്റെ മുന്നേറ്റം തുടരുകയാണ്. പതിനാറാം റൗണ്ടില്‍ മിലാന്‍ എതിരില്ലാത്ത രണ്ട് ഗോളിന് സാലെര്‍നിറ്റാനയെ തോല്‍പിച്ചു.

🔳ഐഫോണ്‍ 6 പ്ലസിന് ഇനി മുതല്‍ ആപ്പിള്‍ സേവനം ഉണ്ടാവില്ല. ആപ്പിള്‍ ഐഫോണ്‍ 6ന്റെ വിതരണവും വില്‍പ്പനയും നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. എന്നിരുന്നാലും, ആപ്പിള്‍ സ്റ്റോറും ആപ്പിളിന്റെ അംഗീകൃത സേവന ദാതാക്കളും 7 വര്‍ഷം വരെ റെട്രോ ഉല്‍പ്പന്നങ്ങള്‍ക്കായി റിപ്പയര്‍ സേവനങ്ങള്‍ നല്‍കുന്നത് തുടരാറുണ്ട്. ഡിസംബര്‍ 31ന് സേവനം അവസാനിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. 2014 സെപ്റ്റംബറില്‍ സമാരംഭിച്ച ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, എന്നിവ ഇതുവരെ വിറ്റഴിച്ച ഏറ്റവും ജനപ്രിയമായ രണ്ട് സ്മാര്‍ട്ട്ഫോണുകളാണ്.

🔳ഡിസംബര്‍ മൂന്നിന് അവസാനിച്ച ടേഗ ഇന്‍ഡസ്ട്രീസ് ഐപിഒ ഏറ്റവും കൂടുതല്‍ തവണ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടവയുടെ പട്ടികയില്‍ ഇടം നേടി. 219 തവണയാണ് ടേഗയുടെ ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. സ്റ്റാര്‍ഹെല്‍ത്ത് ഐപിഒ ആവശ്യത്തിന് സബ്സ്‌ക്രൈബേഴ്സ് എത്താതെ സമാഹരണ തുക കുറയ്ക്കുമ്പോഴാണ് ടേഗയുടെ ഈ മിന്നും വിജയം. രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുന്ന ആറാമത്തേതും ഈ വര്‍ഷത്തെ മൂന്നാമത്തെയും ഐപിഒ ആണ് ടേഗയുടേത്.

🔳സുരേഷ് ഗോപി ചിത്രം കാവലിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു ‘കാര്‍മേഘം മൂടുന്നു’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം ഒരുക്കുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ‘കാവല്‍’ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

🔳ശ്രിയ ശരണ്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഗമനം’. ശ്രിയ ശരണിന്റെ തിരിച്ചുവരവ് ആയിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘സുജന റാവുവിന്റെ സംവിധാനത്തിലുള്ള ചിത്രമായ ‘ഗമനം’ 10ന് റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ഗമനം എത്തുന്നത്. ഇളയരാജ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. നിത്യ മേനെന്‍ ഒരു അതിഥി കഥാപാത്രമായും ഗമനത്തില്‍ എത്തുന്നുണ്ട്. ശൈലപുത്രി ദേവി എന്ന കഥാപാത്രമായാണ് നിത്യ മേനെന്‍ എത്തുന്നത്.

🔳കുട്ടികള്‍ക്കുള്ള വാഹനം അവതരിപ്പിച്ച് ടെസ്ലയും ഉടമ ഇലോണ്‍ മസ്‌കും. സൈബര്‍ക്വാഡ് എന്ന് പേരിട്ടിരിക്കുന്ന ഈ നാലുചക്ര ബൈക്ക് വിലകൊണ്ടും രൂപഭംഗികൊണ്ടുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 1900 ഡോളര്‍ ( ഏകദേശം 1,42,400 രൂപ) ആണ് ഈ ഓള്‍ ടെറയിന്‍ വെഹിക്കിളിന്റെ വില. ടെസ്ലയുടെ വെബ്സൈറ്റ് വഴി സൈബര്‍സ്‌ക്വാഡ് ബുക്ക് ചെയ്യാം. എട്ടുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഉപോയിഗക്കാന്‍ പറ്റുന്ന മോഡലാണ് സൈബര്‍ക്വാഡ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 24 കി.മീറ്റര്‍ ദൂരം സഞ്ചരിക്കാം.

🔳അന്വേഷണചൊവ്വ എന്ന യൂട്യൂബ് പ്രോഗ്രാമില്‍ ക്രൈം സ്റ്റോറികള്‍ ചെയ്യുന്ന അനന്ദുവിന്റെ ജീവിതത്തില്‍ തീര്‍ത്തും അവിചാരിതമായി സ്റ്റെല്ല എന്ന പെണ്‍കുട്ടി കടന്നു വരുന്നു. അവളുമായി അനുരാഗത്തിലാകുന്ന അനന്ദുവിനു പക്ഷെ സ്വന്തം ജീവിതത്തില്‍ത്തന്നെ ഒരു ക്രൈം സംഭവിക്കാന്‍ പോകുന്നുവെന്നു തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നു. ഒരു ദിവസംകൊണ്ട് അവന്റെ ജീവിതം മാറിമറിയുന്നതും തുടര്‍ന്നുണ്ടാകുന്ന അന്വേഷണങ്ങളുമാണ് ഈ ക്രൈം നോവലിന്റെ ഇതിവൃത്തം. ‘അന്വേഷണചൊവ്വ’. അനൂപ് എസ് പി. ഡിസി ബുക്സ്. വില 266 രൂപ.

🔳മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിച്ചേക്കും. ‘ഫോളേറ്റ്’ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഫോളേറ്റ് എന്നത് ‘സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന ‘ഡോപാമൈന്‍’ ഉത്പാദിപ്പിക്കുന്നു. ‘ഫാറ്റി ഫിഷ്’ എന്നറിയപ്പെടുന്ന സാല്‍മണ്‍, ചാള എന്നിവ സമ്മര്‍ദ്ദത്ത അകറ്റുന്നു. ഇത് ശരീരത്തിന്റെ അത്യാവശ്യ പ്രവര്‍ത്തനങ്ങളും മാനസികാരോഗ്യവും തമ്മില്‍ വളരെ നല്ല ബന്ധം ഉണ്ടാക്കുന്നു. മത്സ്യത്തില്‍ ഒമേഗ-3 നില ധാരാളമുണ്ട്. ‘ട്രിപ്റ്റോഫന്‍’ എന്ന സംയുക്തം കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് കിവിപ്പഴം. ട്രിപ്റ്റോഫന്‍ എന്നത് ശരീരത്തില്‍ എത്തുമ്പോള്‍ ചില പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെറോടോണിന്‍ ആയി മാറുന്നു, അത് നമ്മുടെ ഞരമ്പുകള്‍ ശമിപ്പിക്കുകയും മാനസികാവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു. ചീരയില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.’ചീര’ മഗ്നീഷ്യത്തിന്റെ കലവറയാണ്. ചീര കഴിച്ചാല്‍ ശരീരത്തിന് ഉറക്കമില്ലായ്മ, സമ്മര്‍ദം എന്നിവയെ അകറ്റി നിര്‍ത്താന്‍ കഴിയുന്നു. ‘ബ്ലൂബെറി’യില്‍ കാണപ്പെടുന്ന ആന്റി ഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും സമ്മര്‍ദ്ദത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ പ്രതികരണശേഷി മെച്ചപ്പെടുത്തുന്നതിന് ബ്ലൂബെറി മികച്ചതാണ്.