വെരിക്കോസ് വെയിനുകള്‍

212
0

ഡോ. (മേജര്‍) നളിനി ജനാര്‍ദ്ധനന്‍, പൂനെ


കാലിലെ സിരകളില്‍ (വെയിനുകള്‍) ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നു പറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം ഹൃദയത്തിലേക്ക് വഹിച്ചു കൊണ്ടുപോകുന്ന സിരകളിലെ വാല്‍വുകളിലുണ്ടാകുന്ന തകരാറാണ് ഇതിനു കാരണം. അതിന്റെ ഫലമായി അശുദ്ധരക്തം കെട്ടിക്കിടക്കുന്നതുകൊണ്ട് കാലില്‍ സിരകള്‍ തടിച്ചുവീര്‍ത്തു ചുരുണ്ടു കിടക്കുന്നതായി കാണപ്പെടുന്നു.
സിരകള്‍ മൂന്നു തരത്തിലുണ്ട്. ആന്തരിക സിരകള്‍ (Deep veins) ഉപരിതലത്തിലുള്ള സിരകള്‍(Superficial veins ) ഈ രണ്ടുതരം സിരകളെയും ബന്ധിപ്പിക്കുന്ന സിരകള്‍ (Perforator veins) .കാലിലെ ആന്തരികസിരകള്‍ മാംസപേശികള്‍ക്കിടയില്‍ ഉള്ളിലായി കാണപ്പെടുന്നു. ഉപരിതലത്തിലുള്ള സിരകള്‍ മാംസപേശികള്‍ക്കു പുറത്ത് ചര്‍മ്മത്തിനു തൊട്ടുതാഴെയാണു കാണപ്പെടുന്നത്. കാല്‍വണ്ണയിലെ വലിയ സിരകളില്‍ സാധാരണയായി കാണപ്പെടുന്ന വെരിക്കോസ് വെയിനുകള്‍ ഒരു സൗന്ദര്യ പ്രശ്‌നമാണെന്നു മാത്രമേയുള്ളു. പലപ്പോഴും കാര്യമായ ചികിത്സ വേണ്ടിവരില്ല. പക്ഷേ പാദങ്ങളിലെ ചര്‍മ്മത്തിനടയില്‍ കാണപ്പെടുന്ന സൂക്ഷ്മസിരകളില്‍ രക്തം കെട്ടിനില്ക്കുമ്പോള്‍ ക്രമേണ ഉണങ്ങാത്ത വ്രണമുണ്ടാവാനും അതില്‍ ചിലപ്പോള്‍ കാന്‍സറോ മാരകമായ പഴുപ്പോ ഉണ്ടാവാനും സാദ്ധ്യതയുണ്ട്.
കാരണങ്ങള്‍
സിരകളിലെ വാല്‍വുകള്‍ ഇല്ലാതിരിക്കുകയോ, ഉണ്ടെങ്കില്‍ അവയ്ക്ക് ശക്തി കുറയുകയോ ചെയ്യുമ്പോള്‍ വെരിക്കോസ് വെയിനുകള്‍ ഉണ്ടാവുന്നു. കാരണം വാല്‍വുകളാണ് രക്തം പുറകോട്ടൊഴുകുന്നത് തടയുന്നത്. ഇത് പാരമ്പര്യമായി ഉണ്ടാവാന്‍ സാദ്ധ്യത കൂടുതലാണ് എന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് ഏതുപ്രായത്തിലും ഉണ്ടാവാം, പക്ഷേ സ്ത്രീകള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഇതുണ്ടാവാനുള്ള സാദ്ധ്യത കൂടുന്നു.വ്യായാമക്കുറവ്,അലസമായ ജീവിതശൈലി, പൊണ്ണത്തടി, കൂടുതല്‍ നേരം നില്ക്കുക, ഗര്‍ഭാവസ്ഥ എന്നിവയെല്ലാം വെരിക്കോസ് വെയിനുകള്‍ ഉണ്ടാക്കാനിടയുണ്ട്. അതിനു പുറമേ ചില രോഗങ്ങളും (ഉദാ: സിരകളെ ബാധിക്കുന്ന ഫ്‌ളിബൈറ്റിസ് എന്ന രോഗം സിരകളില്‍ രക്തക്കട്ടകൊണ്ട് ഉണ്ടാവുന്ന തടസ്സം സിരകള്‍ക്ക് ജന്മനാ ഉണ്ടാവുന്ന വൈകല്യങ്ങള്‍) ഇതിനു കാരണമാവാം.
ലക്ഷണങ്ങള്‍
കാല്‍വണ്ണയില്‍ നീര്, കറുപ്പുനിറം, ചൊറിച്ചില്‍,ചര്‍മ്മത്തിനു കട്ടികൂടുക,കാലില്‍ സിരകള്‍ തടിച്ചു ചുരുണ്ടു കിടക്കുക, കാലിനു ഭാരവും വേദനയും തളര്‍ച്ചയും ഉണ്ടാവുക എന്നിവ ലക്ഷണങ്ങളില്‍പ്പെടുന്നു. കാല്‍ പൊക്കിവെക്കുമ്പോള്‍ ആശ്വാസം തോന്നാം.
സങ്കീര്‍ണ്ണതകള്‍
രക്തസ്രാവം : തടിച്ചു നില്‍ക്കുന്ന സിരകള്‍ പൊട്ടിയാല്‍ രക്തസ്രാവമുണ്ടാവും.
സിരകള്‍ക്കുള്ളില്‍ രക്തം കട്ടപിടിച്ച് രക്തക്കട്ട ഉണ്ടാവുക (Thrombophlebitis).കാല്‍വണ്ണയിലെ ചര്‍മ്മത്തിനു കട്ടിക്കൂടുക, കറുപ്പുനിറം ചൊറിച്ചില്‍ എക്‌സിമ(Eczema) പോലുള്ള ചര്‍മ്മരോഗം.
ഉണങ്ങാത്ത വ്രണം (Denous ulcer) ഈ വ്രണത്തില്‍ നിന്നും നീരോ പഴുപ്പോ വരികയും ചിലപ്പോള്‍ പിന്നീട് കാന്‍സര്‍ ആയിത്തീരുകയും ചെയ്യുന്നു.
രോഗനിര്‍ണ്ണയം
ഡോക്ടര്‍ ആദ്യമായി കുടുംബചരിത്രം ചോദിച്ചു മനസ്സിലാക്കുന്നു. കാരണം വെരിക്കോസ് വെയിന്‍ അധികവും പാരമ്പര്യമായി ലഭിക്കാറുണ്ട്. അതിനുശേഷം ലക്ഷണങ്ങളെയും സങ്കീര്‍ണ്ണതകളെയും കുറിച്ചു ചോദിച്ചു മനസ്സിലാക്കുന്നു. 5-10 മിനുട്ടു നേരം നിന്നാല്‍ ഞരമ്പുകള്‍ വ്യക്തമായി തെളിഞ്ഞു കാണാന്‍ കഴിയും. രോഗിക്ക് മറ്റു രോഗങ്ങളുണ്ടോ എന്നും ഡോക്ടര്‍ പരിശോധിക്കുന്നു. അതിനുശേഷം ചില പരിശോധനകള്‍ നടത്തി, ചികിത്സ തീരുമാനിക്കുന്നു.
പരിശോധനകള്‍
1.ഡോപ്ലര്‍ അള്‍ട്രാസോണോഗ്രഫി (Doppler Ultra Sonography)
വാല്‍വുകളുടെ തകരാറുകള്‍, ഏതു ഭാഗത്താണ് ആന്തരിക സിരകളില്‍നിന്ന് ഉപരിതല സിരകളിലേക്കു രക്തമൊഴുകുന്നത് എന്നീ കാര്യങ്ങള്‍ ഈ പരിശോധന കൊ ണ്ട് കണ്ടുപിടിക്കാന്‍ കഴിയും.
2.ഡ്യൂപ്ലെക്‌സ് ഇമേജിങ്(Duplex Imaging)
ഈ പരിശോധനയില്‍ അള്‍ട്രാസോണാഗ്രാഫിയോടൊപ്പം ബിമോഡ്(B mode) തരംഗങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് കമ്പ്യൂട്ടറിന്റെ സഹായത്തോടെ സിരകളുടെ ചിത്രങ്ങളെടുക്കുന്നു.
ചികിത്സ
ചികിത്സ തുടങ്ങുന്നതിനു മുമ്പ് ആന്തരികസിരകളില്‍ തടസ്സമുണ്ടോ എന്നറിയാനാണ് മേല്പറഞ്ഞ പരിശോധനകള്‍ നടത്തുന്നത്. തടസ്സമുണ്ടെങ്കില്‍ അത് അലിയിക്കാനുള്ള മരുന്നുകളോ മറ്റു ചികിത്സകളോ കൊണ്ട് മാറ്റിയശേഷം മാത്രമേ വെരിക്കോസ് വെയിനുകളുടെ ചികിത്സ തുടരുകയുള്ളു.
തടിച്ച സിരകളുടെ വലുപ്പം,സ്ഥാനം,ലക്ഷണങ്ങള്‍,ചര്‍മ്മത്തിലെ മാറ്റങ്ങള്‍ എന്നിവയനുസരിച്ച് ചികിത്സ വ്യത്യസ്തമായിരിക്കും.
കമ്പ്രഷന്‍ചികിത്സ(Compression Therapy)
വലിയ സിരകളില്‍ മാത്രം രോഗമുള്ളവരില്‍ 20% പേര്‍ക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ചികിത്സ വേണ്ടിവരാറില്ല. മിക്കവാറും ഒരു സൗന്ദര്യപ്രശ്‌നം മാത്രമായിരിക്കാം അത്.
പക്ഷേ കൂടുതല്‍ നേരം നില്‌ക്കേണ്ടി വരികയാണെങ്കില്‍ കാല്‍വണ്ണയ്ക്ക് സമ്മര്‍ദ്ദം (Compression) നല്കുന്ന തരം സോക്‌സുകളോ സ്റ്റോക്കിംഗുകളോ ഉപയോഗിക്കുകയും കാല്‍ ഇടയ്ക്കിടെ ഉയര്‍ത്തിവെക്കുകയും ചെയ്യണം.
കമ്പ്രഷന്‍ സ്റ്റോക്കിംഗുകള്‍ (Compression Stockings)
ഇവ കാല്‍വണ്ണയിലെ മാംസപേശികള്‍ക്ക് സമ്മര്‍ദ്ദം നല്കുന്നതിലൂടെ സിരകളിലെ മര്‍ദ്ദവും രക്തം കെട്ടിനില്ക്കുന്നതും കുറയ്ക്കുന്നു. എത്രത്തോളം സമ്മര്‍ദ്ദം നല്കണമെന്നത് ഡോക്ടര്‍ തീരുമാനിക്കും. ഓരോ രോഗിക്കും യോജിച്ച തരത്തിലുള്ള സ്റ്റോക്കിംഗ് ധരിക്കണം. കാലില്‍ നീരില്ലാത്തപ്പോള്‍ നിന്നുകൊണ്ടാണ് ഇത് ധരിക്കേണ്ടത്. ക്രമേണ ഇതിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാല്‍ ഇവ ഇടയ്ക്കിടെ മാറ്റേണ്ടി വരും.
സ്‌ക്ലീറോതെറാപ്പി (Sclerotherapy)
കമ്പ്രഷന്‍ സ്റ്റോക്കിംഗ് ഉപയോഗിക്കുക കാലുയര്‍ത്തിവെക്കുക എന്നീ മാര്‍ഗ്ഗങ്ങള്‍കൊണ്ട് ഫലം കിട്ടാത്ത രോഗികള്‍ക്കാണ് ഈ ചികിത്സ കൊടുക്കുന്നത്.
തടിച്ച സിരകളിലെ രക്തം വിരലുകൊണ്ടമര്‍ത്തി മാറ്റിയശേഷം ചിലതരം മരുന്നുകള്‍ (ഉദാ: SodiumTetradecyl Sulphate,Hy-pertonic Saline,Polidocanol തുടങ്ങിയവ) സിരകളിലേക്ക് നേരിട്ടു കുത്തിവെക്കുന്നു. അതിനുശേഷം കമ്പ്രഷന്‍ ബാന്‍ഡേജുകൊണ്ട് കുറച്ചു ദിവസങ്ങളോളം കെട്ടി വെക്കുകയും രോഗിയെ മെല്ലെ നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. രക്തപ്രവാഹം മെച്ചപ്പെടാനും രക്തം കട്ട പിടിക്കുന്നത് തടയാനും ഇതുകൊണ്ട് സാധിക്കുന്നു. പാദങ്ങളില്‍ ചിലന്തിവല പോലുള്ള സൂക്ഷ്മസിരകള്‍ തടിച്ചുണ്ടാവുന്ന വെരിക്കോസ് വെയിനുകള്‍ (Spider veins) ഉണങ്ങാത്ത വ്രണമുണ്ടാക്കുന്നതിനാല്‍ മാരകമായിത്തീരും. ഇത്തരം സിരകള്‍ക്കാണ് സ്‌ക്ലീറോതെറാപ്പി പ്രധാനമായി ഉപയോഗിക്കുന്നത്.
ഈ ചികിത്സ പൊതുവെ കുഴപ്പമില്ലാത്തതാണെങ്കിലും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാം . ഇഞ്ചക്ഷന്‍ നല്കിയ ഭാഗത്ത് കറുത്തനിറം, വ്രണം, ചെറിയ ഉപരിതലസിരകളുണ്ടാവുക, അവയില്‍ ചെറിയ രക്തക്കട്ടകളുണ്ടാവുക, കടുത്ത തലവേദന, എന്നിവ ഉണ്ടാവാറുണ്ട്. ചിലര്‍ക്ക് സോഡിയം ടെട്രാസൈല്‍ സള്‍ഫേറ്റ് മരുന്നിന് അലര്‍ജിയുണ്ടാവാം.
നടക്കാന്‍ കഴിയാത്ത രോഗികള്‍ക്ക് പൊതുവേ സ്‌ക്ലീറോ തെറാപ്പി കൊടുക്കാതിരിക്കുന്നതാണു നല്ലത്. അതുപോലെ അലര്‍ജി അമിതവണ്ണം,സിരകള്‍ക്കടുത്തുള്ള ശുദ്ധരക്തക്കുഴലുകളില്‍ തടസ്സം ആന്തരികസിരകളില്‍ രക്തക്കട്ട എന്നിവയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ചികിത്സ നല്‍കാന്‍ പാടില്ല.
മൈക്രോ ഫോം സ്‌ക്ലീറോതെറാപ്പി (Micro Foam Sclerotheraphy)
ഈ ചികിത്സയില്‍ പോളിഡോക്കനോള്‍ പോലുള്ള ചില മരുന്നുകള്‍ വായുവുമായി കൂട്ടിക്കലര്‍ത്തി പതയുടെ രൂപത്തിലാക്കി സിറിഞ്ചുപയോഗിച്ച് പാദങ്ങളിലെ സിരകളിലേക്ക് നേരിട്ട് കുത്തിവെക്കുന്നു. വളരെ ശ്രദ്ധയോടെ സൂക്ഷിച്ച് ചെയ്യേണ്ട ചികിത്സയാണിത്. അള്‍ട്രാസൗണ്ടിന്റെ സഹായത്തോടെയാണു ചെയ്യുന്നത്. പതപോലുള്ള മരുന്ന് സിരകള്‍ക്കുള്ളിലെ പാളിയില്‍ പൊള്ളലുണ്ടാക്കുകയും രക്തം ഒരു പശപോലെ സിരകളെ ഒട്ടിച്ചു ചേര്‍ക്കുകയും ചെയ്യുന്നു.
ലേസര്‍ ചികിത്സ:
കാലിലെ സൂക്ഷ്മസിരകള്‍ക്കുള്ളിലേക്ക് തൊലിപ്പുറത്തു കൂടി സേലര്‍ കടത്തിവിട്ട് സിരകളുടെ ആന്തരികാവരണം കത്തിച്ചു കളയുന്നു. ചര്‍മ്മത്തിന് താല്ക്കാലികമായി നിറമാറ്റമുണ്ടാവാം.
വലിയ സിരകളിലേക്ക് കത്തീറ്ററോ ലേസര്‍പ്രോബോ കടത്തി ലേസര്‍ ചികി ത്സ നടത്തുന്നതിനെ എന്‍ഡോവീനസ് ലേ സര്‍ ചികിത്സ(Endovenous Laser Treatment-EVLT) എന്നു പറയപ്പെടുന്നു. ഇതിന് വേദനകുറവായിരിക്കും. വേഗം ഉണങ്ങാറുമുണ്ട്.
റേഡിയോ ഫ്രീക്വന്‍സി ചികിത്സ (Radio Frequency Allocation)
ഇതില്‍ ലേസര്‍ ചികിത്സ പോലെത്ത ന്നെ റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഉപയോഗിച്ച് സിരകളുടെ ആന്തരികമായ ആവരണം കരിച്ചു കളയുന്നു. അള്‍ട്രാസൗണ്ടിന്റെ സഹായത്തോടെ റേഡിയോ ഫ്രീ ക്വന്‍സി കത്തീറ്റര്‍ സിരകളില്‍ കടത്തിയ ശേഷം ഈ തരംഗങ്ങള്‍ കടത്തിവിടുകയാ ണ് ചെയ്യുന്നത്. ചെറിയ ചിലന്തിവല പോലുള്ള സിരകള്‍ക്കാണ് ഈ ചികിത്സ കൂടുതല്‍ ഫലപ്രദം.
ശസ്ത്രക്രിയ
വലിയ സിരകള്‍ക്ക് സ്‌ക്ലീറോതെറാപ്പിയും ലേസര്‍ ചികിത്സയും ഫലപ്രദമാവാറില്ല. വലിയ സിരകള്‍ക്ക് ശസ്ത്രക്രിയ തന്നെ വേണ്ടി വരാറുണ്ട്. ശസ്ത്രക്രിയയിലൂ ടെ സിര എടുത്തു മാറ്റുകയോ വലിച്ചൂരികളയുകയോ ചെയ്യുന്നു.
വെരിക്കോസ് വെയിനുകള്‍ തടയുന്നതെങ്ങിനെ?
വെരിക്കോസ് വെയിനുകള്‍ ഉണ്ടാവുന്നത് തടയാന്‍ വിഷമമാണ്. നേരത്തെ ഉള്ള വെരിക്കോസ് വെയിനുകള്‍ കൂടുതലാവാതിരിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
കാലുകള്‍ ഇടയ്ക്കിടെ ഉയര്‍ത്തിവെയ്ക്കുക/കൂടുതല്‍ നേരം നില്ക്കുന്നത് ഒഴിവാക്കുക.
കാലില്‍ സപ്പോര്‍ട്ടു നല്കാനായി സോക്‌സ് ധരിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ അങ്ങിനെ ചെയ്യണം./കൃത്യമായി വ്യായാമം ചെയ്യുക. വ്യായാമംകൊണ്ട് സിരകളിലെ രക്തപ്രവാഹം മെച്ചപ്പെടും.
ഇരിക്കുമ്പോള്‍ ഒരു കാല്‍ മറ്റേ കാലിനു മുകളില്‍ അമരുന്ന തരത്തില്‍ വെക്കാതെ ശ്രദ്ധിക്കുക.
ശരീരത്തിന്റെ തൂക്കം അധികം കൂടാതെ നോക്കുക പൊണ്ണത്തടിയുണ്ടെങ്കില്‍ അതു കുറയ്ക്കുക.
ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും കാലുയര്‍ത്തിവയ്ക്കുക.
അധികം ഇറുക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക.
അധികനേരം ഹൈഹീലുള്ള ചെരിപ്പുകള്‍ ധരിക്കാതിരിക്കുക.