സംസ്ഥാനത്ത് ഹൈപ്പർ മാർക്കറ്റ് ശ്യംഖലയുമായി നെസ്റ്റോ ഗ്രൂപ്പ്

103
0

ആരംഭിക്കുന്നത് 10 ഹൈപ്പർ മാർക്കറ്റുകൾ; 3500 പേർക്ക് തൊഴിൽ

സംസ്ഥാനത്ത് 10 ഹൈപ്പർ മാർക്കറ്റുകൾ രണ്ട് വർഷത്തിനുള്ളിൽ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ പദ്ധതിയുമായി നെസ്റ്റോ ഗ്രൂപ്പ്. വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിച്ച മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിൽ നെസ്റ്റോ ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചു. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് സൂപ്പർ മാർക്കറ്റ് ശൃംഖലയുള്ള പ്രമുഖ ഗ്രൂപ്പാണ് നെസ്റ്റോ.

കൽപ്പറ്റ നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടുണ്ടായ തൊഴിൽ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടതിനു പിന്നാലെ വലിയൊരു നിക്ഷേപത്തിന് പദ്ധതിയുമായി നെസ്റ്റോ ഗ്രൂപ്പ് മുന്നോട്ട് വന്നത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം വ്യക്തമാക്കുന്നുവെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഈ വർഷവും അടുത്ത വർഷവുമായി
പത്ത് ഹൈപ്പർ മാർക്കറ്റുകൾ ആരംഭിച്ച് 3500 തൊഴിലവസര സൃഷ്ടിയാണ് നെസ്റ്റോ കേരളത്തിൽ ഉദ്ദേശിക്കുന്നത്.
‘മീറ്റ് ദ ഇൻവെസ്റ്റർ’ പരിപാടിയുടെ ഭാഗമായി നെസ്റ്റോ ഗ്രൂപ്പ് മാനേജ്മെന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ നെസ്റ്റോയുടെ പദ്ധതികൾ സാക്ഷാത്ക്കരിക്കാനുള്ള കാര്യപരിപാടി തയ്യാറാക്കിയതായും പദ്ധതി ഏകോപനത്തിന് ഒരു നോഡൽ ഓഫീസറെ നിശ്ചയിച്ചതായും മന്ത്രി പറഞ്ഞു.

ഈ വർഷം 4 ഹൈപ്പർ മാർക്കറ്റുകളാണ് നെസ്റ്റോ ഗ്രൂപ്പ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്നത്. എടപ്പാൾ, കണ്ണൂർ, കുറ്റ്യാടി, കോഴിക്കോട് എന്നിവയാണവ. ഈ നാല് ഹൈപ്പർ മാർക്കറ്റുകളിലായി 850 പേർക്ക് പുതുതായി തൊഴിൽ നൽകും. അടുത്ത വർഷം തൃശൂർ, തിരൂർ, കോട്ടക്കൽ, പെരിന്തൽമണ്ണ, സുൽത്താൻ ബത്തേരി, ഇരിട്ടി എന്നിങ്ങനെ 6 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും. ഇവയിലൊട്ടാകെ 2650 തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2020 ലാണ് നെസ്റ്റോ കേരളത്തിലെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ അനുമതികൾ നേടുന്നതിനുമായി കെ.എസ്.ഐ.ഡി.സി യുടെ ഡി.ജി.എമ്മിനെ നോഡൽ ഓഫീസറായി നിശ്ചയിച്ചു.

കൽപ്പറ്റയിലെ ഹൈപ്പർ മാർക്കറ്റുമായി ബന്ധപ്പെട്ട തൊഴിൽ തർക്കം സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ജില്ലാ വ്യവസായ കേന്ദ്രത്തോട് വ്യവസായ മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. വിഷയം തൊഴിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. തൊഴിലാളി സംഘടനകളുടെ സംസ്ഥാന നേതാക്കളുമായും വിഷയം ചർച്ച ചെയ്തതായി പി.രാജീവ് പറഞ്ഞു.
നിക്ഷേപ സൗഹൃദ റാങ്കിംഗിൽ 28 ൽ നിന്ന് 15 ലേക്ക് കേരളം എത്തിയത് കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.