സമൃദ്ധമായ കുട്ടനാടിനെ തിരിച്ചു പിടിക്കും; രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചു നില്‍ക്കണം: മന്ത്രി റോഷി അഗസ്റ്റിന്‍

154
0

പലായാനം ചെയ്തവരെ മുഴുവന്‍ തിരിച്ചു കൊണ്ടുവന്ന സമൃദ്ധമായ കുട്ടനാടിനെ തിരിച്ചു പിടിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ അഞ്ചു വര്‍ഷം കൊണ്ട് ഉണ്ടായതല്ല. കുട്ടനാടിന്റെ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുത്. രണ്ടാം കുട്ടനാട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ധനാഭ്യര്‍ഥനയില്‍ പറഞ്ഞിരുന്നു. ഇതിനു പുറമേ പ്രതിപക്ഷത്തിന് എന്തെങ്കിലും നിര്‍ദേശം ഉണ്ടെങ്കില്‍ അതും പരിഗണിക്കാന്‍ തയാറാണ്. രാഷ്ട്രീയത്തിന് അതീതമായി കുട്ടനാടിനു വേണ്ടി ഒന്നിച്ചു നില്‍ക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് താനും കൃഷി മന്ത്രിയും ഫിഷറീസ് മന്ത്രിയും കുട്ടനാട് സന്ദര്‍ശിച്ചു. തോട്ടപ്പള്ളി സ്പില്‍വേയ്ക്കും പൊഴിക്കും ഇടയിലെ തടസ്സങ്ങള്‍ മാറ്റി ജല നിര്‍ഗ്ഗമനം സുഗമമാക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ആലപ്പുഴ – ചെങ്ങനാശ്ശേരി ജലപാത വികസനം, സ്പില്‍വേയുടേയും അതിന്റെ മുകള്‍ഭാഗത്തിന്റെയും ജല നിര്‍ഗ്ഗമന പാതയുടെ നവീകരണം, ഏകദേശം 420 കിലോമിറ്റര്‍ നീളമുള്ള ജല നിര്‍ഗ്ഗമന ചാലുകളുടെയും തോടുകളുടെയും ചെളി നീക്കം ചെയ്യല്‍, ജല നിര്‍ഗ്ഗമനത്തിനും ജലഗതാഗതത്തിനും തടസ്സമായി നില്‍ക്കുന്ന പാലങ്ങളുടെ പുനര്‍ നിര്‍മ്മാണം എന്നിവയും ഉടന്‍ ആരംഭിക്കും.

കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണ പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ച് പഠനം നടത്താനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നവംബറില്‍ ഇവര്‍ റിപ്പോര്‍ട്ട് നല്‍കും. അച്ചന്‍കോവില്‍ ആറിലേയും, പമ്പയാറിലേയും കൂടുതല്‍ ജലം വിയ്യപ്പുരം ഭാഗത്ത് വച്ച് തോട്ടപ്പള്ളി സ്പില്‍വേയിലേക്ക് തിരിച്ചുവിടുന്നതും തോട്ടപ്പള്ളി അഴിമുഖത്തോടു ചേര്‍ന്ന് കടലിലേക്ക് ഒരു പുലിമുട്ട് നിര്‍മ്മിച്ച് അഴിമുഖം മണ്ണ് വീണ് അടയുന്നത് പരിഹരിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇവര്‍ റിപ്പോര്‍ട്ട് നല്‍കും.

നിലവില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ 90 ഷട്ടറുകളും നാലു ലോക്ക് ഗേറ്റുകളും തുറന്നുവച്ചിരിക്കുകയാണ്. കരിയാര്‍ ബാരേജിലെ 10 ഷട്ടറുകളും തുറന്നുവച്ചിരിക്കുകയാണ്. അധികമായി വരുന്ന ജലം സ്വാഭാവികമായി തന്നെ കായലിലേക്ക് ഒഴികിപോകും എന്നതിനാല്‍ പ്രളയഭീഷണി ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടനാടിനായി വകുപ്പ് നടപ്പിലാക്കിവരുന്ന പ്രവൃത്തികള്‍

1) സ്പില്‍വേയ്ക്കും അഴിമുഖത്തിനും ഇടയ്ക്കുള്ള ഏകദേശം 2.49 ലക്ഷം ക്യുബിക്ക് മീറ്റര്‍ മണ്ണ് കെ.എം.എം.എല്ലിനെ ചുമതലപ്പെടുത്തി നീക്കം ചെയ്തുവരുന്നു. 83 ശതമാനം മണ്ണ് നീക്കം ചെയ്തിട്ടുണ്ട്.
2) സ്പില്‍വേയ്ക്ക് മുകള്‍ ഭാഗത്തായി വിയ്യപുരം മുതല്‍ തോട്ടപ്പള്ളിവരെ ഏകദേശം 11 കിലോമീറ്റര്‍ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്നതിനായി ടെണ്ടര്‍ പൂര്‍ത്തീകരിച്ച് പണി നടന്നു വരുന്നു.
3) കൂടാതെ വിയ്യപുരം മുതല്‍ തോട്ടപ്പള്ളി വരെയുള്ള ചാനലിന്റെ തീര സംരക്ഷണത്തിനായി 70 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
4) 2019-20, 2020-21 ബജറ്റില്‍ ഉള്‍പ്പെടുത്തി 66 പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 103 കിലോമീറ്റര്‍ നീളത്തില്‍ പുറം ബണ്ട് സംരക്ഷിക്കുന്നതിലൂടെ 2150 ഹെക്ടര്‍ കൃഷിസ്ഥലം സംരക്ഷണം നടത്തുവാന്‍ സാധിക്കും.
6) 2021-22 ബജറ്റില്‍ ഉള്‍പ്പെടുത്തി 29.3 കിലോമീറ്റര്‍ നീളത്തില്‍ ബണ്ട് നവീകരിക്കുന്നതിലൂടെ കൂടുതല്‍ കൃഷിസ്ഥലം സംരക്ഷിക്കുവാന്‍ സാധിക്കും. കൂടാതെ 19.5 കിലോമീറ്റര്‍ തോടുകള്‍ ഏക്കലും ചെളിയും നീക്കം ചെയ്ത് നവീകരിക്കുന്നതിലൂടെ ജലനിര്‍ഗ്ഗമനം സുഗമമാക്കും.
7) കൂടാതെ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ഫ്‌ളഡ് മാനേജ്‌മെന്റ് ആന്റ് ബോര്‍ഡര്‍ ഏരിയ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി 2084 കോടി രൂപയുടെ പദ്ധതി അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
8) 2018 പ്രളയാനന്തരം കുട്ടനാട്ടിലുണ്ടായ മടവീഴ്ചകളും അനുബന്ധ നാശനഷ്ടങ്ങളും പരിഹരിക്കുന്നതിന് എസ്ഡിആര്‍എഫില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.