മലപ്പുറം| ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂർ ക്രസന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ സ്കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസ്. ഐപിസി 341, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാർത്ഥിയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. മകന്‍റെ ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകനാണ് അകാരണമായി മര്‍ദ്ദിച്ചതെന്ന് മാതാവ് പറഞ്ഞു. ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടയില്‍ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി. സംഭവത്തിൽ ചൈൽഡ് ലൈൻ കേസെടുത്തിരുന്നു. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും മറ്റുശരീരഭാഗങ്ങളിലും പരിക്കേറ്റിരുന്നു.
സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അധ്യാപകനില്‍നിന്ന് വിശദീകരണം തേടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാൽ അധ്യാപകൻ സ്ഥലത്തുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. വിദ്യാർത്ഥിയിൽ നിന്ന് ചൈൽഡ് ലൈൻ അധികൃതരും പൊലീസും മൊഴിയെടുത്തിട്ടുണ്ട്.