ശിവനയനം’ മോഹന്‍ലാല്‍ പ്രകാശനം ചെയ്യും യുട്യൂബ് ചാനല്‍ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍

136
0

കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനും ചലച്ചിത്രസംവിധായകനുമായ ശിവനെ കുറിച്ച് കേരള മീഡിയ അക്കാദമി നിര്‍മിച്ച ശിവനയനം എന്ന ഡോക്യുഫിക്ഷന്‍ മഹാനടന്‍ മോഹന്‍ലാല്‍ ആഗസ്റ്റ് 18 ബുധന്‍ വൈകിട്ട് 4.00ന് റിലീസ് ചെയ്യും. ശിവന്റെ മകനും രാജ്യാന്തരപ്രശസ്തനായ ചലച്ചിത്രകാരനുമായ സന്തോഷ് ശിവനാണ് സംവിധാനം നിര്‍വ്വഹിച്ചത്.

തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അക്കാദമിയുടെ പുതിയ യുട്യൂബ് ചാനല്‍ തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. ശിവനയനത്തിന്റെ രചന പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ വി.എസ്.രാജേഷിന്റേതാണ്. ഐക്യകേരളത്തിന് മുമ്പും പിമ്പുമുളള നാടിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ചാണ് ശിവന്റെ സംഭാവനകള്‍ രേഖപ്പെടുത്തിയത്. എം.ടി.വാസുദേവന്‍ നായര്‍, മോഹന്‍ലാല്‍ എന്നിവര്‍ ഉള്‍പ്പെടെയുളളവര്‍ നടത്തിയ നിരീക്ഷണങ്ങളും ഈ ഹ്രസ്വചിത്രത്തെ വേറിട്ടതാക്കുന്നു. 45 മിനിട്ട് ദൈര്‍ഘ്യമുളള ഈ ഹ്രസ്വചിത്രം ചടങ്ങിന് ശേഷം പ്രദര്‍ശിപ്പിക്കും. അക്കാദമിയുടെ യുട്യൂബ് ചാനലിലും ലഭ്യമാകും.

ശിവനയനത്തിന്റെ പ്രകാശനചടങ്ങില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാപ്രസിഡന്റ് സുരേഷ് വെളളിമംഗലം, സംഗീത് ശിവന്‍, സരിത ശിവന്‍, സ്വരലയ ചെയര്‍മാന്‍ ജി.രാജ്‌മോഹന്‍, ഭാരത് ഭവന്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി അഭിജിത് നായര്‍, ദീപപ്രസാദ്, മീഡിയ അക്കാദമി സെക്രട്ടറി എന്‍.പി.സന്തോഷ് എന്നിവര്‍ പങ്കെടുക്കും.