വ്യവസായവും വാണിജ്യവും തമ്മിലുള്ള വ്യത്യാസം കേരളം ഇനിയും മനസ്സിലാക്കിയിട്ടില്ല

132
0

കഴിഞ്ഞ ദിവസങ്ങളിൽ എം ഏ യൂസഫലി കേരളത്തിലും യുപിയിലും നിക്ഷേപങ്ങൾ നടത്തുകയുണ്ടായി… കേരളത്തിൽ ഒരു വമ്പൻ മാൾ ഉദ്ഘാടനം ചെയ്തപ്പോൾ യുപിയിലെ നോയ്ടയിൽ ഒരു വലിയ ഫുഡ് പ്രോസസ്സിംഗ് പാർക്കിനാണ് നിക്ഷേപം ഇറക്കുന്നത്…

അവിടെ സംഭരിച്ച് പ്രോസസ്സ് ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങൾ ലോകം മുഴുവനുമുള്ള ലുലു മാളുകളിലൂടെ വിപണനം ചെയ്യും..

ഇതാണ് വ്യവസായം…കേരളത്തിലെത് വാണിജ്യം…

അതായത് വ്യവസായ സ്ഥാപനത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ ആവശ്യക്കാരിൽ എത്തിക്കാനുള്ള ഉപാധി മാത്രമാണ് വാണിജ്യം…. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ യുപിയിൽ യൂസഫലി നെല്ല് വാങ്ങി ഒരു നെല്ലുകുത്ത് മില്ല് ഇട്ടു… കേരളത്തിൽ അത്‌ വിൽക്കാൻ ഒരു പലചരക്കു കടയും തുടങ്ങി…

ഒരു രാജ്യത്തിന്റെയും പ്രദേശത്തിന്റെയും സാമ്പത്തിക നിലനിൽപ്പിന്റെ അടിസ്ഥാനം വ്യവസായമാണ്.. വാണിജ്യമല്ല…. അതിലൂടെയാണ് ദീർഘാനാളത്തേക്കുള്ള തൊഴിലാവസരങ്ങൾ ഉണ്ടാകുന്നത്… അതിലൂടെയാണ് അനുബന്ധ വ്യവസായങ്ങളും സ്ഥാപനങ്ങളും ഉണ്ടായി ആ പ്രദേശത്തിന്റെ സമഗ്രവികസനം സാധ്യമാകുന്നത്… വാണിജ്യസ്ഥാപനങ്ങൾ പൂട്ടിപ്പോയാലും അവിടെ ജോലി ചെയ്യുന്ന കുറച്ച് പേർക്കല്ലാതെ ആ പ്രദേശത്തിനു ഒന്നും സംഭവിക്കില്ല… ലുലു മാൾ നാളെ പൂട്ടിപ്പോയാലും ആളുകൾക്ക്‌ അരിയും പച്ചക്കറിയും മത്സ്യവും തുണിയും ഒക്കെ വാങ്ങാൻ ഇഷ്ടം പോലെ സ്ഥാപനങ്ങൾ ഉണ്ട്…

ഏറെ പണ്ടല്ലാത്ത കാലത്ത് രാജ്യത്തെ ഏറ്റവും വലിയ വ്യവസായസ്ഥാപനങ്ങളിൽ ഒന്ന് കോഴിക്കോട്ടെ മാവൂരിൽ ഉണ്ടായിരുന്നു… മാവൂർ ഗ്വാളിയാർ റയോൺസ്… എഴുപത് എൺപത് കാലത്ത് നാലക്കശമ്പളവും അഞ്ചക്ക ബോണസും നൽകിയിരുന്ന ആയിരക്കണക്കിന് തൊഴിലാളികൾ പ്രവർത്തിച്ചിരുന്ന ഭീമൻ വ്യവസായ സ്ഥാപനം…

റയോൺസിൽ ശമ്പളം കൊടുക്കുന്ന ദിവസവും തുടർന്നുള്ള ദിവസങ്ങളിലും കോഴിക്കോട് പട്ടണത്തിന് ആഘോഷരാവുകൾ ആയിരുന്നു… അക്കാലത്ത് വിവാഹമാർക്കറ്റിൽ സർക്കാർ ജോലിയേക്കാൾ പ്രിയം റയോൺസിലെ ജോലിക്കായിരുന്നു….

ആ മഹാസ്ഥാപനം പൂട്ടിച്ചതോടെ കോഴിക്കോടിന്റെ ആകെ സാമ്പത്തിക നട്ടെല്ല് തകർന്നു എന്ന് പറയാം… നൂറുകണക്കിന് കോടികളുടെ നികുതി നഷ്ടം, ആയിരങ്ങളുടെ വരുമാനനഷ്ടം, തൊഴിൽ നഷ്ടം… അവരുടെ പണം മാർക്കറ്റിൽ ഒഴുകിയപ്പോഴുണ്ടായിരുന്ന ഉണർവ്വ്…റയോൺസിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന മാവൂർ ഇന്നൊരു ശ്മശാനതുല്യമായ സ്ഥലമാണ്….

അതിനു ശേഷമാണു കേരളത്തിൽ വ്യവസായ നിക്ഷേപത്തിന് വൻ കമ്പനികൾ വരാതായത്… ഭയമാണവർക്ക്… അതിനു ശേഷമാണു കേരളം വലിയൊരു കൺസ്യൂമർ സ്റ്റേറ്റ് ആയത്… ജിഎസ്ടി വരുന്നതിനു മുമ്പ് വാളയാർ ചെക്ക് പോസ്റ്റ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോമഴ്സ്യാൽ ചെക്ക്പോസ്റ്റ് ആയിരുന്നു….

കാരണം ഇത്രേയുള്ളൂ… വല്ലവനും ഉണ്ടാക്കുന്ന സാധനങ്ങൾ കാശു കൊടുത്ത് വാങ്ങി മാത്രം ശീലിച്ച വലിയൊരു തലമുറയാണ് ഇവിടെ വളർന്നത്, അഥവാ കേരളത്തിലെ രാഷ്ട്രീയക്കാർ വളർത്തിയത്…

അതായത്… യുപിയിൽ യോഗി, ഭൂമിയും വൈദ്യതിയും സാഹചര്യങ്ങളും എല്ലാം ഒരുക്കിക്കൊടുത്ത് വളർത്തുന്ന നിക്ഷേപങ്ങളിലൂടെ വ്യവസായങ്ങൾ അവിടെ പണം കായ്ക്കുന്ന മരങ്ങളായി മാറും.. നികുതി വരുമാനത്തിന് പുറമേ ആയിരക്കണക്കിന് കോടികളാണ് അവിടെ മാർക്കറ്റിൽ കളിക്കുക..

അവിടെ നിന്ന് കിട്ടുന്ന സാധനങ്ങൾ ഇവിടെ പൊതുജനം കാശു കൊടുത്ത് വാങ്ങുമ്പോൾ അതിലെ കൈ നനയാതെ കിട്ടുന്ന ജിഎസ്ടി മാത്രമാണ് കേരളത്തിന്റെ വരുമാനം… വല്ലവനും കാശ് മുടക്കും, നാട്ടുകാർ വാങ്ങും സർക്കാർ നികുതി വാങ്ങും…

ഇങ്ങനെ വമ്പൻ വ്യവസായ സ്ഥാപങ്ങളെ ക്ഷണിച്ചുവരുത്തിയാണ് ചൈന പണമുണ്ടാക്കിയത്.. പണ്ട് കൊറിയയും ജപ്പാനും വികസിച്ചത്… അവിടുത്തെ ഉൽപ്പന്നങ്ങളാണ് ലോകം മുഴുവൻ വിപണനം ചെയ്യപ്പെട്ടത്…

ബുദ്ധിയും ദീർഘവീക്ഷണവുമുള്ള രാഷ്ട്രീയ നേതൃത്വം പ്രാധാന്യം കൊടുക്കുന്നത് വ്യവസായത്തിനും വ്യാവസായിക ഉത്പാദനത്തിനുമാണ്…..അതാണ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി… നിങ്ങൾ എവിടെ വേണമെങ്കിലും വിറ്റുകൊള്ളൂ…ഇന്ത്യയിൽ നിർമ്മിക്കണം… അതാണ് കാഴ്ചപ്പാട്…

അതില്ലാത്ത രാഷ്ട്രീയ നേതൃത്വത്തിന് വ്യവസായങ്ങളും വ്യവസായികളും ബൂർഷ്വകളും കൊള്ളക്കാരുമാണ്… അങ്ങനെയുള്ള സ്ഥലത്തേക്ക് ജീവനിൽ കൊതിയുള്ള ഒരു വ്യവസായിയും വരില്ല…

നാളെ കേരളത്തിലെ ലുലു മാൾ അങ്ങ് പൂട്ടിയാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല.. എന്നാൽ യുപിയിലെ ഫുഡ് പ്രോസസ്സിംഗ് പാർക്ക് പൂട്ടിയാൽ അങ്ങോർ വിവരമറിയും… അതാണ് യൂസഫലി യുപിയിൽ വ്യവസായി ആയതും കേരളത്തിൽ വ്യാപാരി ആയതും…