സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍ വന്നതോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തികത്തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പുതിയ ആസ്ഥാന മന്ദിരം, പുളിങ്കുന്ന് പോലീസ് സ്റ്റേഷന്‍ കെട്ടിടം, വിവിധ ജില്ലകളിലെ ഫോറന്‍സിക് സയന്‍സ് ലാബുകള്‍, പോലീസ് സ്റ്റേഷനുകളിലെ വനിത ശിശു സൗഹൃദ ഇടങ്ങള്‍, കാസര്‍ഗോട്ടെ നവീകരിച്ച ജില്ലാ പോലീസ് ആസ്ഥാനം എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും മുന്നിലാണെങ്കിലും മലയാളികളാണ് എറെയും സാമ്പത്തിക തട്ടിപ്പില്‍പ്പെടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടും മലയാളികള്‍ വീണ്ടും ചതിക്കുഴികളില്‍ പെടുന്നു. ഉടനടി വായ്പ ലഭ്യമാക്കുന്ന ആപ്പുകള്‍ മുഖേന വായ്പ എടുത്ത് തട്ടിപ്പിന് ഇരയാകുന്നവരും നിരവധിയാണ്. ഇത് ഉള്‍പ്പെടെയുളള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റാന്വേഷണത്തില്‍ മുന്‍പരിചയവുമുളള ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരെ ഉള്‍ക്കൊളളിച്ച് ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന് രൂപം നല്‍കിയത്. ഇതിനായി 226 എക്സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയല്‍ തസ്തികകളും സൃഷ്ടിച്ചകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ബോധപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കി നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുളള ശ്രമം അടുത്തിടെയായി കണ്ടുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സ്വൈരജീവിതത്തിന് വിഘാതമാകുന്ന ഒന്നും ഇവിടെ സംഭവിക്കരുതെന്ന് സ്റ്റേറ്റ് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുളള പോലീസ് ഏജന്‍സികള്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്പെഷ്യല്‍ ബ്രാഞ്ച് സംവിധാനം നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി, വയനാട് എന്നീ ആറ് ജില്ലകളിലാണ് ജില്ലാ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറികള്‍ നിലവില്‍ വന്നത്. തുമ്പ, പൂന്തുറ, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി, പേരാവൂര്‍, വെള്ളരിക്കുണ്ട് എന്നീ പോലീസ് സ്റ്റേഷനുകളിലെ വനിതാ ശിശു സൗഹൃദഇടങ്ങള്‍, കേരള പോലീസ് അക്കാദമിയിലെ പോലീസ് റിസര്‍ച്ച് സെന്‍റര്‍, പി.റ്റി നേഴ്സറി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, എ.ഡി.ജി.പിമാരായ ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, റ്റി.കെ.വിനോദ് കുമാര്‍, മനോജ് എബ്രഹാം, ജനപ്രതിനിധികള്‍ എന്നിവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.