തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം. ജനറല്‍ ബോഡി പാസാക്കിയ അവിശ്വാസ പ്രമേയം ഹൈക്കോടതി കൂടി അംഗീകരിച്ചതയോടെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ ( കണ്‍സ്യൂമര്‍ ) ജ്യോതി പ്രസാദ്. ആര്‍ ആണ് അഡമിനിസ്‌ട്രേറ്റര്‍. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളുടെ അപ്പെക്‌സ് സ്ഥാപനമായ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ജനറല്‍ ബോഡിയില്‍ 76 സഹകരണ സംഘങ്ങളുടെ പ്രതിനിധികളാണുള്ളത്. ഇതില്‍ 31 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസായിരുന്നു ലഭിച്ചിരുന്നത്. സഹകരണ നിയമം 30 (3) പ്രകാരം 2022 ജനുവരി ആറിന് ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ നെയ്യാറ്റിന്‍കര പ്രാഥമിക സംഘത്തില്‍ നിന്നുള്ള പ്രതിനിധിയും സംസ്ഥാന ബാങ്ക് പ്രസിഡന്റുമായ സോളമന്‍ അലക്‌സിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു പങ്കെടുക്കാന്‍ കഴിയാത്തത്. ജനറല്‍ ബോഡിയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്തു. 19 പേര്‍ സംസാരിച്ചു. തുടര്‍ന്ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. 36 പ്രതിനിധികള്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 39 പേര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ അവിശ്വാസ പ്രമേയം പാസായി. ഇതോടെ ഭരണ സ്തംഭനം ഒഴിവാക്കാനായി സഹകരണ നിയമം 33 (1) ബി പ്രകാരം അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ പൊതു യോഗത്തിനെതിരെ ഭരണ സമിതി അംഗങ്ങളായിരുന്ന കെ. ശിവദാസന്‍ നായരും സി.കെ. ഷാജിമോനും നല്‍കിയിരുന്ന ഹര്‍ജിയില്‍ കോടതിയില്‍ നിന്നും ഉത്തരവില്ലാതെ ജനറല്‍ ബോഡി തീരുമാനം നടപ്പിലാക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഇന്നലെ ഹൈക്കോടതി റിട്ട് പെറ്റീഷന്‍ തള്ളുകയും ജനറല്‍ ബോഡി തീരുമാനം നിലനില്‍ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്. വൈകുന്നേരത്തോടെ അഡ്മിനിസ്‌ട്രേറ്ററായി അഡീഷണല്‍ രജിസ്ട്രാര്‍ ആര്‍. ജ്യോതിപ്രസാദ് ചുമതലയേറ്റു.