വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ് പ്രദീപ്‌ ഇന്ന് ചുമതലയേൽക്കും

121
0

തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനായി ജി. എസ് പ്രദീപ്‌ ഇന്ന് ചുമതലയേൽക്കും. വൈകുന്നേരം നാലര മണിക്ക് ഭരണസമിതി ചെയർമാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേരുന്ന ഭരണസമിതിയോഗത്തിന് ശേഷമാണ് ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുക.

കൈരളി ചാനൽ പരിപാടിയായിരുന്ന അശ്വമേധത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയയാളാണ്.
ഓർമ്മശക്തിയും വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ ടെലിവിഷൻ അവതാരകനും കേരളത്തിലെ ഏറ്റവും ജനപ്രിയനായ പ്രാസംഗികനുമാണ് ജി. എസ്. പ്രദീപ്. മലയാളം, തമിഴ്, തെലുങ്ക്, സിംഹള ചാനലുകളിൽ 25 വർഷമായി 5000 ലധികം എപ്പിസോഡുകൾ ചെയ്തു. അറുനൂറിലധികം അവാർഡുകൾ നേടിയിട്ടുണ്ട്. 16 രാജ്യങ്ങളിൽ 2000ത്തിലധികം വൈജ്ഞാനിക പരിപാടികളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

വേദത്രയം, കഥായനം, അനശ്വര സ്മരണകൾ, അശ്വമേധാനുഭവങ്ങൾ ,ബ്രെയിൻ മാജിക്, വാക്കെരിയുമ്പോൾ, മാനസിയുടെ അശ്വമേധം, ബ്രെയിൻ ബ്രാറ്റിൽ (ഇംഗ്ലീഷ്) എന്നീ 8 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

1972 മേയ് 15ന് തിരുവനന്തപുരത്ത് കിളിമാനൂരിൽ ജനനം. സമകാലിക ലോകസംഭവങ്ങളെ സംബന്ധിച്ച് വിപുലമായ ജ്ഞാനത്തിനുടമയാണ്. ആദ്യമായി വിപരീതപ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. സംസ്ഥാനതല കാരംസ് കളിക്കാരനായിരുന്നു.
കേരള സർവകലാശാല യുവജനോത്സവത്തിൽ മലയാളം പ്രസംഗത്തിൽ 1987 – 1993 കാലഘട്ടത്തിലായി ആറു തവണ തുടർച്ചയായി വിജയിയായി.

ജസ്റ്റ് എ മിനിറ്റ് എന്ന പരിപാടിയിലൂടെ പതിനാലാം വയസ്സിലാണ് ആദ്യമായി ടെലിവിഷനിൽ എത്തിയത്.

ഗവ. ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, എസ്.എം കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഇടതുപക്ഷ സഹയാത്രികനും പു.ക. സ. സംസ്ഥാന കൗൺസിൽ അംഗവുമാണ്.

ഭാര്യ: ക്ലാസിക്കൽ നർത്തകി ബിന്ദു പ്രദീപ്‌. മക്കൾ: സൗപർണ്ണിക, സൂര്യനാരായണൻ.