സമൂഹത്തിന്റെ മറവി ദു: ഖകരം’: ഗോവ ഗവർണർ

58
0

കേരളത്തിന് വലിയ സംഭാവന നൽകിയവരെപ്പോലും സമൂഹം മറന്നുപോകുന്ന സ്ഥിതി ദു:ഖകരമാണെന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.

കെ ആർ മോഹൻ (കേരള ഗവർണറുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി) രചിച്ച പോക്കുവെയിൽ എന്ന നോവലിന്റെ പ്രകാശനം ആദ്യ കോപ്പി കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാന് നൽകി നിർവക്കുകയായിരുന്നു അദ്ദേഹം.

എം കെ കെ നായർ, വർഗീസ് കുര്യൻ, രാജൻ പിള്ള പോലുള്ളവരുടെ ഉദാഹരണങ്ങൾ ഗോവ ഗവർണർ എടുത്തുപറഞ്ഞു.

സ്തുത്യർഹമായ തൊഴിൽ നിർവഹണത്തിനും ജനസേവനത്തിനുമൊടുവിൽ നിർദയം വിസ്മരിക്കപ്പെടുന്ന ഒരുപോസ്റ്റ്മാനെക്കുറിച്ചുള്ള നോവലിന്റെ ഇതിവൃത്തവുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം.

“ഗവർണർ എന്ന പദവി തന്നെ ആവശ്യമാണോ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. ഭരണഘടന അസംബ്ലിയിലെ ചർച്ചകൾ ഒന്ന് വായിച്ചു നോക്കുക എന്നതാണ് അവർക്ക് നൽകാവുന്ന ഏറ്റവും ലളിതമായ മറുപടി”- അഡ്വ. പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.

“അക്ഷരത്തിന് നാശമില്ലാത്തത് എന്ന അർത്ഥം മാത്രമല്ല ദൈവികത്വവുമുണ്ട് . അക്ഷരങ്ങളുടെയും ആശയങ്ങളുടെയും മഹാസാഗരത്തെ നിശ്ചിതമായി പരിമിതപ്പെടുത്തുന്ന പുസ്തകങ്ങൾ അറിവിന്റെ സർത്ഥകമായ സംഗ്രഹമാണ്”- പുസ്തകം സ്വീകരിച്ച ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ചടങ്ങിൽ കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ, ഡോ അച്യത് ശങ്കർ എസ് നായർ, എസ് ഡി പ്രിൻസ് എന്നിവർ ആശംസയർപ്പിച്ചു. ഹരി എസ് കർത്ത സ്വാഗതവും കെ ആർ മോഹൻ മറുപടി പ്രസംഗവും നടത്തി.

കേരള രാജ് ഭവൻ ഓഡിറ്റോറിയത്തിലെ ചടങ്ങിൽ മുൻ അംബാസഡർ ടി പി ശ്രീനിവാസൻ, ഇസ്രോ മുൻ ചെയർമാൻ ജി മാധവൻ നായർ, ശ്രീമതി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, മുഖ്യ ഇൻഫർമേഷൻ കമ്മീഷണർ വിശ്വാസ് മേത്ത, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, സാഹിത്യകാരി റോസ് മേരി തുടങ്ങി നാനാമേഖലകളുലുള്ളവർ പങ്കെടുത്തു.

അടിക്കുറിപ്പ്: കേരള ഗവർണറുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി കെ ആർ മോഹൻ രചിച്ച പോക്കുവെയിൽ എന്ന നോവലിന്റെ പ്രകാശനം ആദ്യപ്രതി കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാന് നൽകിക്കൊണ്ട് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള നിർവഹിക്കുന്നു. കെ ആർ മോഹൻ, ഭാര്യ അമ്മു എന്നിവരെയും കാണാം.