മദ്യപാനിയും ചൂതാട്ടക്കാരനുമായ ദസ്തയെ വിസ്‌കിയുടെ ജീവിതം എഴുതുമ്പോള്‍ എങ്ങനെയാണ് ബൈബിളിലെ കാവ്യാത്മകമായ ‘ഒരു സങ്കീര്‍ത്തനംപോലെ’ എന്ന പേരിലേയ്‌ക്കെത്തുന്നത്.
പേരിടുക എന്നത് ഒരുവലിയ പ്രശ്‌നം തന്നെയായിരുന്നു. വിചിത്രവും സ്‌തോഭജനകവുമായ ഒരു ജീവിതം. ആവിഷ്‌കരിക്കുമ്പോള്‍ ആ പ്രമേയത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളെ വെളിപ്പെടുത്തുന്ന ഒരു പേരുവേണം എന്ന് മനസ്സു പറഞ്ഞു. ദസ്തയെ വിസ്‌കിയുടെ കുറ്റവും ശിക്ഷയും, ഇഡിയറ്റ് തുടങ്ങിയ നോവലുകളിലൂടെ സഞ്ചരിക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുള്ളത് അദ്ദേഹം ദൈവവുമായി ഒരു സംവാദത്തിലേര്‍പ്പെടുന്നു എന്നാണ്. ദൈവത്തെ വിചാരണ ചെയ്യുകയാണ് ദസ്തയെ വിസ്‌കി. മനുഷ്യന്‍ അനുഭവിക്കുന്ന ജീവിതസങ്കടങ്ങളുടെ കാരണം എന്താണ്? അതിന്റെ യുക്തി എന്താണ്? ഈ ഭൂമി കുറേക്കൂടി സുന്ദരമായി സൃഷ്ടിക്കാമായിരുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.
അനേകം മുറിവുകളുമായി ജീവിക്കുന്ന മനുഷ്യരെയാണ് അദ്ദേഹം തന്റെ കഥകളില്‍ ആവിഷ്‌കരിക്കുന്നത്. അങ്ങനെ ഒരു കഥാപാത്രമാണ് താനും എന്ന് ദസ്തയെ വിസ്‌കിയ്ക്കു തോന്നിയിട്ടുണ്ടാവണം. അദ്ദേഹം സൃഷ്ടിച്ച ഏതൊരു കഥാപാത്രത്തെയുംകാള്‍ മികച്ചതാണ് ദസ്തയെ വിസ്‌കി എന്ന കഥാപാത്രം എന്നാണ് എന്റെ വിചാരം. മറ്റുള്ളവര്‍ തന്നോടു ചെയ്ത കുറ്റങ്ങളേക്കാളേറെ താന്‍ തന്നോടുതന്നെ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കണം. അങ്ങനെ ഒരു കുറ്റബോധം അദ്ദേഹത്തിന്റെ മനസ്സിനെ വേട്ടയാടിക്കാണും. ഇങ്ങനെയൊന്നുമല്ലായിരുന്നു ജീവിക്കേണ്ടത് എന്ന വിചാരം ചില സന്ദര്‍ഭങ്ങളിലെങ്കിലും അദ്ദേഹത്തെ പിടിച്ചുലച്ചിട്ടുണ്ട്.
എന്നാല്‍ അദ്ദേഹം അങ്ങനെതന്നെയാണ് ജീവിക്കേണ്ടത് എന്നകാര്യം നമുക്കുറപ്പുണ്ട്. കാരണം അങ്ങനെ അങ്ങനെ ജീവിക്കാന്‍ അദ്ദേഹത്തിനു മാത്രമേ കഴിയൂ. അപ്പോഴാണ് ഞാന്‍ ഭാവീദിലേയ്‌ക്കെത്തുന്നത്. ഏറിയോ കുറഞ്ഞോ ഒരു ദാവീദ് ദസ്തയെ വിസ്‌കിക്കുള്ളിലുണ്ട്. ബൈബിളിലെ സങ്കീര്‍ത്തനത്തിനുള്ളില്‍ നിന്നും ഒരു കുറ്റബോധവും കാലബോധവും വായിച്ചെടുക്കാന്‍ പറ്റും. കുറ്റബോധത്തിന്റെ നീറുന്ന നിമിഷങ്ങളില്‍ നിന്നാണ് സങ്കീര്‍ത്തനം പിറവിയെടു ക്കുന്നത്. ദസ്തയെ വിസ്‌കിയുടെ ഉള്ളിലും അങ്ങനെ ഒരു സങ്കീര്‍ത്തനം ഉണ്ടായിരുന്നു എന്നു സങ്കല്‍പ്പിച്ചപ്പോഴാണ് ഒരു സങ്കീര്‍ത്തനംപോലെ എന്ന പേര് എന്റെ ഹൃദയത്തില്‍ മുട്ടിവിളിച്ചത്. വായനക്കാര്‍ അവരുടെ ഹൃദയത്തോട് ആ പേര് ചേര്‍ത്തുവയ്ക്കുകയും ചെയ്തു.
ഇത്രദൂരം സഞ്ചരിച്ച് ദസ്തയെ വിസ്‌കി എന്ന എഴുത്തുകാരനിലേയ്ക്ക് എത്തിചേരാനുള്ള കാരണമെന്താണ്.
എന്റെ കുട്ടിക്കാലത്തെ ഭക്ഷണം പുസ്തകങ്ങളായിരുന്നു. മറ്റൊന്നും എന്നെ ആകര്‍ഷിച്ചിട്ടില്ല. അന്നത്തെ വായന നമ്മുടെ നവോത്ഥാന കാലഘട്ടത്തിലെ എഴു ത്തുകാരായ ബഷീര്‍, തകഴി, കേശവദേവ്,പൊന്‍കുന്നം വര്‍ക്കി, കാരൂര്‍, അന്തര്‍ജനം, പൊറ്റക്കാട് എന്നിവരൊക്കെയായിരുന്നു. അക്കാലത്താണ് ഒരു സ്‌നേഹിതന്റെ കയ്യില്‍നിന്നും പുറംചട്ട നഷ്ടപ്പെട്ട ഒരു പുസ്തകം ഞാന്‍ കാണുന്നത്. അത് ദസ്‌തെവിസ്‌കിയുടെ കുറ്റവും ശിക്ഷയുമായിരുന്നു. ഞാനത് വായിക്കാന്‍ ചോദിച്ചു. പക്ഷേ, മൂന്നുനേരവും ഭക്ഷണം കഴിക്കാനില്ലാതിരുന്ന എന്റെ മുഖത്തെ വാട്ടം കണ്ടതുകൊണ്ടാവാം നിനക്കിതു മനസ്സിലാകില്ല എന്നു പറഞ്ഞ് അദ്ദേഹം എന്നെ ഒഴിവാക്കാന്‍ നോക്കി. നിരാശനായി ഞാന്‍ പടിക്കെട്ടുകളിറങ്ങുമ്പോള്‍ അദ്ദേഹം എന്നെ തിരിച്ചുവിളിച്ച് ഒറ്റദിവസത്തേയ്ക്ക് എന്ന കരാറില്‍ പുസ്തകം തന്നു.
ഒറ്റദിവസം കൊണ്ടുതന്നെ ഞാന്‍ ആ നോവല്‍ വായിച്ചുതീര്‍ത്തു. അതുവരെ ഉണ്ടായിരുന്ന വായനാ നുഭവത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു അത്. മനസ്സില്‍ക്കിടന്ന് ഒരു സമുദ്രം അലറിമറിയുന്നതുപോലെ തോന്നി. ഒരു സുഖകരമായ ഉന്മാദം. പിന്നീടുള്ള ദിവസങ്ങളില്‍ ആ നോവലിലെ കഥാപാത്രങ്ങള്‍ എന്റെ സ്വപ്നത്തില്‍ വന്നു. എന്റെ പതിനഞ്ചാം വയസ്സിലാണ് ആ അനുഭവം. ഇപ്പോഴും ആ നോവലിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ കടലിരമ്പും.
പക്ഷേ, അപ്പോഴും,ദസ്തയെ വിസ്‌കിയുടെ മറ്റു കൃതികളൊന്നും ലഭ്യമായിരുന്നില്ല. പിന്നീട് എന്റെ ജീവിതം അന്വേഷിച്ച് ഞാന്‍ നാടുവിടുകയായിരുന്നു. എല്ലാ പാരമ്പര്യ വിശ്വാസങ്ങള്‍ക്കും എതിരെ ചിന്തിച്ചതിന്റെ പേരില്‍ നാടിനും വീടിനും വെറുക്കപ്പെട്ടവനായി മാറി. മറ്റുള്ളവരുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കാനാവില്ല എന്നു ബോധ്യപ്പെട്ടപ്പോഴാണ് ഞാന്‍ നാടുവിട്ടത്. എന്റെ വിശ്വാസങ്ങള്‍ ഞാനെന്റെ വായനയിലൂടെ രൂപപ്പെടുത്തിയതാണ്. അതിനെനിക്ക് തുണയായത്, സി.ജെ.തോമസും കുറ്റിപ്പുഴ കൃഷ്ണപിള്ളയും എം ഗോവിന്ദനും വി.ടി.ഭട്ടതിപ്പാടും മറ്റുമാണ്.
അങ്ങനെയാണ് ഞാന്‍ മദിരാശിയില്‍ എത്തിപ്പെടുന്നത്. അവിടെ, മൂര്‍മാര്‍ക്കറ്റില്‍ നിന്നും എമിലി സോളി എഴുതിയ ദസ്തയെ വിസ്‌കിയുടെ ജീവചരിത്രം എനിക്കു കിട്ടി. പിന്നീട് മദിരാശിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കു പറിച്ചുനടപ്പെട്ടു. അപ്പോഴും എഴുത്തുകാരെ ഒന്നും പരിചയമില്ല. ഒരു ദിവസം കെ.സുരേന്ദ്രനെ പരിചയപ്പെടാന്‍ ചെന്നു. എന്റെ സര്‍പ്പക്കാവ് എന്ന നോവല്‍ ഇറങ്ങിയ സമയമാണ്. അദ്ദേഹം ആ നോവലിനെപ്പറ്റി ചോദിച്ചു ഇഷ്ടപ്പെട്ട കൃതി എഴുത്തുകാരന്‍, കാര ണം. അങ്ങനെ ചോദ്യശരങ്ങള്‍ കൊണ്ടെന്നെ ഭയപ്പെടുത്തി. ഇനി ഇങ്ങോട്ടില്ലെന്നു തീരുമാനിച്ച് അവിടെ നിന്നിറങ്ങി.പക്ഷേ, കാലം നമുക്കായി ചിലത് കാത്തു വച്ചിരുന്നു. ഇതേ സുരേന്ദ്രന്‍ സാറുമായിത്തന്നെ പിന്നീട് ഒരു അപൂര്‍വ്വ സൗഹൃദം ഉടലെടുത്തു. ദസ്തയെ വിസ്‌കിയുടെ കഥ എന്ന അദ്ദേഹത്തിന്റെ പഠനഗ്രന്ഥ ത്തിലൂടെ ലോകത്തിലെ ഏറ്റവും മഹാനായ ആ എഴുത്തുകാരനെ കൂടുതല്‍ അടുത്തറിഞ്ഞു. ദസ്തയെ വിസ്‌കിയെക്കുറിച്ചു പഠിക്കാനുള്ള ഏറ്റവും മികച്ച ഗ്രന്ഥമാണ് സുരേന്ദ്രന്‍ സാറിന്റേത്. അക്കാലത്താണ് ദസ്തയെ വിസ്‌കിയെക്കുറിച്ച് ഒരു നോവലെഴുതണം എന്നു തീരുമാനിക്കുന്നത്. പിന്നീട് നോവല്‍ പൂര്‍ത്തിയാക്കി ദീപിക ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നപ്പോള്‍ അദ്ദേഹം പറഞ്ഞു. കഠ കട അ ഏഞഋഅഠ ചഛഢഋഘ മറ്റാരും കാണുന്ന കാഴ്ചയിലൂടെ ദസ്തയെവിസ്‌കിയെ ഒരു വിശുദ്ധനായി തനിക്കു കാണാന്‍ കഴിഞ്ഞു. ചൂതുകളിയെ ദാര്‍ശനികമായ ഒരു ഉള്‍കാഴ്ചയോടെ സമീപിച്ചു. എനിക്കു കിട്ടിയ ആദ്യത്തെ അവാര്‍ഡായിരുന്നു അത്.
മലയാളത്തിലെ പ്രസാധകരംഗത്ത് അപൂര്‍വ്വമായ ഒരു ബന്ധമാണല്ലോ സങ്കീര്‍ത്തനംപോലെ പുറത്തുവന്നതോടെ ആശ്രാമം ഭാസിയുമായിട്ടുള്ളത്. എങ്ങനെയാണ് അത് രൂപപ്പെട്ടത്.
ഒരു സങ്കീര്‍ത്തനംപോലെ എഴുതുമ്പോള്‍ ഞാന്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമാണ്. അംഗങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കണ്ട എന്ന ഞങ്ങളുടെ തീരുമാനപ്രകാരം മറ്റൊരു പ്രസി ദ്ധീകരണശാലയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് ഭാസിപുസ്തകം കാണുന്നത്. മറ്റൊന്നും ആലോചിക്കാതെ ഭാസി ഇതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കുകയായിരുന്നു. ആദ്യപതിപ്പായ മൂവായിരം കോപ്പി ഒന്നരമാസം കൊണ്ടു വിറ്റഴിഞ്ഞു. വായനമരിക്കുന്നു എന്നു വിലപിക്കുന്ന സമയത്ത് വായനയെ തിരിച്ചുപിടിച്ച ഒരു പുസ്തകമായി മാറി ഒരു സങ്കീര്‍ത്തനംപോലെ. അഷ്ടപദിയോ, അഭയമോ, അന്തിവെയിലിലെ പൊന്നോ, എന്റെ ജീവിതത്തെ മാറ്റി മറിച്ചതിനേക്കാളേറെ ഒരു സങ്കീര്‍ത്തനം എന്റെ ജീവിതത്തെ മാറ്റിത്തീര്‍ത്തു. ഇപ്പോള്‍ നൂറാം പതിപ്പില്‍ എത്തിനില്ക്കു മ്പോള്‍ ഞാനും ഭാസിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഒരു പുതിയ ചരിത്രം കൂടിയാകുന്നു. ഭാസിയുടെ പ്രസാധക സംരംഭത്തിന്റെ പേരുതന്നെ സങ്കീര്‍ത്തനം പബ്‌ളിക്കേഷന്‍ എന്നാകുമ്പോള്‍ അതും മറ്റൊരു ചരിത്രമായി മാറി.
ഒരു സങ്കീര്‍ത്തനം പോലെയുടെ എഴുത്തനുഭവം എങ്ങനെയായിരുന്നു.
ദസ്തയെവിസ്‌കിയുടെ ജീവിതം ഒരു പീഡാനുഭവം ആയിരുന്നു. അദ്ദേഹം സ്‌നേഹിതരുമായി ഒരുമിച്ചിരിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഒറ്റയ്ക്കാവുന്ന നിമിഷങ്ങളില്‍ പീഡിതമായ ഒരു ആത്മാവായി മാറുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ കള്ളുകുടി ക്കാതെയും ചൂതുകളിക്കാതെയും അപസ്മാരമില്ലാതെയും നമുക്ക് ആ അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ കഴിയും.
ഇത് എഴുതുമ്പോള്‍ എനിക്കും ഒരു തരം ഭ്രാന്തായിരുന്നു. ഏതോ ചെകുത്താന്‍ കൂടിയിരിക്കുന്നു എന്നാണ് ഭാര്യ എന്നോടുപറഞ്ഞത്. അതെ വിശുദ്ധനായ ചെകുത്താന്‍ എ ന്നു ഞാനവളോടു മറുപടി പറഞ്ഞു. ആ ദിവസങ്ങളിലൊക്കെ എന്റെ മനസ്സിനു തീപിടിച്ചപോലെ ആയിരുന്നു. ഒട്ടും പ്രസാദി ക്കാത്ത ഒരു ദേവതയെ പ്രസാദിപ്പിക്കാനുള്ള യാഗമായിരുന്നു ആ എഴുത്ത്. തോരാതെപെയ്യുന്ന പെരുമഴയില്‍ എന്റെ മനസ്സി ലെ പച്ചക്കാടുകള്‍ കത്തിക്കൊണ്ടിരുന്നു ഇന്ന് ആ ദിവസങ്ങ ളെ ഞാന്‍ അങ്ങനെയാണ് ഓര്‍ക്കുന്നത്.
റഷ്യയും സെന്റ്പീറ്റേഴ്‌സ്ബര്‍ഗും കാണാതെ എങ്ങനെ യാണ് ഇത്ര ഹൃദയസ്പര്‍ശിയായി അതിനെ ആവിഷ്‌ക്കരി ക്കാനായത്.
റഷ്യന്‍ ക്ലാസിക്കുകള്‍ വായിച്ച് റഷ്യയുടെ അകവും പുറ വും ഞാന്‍ ഹൃദിസ്ഥമാക്കിയിരുന്നു. പിന്നീട് ഈ പെരുമ്പടവം കാരനെ റഷ്യ കാണിക്കാന്‍ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലെ രതീഷ് തീരുമാനിക്കുന്നു. പിന്നെ അതൊരു ഉീരൗളശരശേീി ആയി വികസിച്ചു. ബേബി മാത്യു സോമതീരം നിര്‍മ്മിച്ച് സക്കറിയ തിരക്കഥയെഴുതി ഷൈനിജേക്കബ് ബഞ്ചമിന്‍ സംവിധാനം ചെയ്ത ചിത്രത്തിനുവേണ്ടിയാണ് ഞാന്‍ റഷ്യയില്‍ പോകുന്ന ത്. ദസ്തയെ വിസ്‌കി പോകാറുള്ള പള്ളികള്‍, പുഴയുടെ തീരം ഒക്കെ സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ പഴയ ആ ഉന്മാദാവ സ്ഥയിലെത്തി. അദ്ദേഹത്തിന്റെ എഴുത്തു മേശയ്ക്കു മുന്നില്‍ മുട്ടുകുത്തി ശിരസ്സമര്‍ത്തി കുറെ നേരം ഞാന്‍ കിടന്നു.
എന്റെ മനസ്സിലെ സങ്കടക്കടല്‍ ഇളകിമറിയുകയായിരുന്നു അപ്പോള്‍
അന്നയുടെയും ദസ്തയെ വിസ്‌കിയുടെയും പ്രണയം പോലെ വിശുദ്ധമായിരുന്നല്ലോ സാറിന്റെ ജീവിതവും. ഇണ നഷ്ടപ്പെട്ട ഇപ്പോഴത്തെ അവസ്ഥ.
എല്ലാവരാലും ഒറ്റപ്പെട്ട്, ഞങ്ങള്‍ രണ്ടുപേരും അനാഥരെ പ്പോലെ ജീവിച്ച ഒരു കാലമുണ്ട്. അന്നാണ് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നത്. അന്ന് ജീവിക്കാന്‍ ഞങ്ങള്‍ക്കു ഞങ്ങളുടെ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ എന്റെ പാതിയാണ് എനിക്കു നഷ്ടപ്പെട്ടത്. ഇപ്പോള്‍ ഇരുട്ടുകൊണ്ടും നിശ്ശബ്ദതകൊണ്ടും ഉണ്ടാക്കപ്പെട്ട ആളെപ്പോലെയാണ് ഞാന്‍.
എഴുത്തിനിടെ മദ്യപിക്കാന്‍ പോകുന്ന ദസ്തയെ വിസ്‌കിയോടു എതിര്‍പ്പുണ്ടെങ്കിലും ‘നിനക്കും എന്നെ മനസ്സിലാകുന്നില്ലേ അന്നാ’ എന്ന ചോദ്യത്തിനു മുന്നില്‍ സ്വന്തം കൈയിലെ പണംകൊടുത്ത് വിടുന്ന അന്ന, മദ്യമില്ലാതെ അദ്ദേഹത്തിനു നിലനില്‍പ്പില്ല എന്ന തിരിച്ചറിവാണ് അവരുടെ പ്രണയം. അദ്ദേഹത്തിന്റെ നഷ്ടം ഒരു സമൂഹത്തിന്റെയും റഷ്യയുടെയും നഷ്ടമാണെന്നു തിരിച്ചറിയുകയും മദ്യംകൊണ്ടോ ചൂതുകളികൊണ്ടോ അദ്ദേഹം നിലനില്‍ക്കണം എന്നും അന്ന തീരുമാനിക്കുന്ന ആ നിമിഷം ആ അദ്ധ്യായം വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ ഭാര്യ കണ്ണീരിന്റെ തോരാത്ത മഴയായി. ഞങ്ങളനുഭവിച്ച ദുരിതങ്ങളുടെയും പ്രണയത്തിന്റെ ഓര്‍മ്മകളില്‍ അവള്‍ നനയുകയായിരുന്നു.
ഇന്ന് ഞാനനുഭവിക്കുന്ന മഹാശൂന്യതയില്‍ ദസ്തയെ വിസ്‌കിയും,ലൈലയുമാണ് എന്റെ കൂട്ട്. ഒരു സങ്കീര്‍ത്തനം പോലെയാണ് ഇന്നെന്റെ ജീവിതവും.
പ്രതികരണങ്ങള്‍
ഒരു സങ്കീര്‍ത്തനംപോലെ എന്നല്ല ഇത് ഒരു സങ്കീര്‍ത്തനം തന്നെയാണ് അതു കൊണ്ട് അങ്ങനെ ഈ പേര് മാറ്റണം
ഒ.വി.വിജയന്‍,തിക്കുറിശ്ശി
32 പ്രാവശ്യം ഞാനീ നോവല്‍ വായിച്ചു. ഇത് ദസ്തയെ വിസ്‌കിയുടെ കഥയല്ല, പെരു മ്പടവത്തിന്റെ കഥയുമല്ല, ഇത് എന്റെ കഥയാണ്. ആകുലതകള്‍ ഒതു ക്കിപ്പിടിച്ചു ജീവിക്കുന്ന എല്ലാപേരുടേ യുമാണ്.
(ഇംഗ്ലീഷ് ആധ്യാപികയുടെ കത്തില്‍ നിന്ന്)
ഹരിനാമകീര്‍ത്തനവും, മഹാഭാരതവും മാത്രം വായിക്കുന്ന എനിക്ക് അവിസ്മ രണീയമായ ഒരു വായനാനുഭവം തന്ന കൃതിയാണിത്. (ലക്ഷ്മിയമ്മ- 82 വയസ്സ്)
മറ്റൊരു അന്ന
ഒരു പുരോഹിതന് ഇടവകയിലെ ഒരു പെണ്‍കുട്ടി ഒരു സമ്മാനവുമായി എത്തി. ഇന്ന് എന്റെ പിറന്നാളാണ് അച്ഛന് ഒരു ഉപഹാരം തരാനാണു വന്നത് എന്നു പറഞ്ഞവള്‍ ഒരു സമ്മാനപ്പൊതി അദ്ദേഹത്തെ ഏല്‍പ്പിച്ചു. രാത്രി കിടക്കുന്നതിനുമുന്‍പ് മാത്രമേ തുറക്കാവൂ എന്നവള്‍ പ്രത്യേകം പറഞ്ഞു. അച്ഛന്‍ രാത്രി സമ്മാനപ്പൊതി അഴിച്ചുനോക്കുമ്പോള്‍ അതില്‍ ഒരു സമര്‍പ്പണം എഴുതി ചേര്‍ത്തിട്ടുണ്ട്. പിന്നീട് ഉള്‍ത്താളുകളിലേക്ക് കടക്കുമ്പോള്‍ പലയിടത്തും പച്ചമഷികൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ വായിച്ചുതീര്‍ത്തപ്പോള്‍ അച്ഛന്‍ വിയര്‍ത്തു പോയി. ഒടുവില്‍ പുസ്തകം മടക്കി ക്രൂശിത രൂപ)ത്തിനുമുന്നില്‍ നിന്ന് അച്ഛന്‍ പ്രാര്‍ത്ഥനാ ഭരിതനായി, തന്റെ മനസ്സിനെ കീഴടക്കി. കാരണം, അവള്‍ അടയാളപ്പെടുത്തിയതത്രയും പ്രണയ വരികളായിരുന്നു. ഒരു നോവല്‍ വായനയുടെ നേരനുഭവം ഈ പുരോഹിതന്‍ തന്നെയാണ് പെരുമ്പടവത്തോടു പറഞ്ഞത്. ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍.