സംസ്ഥാന സർക്കാർ പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം അട്ടിമറിക്കുന്നു- ബിജെപി

162
0

പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്തി.

സംസ്ഥാന സർക്കാർ പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധീർ പറഞ്ഞു. പട്ടികജാതി സംവരണ അട്ടിമറിക്കെതിരെയും, പട്ടികജാതി പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും, പട്ടികജാതി മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.2742 പട്ടികജാതി സംവരണ ഒഴിവുകളിൽ നിയമനം നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. കൃത്യമായ ഇടവേളകളിൽ സർക്കാർ സർവീസിലെ പട്ടികജാതി /പട്ടികവർഗ്ഗ പ്രാതിനിധ്യം പരിശോധിക്കുന്നതിനും, സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടപടികൾ കാര്യക്ഷമമാക്കുന്നതിനും വേണ്ടി രൂപീകരിച്ച പൊതുഭരണ വകുപ്പിലെ എംപ്ലോയ്മെന്റെ സെൽ ബി നിറുത്തലാക്കിയത് സംവരണ നിയമനങ്ങൾ നടത്താതിരിക്കുവാൻ വേണ്ടിയാണ്. സർക്കാർ നിയമനങ്ങളിലെ പട്ടിക വിഭാഗ പ്രതിനിധ്യ കുറവ് കണ്ടെത്തി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടപടികൾ ഏകോപിപ്പിക്കേണ്ട വിഭാഗത്തെയാണ് നിറുത്തലാക്കിയത്.സർക്കാർ പൊതുഭരണ വകുപ്പിലെ എംപ്ലോയ്മെന്റ് സെൽ ബി പുന:സ്ഥാപിക്കാനും, ഒഴിവുള്ള പട്ടിക വിഭാഗ സംവരണ തസ്തികകളിൽ നിയമനം നടത്താനും സർക്കാർ തയ്യാറാകണം.

പട്ടികജാതി വിദ്യാർത്ഥികളോട് വഞ്ചനാപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനത്ത് പട്ടികവിഭാഗ വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാൻഡും സ്റ്റൈപന്റും വിതരണം ചെയ്തിട്ടില്ല. വിദ്യാർത്ഥികയുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉടൻ തന്നെ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ പട്ടികജാതി /വർഗ്ഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും, പീഡനങ്ങളും ക്രമാതീതമായി വർദ്ധിക്കുകയാണ്. പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല.

പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു , മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സ്വപ്നജിത്ത്, വൈസ് പ്രസിഡന്റ് അഡ്വ സന്ദീപ് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ രമേശ്‌ കൊച്ചുമുറി, മധുസൂദനൻ, ജില്ലാ ജനറൽ സെക്രെട്ടറി രതീഷ് പുഞ്ചക്കരി,വൈസ് പ്രസിഡന്റ്റുമാരായ പാറയിൽ മോഹനൻ, ബൈജു ദേവ്, സെക്രട്ടറി വർക്കല ശ്രീനിവാസൻ,നിഷാന്ത് വഴയില, പ്രശാന്ത്, മഹേഷ് തമലം എന്നിവർ നേതൃത്വം നൽകി..