വോട്ടർപട്ടിക ശുദ്ധീകരണത്തില്‍ പങ്കാളികളായവർ ഒരുകോടി കടന്നു; ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കൽ യജ്ഞം തുടരുന്നു

93
0

സംസ്ഥാനത്ത് ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. 2,72,24,773 വോട്ടർമാരിൽ 1,01,24,187 പേർ വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിച്ചു. ആലപ്പുഴ, വയനാട്, കൊല്ലം ജില്ലകളില്‍ വോട്ടർമാരില്‍ പകുതിയിലധികവും ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാന പ്രകാരമുളള വോട്ടർ പട്ടികയുടെ ശുദ്ധീകരണ ദൗത്യത്തില്‍ പങ്കാളികളായ വോട്ടർമാർക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ നന്ദി അറിയിച്ചു. ശേഷിക്കുന്ന വോട്ടർമാരും തങ്ങളുടെ വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ രംഗത്തേക്ക് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ആധാർ – വോട്ടർ ഐഡി ബന്ധിപ്പിക്കൽ ഇപ്പോഴും പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴിയോ ഫോറം 6ബി പൂരിപ്പിച്ച് ആധാർ ലിങ്ക് ചെയ്യാവുന്നതാണ്. ബിഎൽഒമാരുടെ സേവനവും പ്രയോജനപ്പെടുത്താം. ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി സംസ്ഥാനത്ത് എല്ലാ കളക്ട്രേറ്റുകളും താലൂക്ക് ഓഫീസുകളും മറ്റ് സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകളും പ്രവർത്തിക്കുന്നുണ്ട്.