സി.ജെ.തോമസിന്റെ 1128ല്‍ ക്രൈം 27 ഒരു പുനര്‍വായന എന്ന പുസ്തകത്തിന്
ജോണ്‍പോള്‍ എഴുതിയ അവതാരിക.
ആദ്യനാടകമെഴുതി നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സി.ജെ.തോമസ് രണ്ടാമതൊരു സ്വതന്ത്രനാടകമെഴുതിയത്. അതിനിടയില്‍ അദ്ദേഹം ‘ഉയരുന്ന യവനിക’ (1950), ‘വിലയിരുത്തല്‍'(1951) ‘ജനുവരി ഒന്‍പത്’ (തര്‍ജ്ജമ: 1952) ‘ഇവനെന്റെ പ്രിയ പുത്രന്‍’ (1953) എന്നീ കൃതികളെഴുതി.
1954 തുടക്കത്തിലെഴുതിയ ‘1128-ല്‍ ക്രൈം 27’ നാടകത്തിന് പിറ്റേ വര്‍ഷമെഴുതിയ ‘ആ മനുഷ്യന്‍ നീ തന്നെ’ നാടകത്തിനെപ്പോലെ സി.ജെ.ജീവിച്ചിരുന്നപ്പോള്‍ രംഗാവതരണയോഗമുണ്ടായില്ല. സി.ജെ മരണമടഞ്ഞ് ഏ താണ്ട് ഒരു വ്യാഴവട്ടത്തിനടുത്തു ക ഴിഞ്ഞാണ് ആദ്യമായി 1128ല്‍ ക്രൈം 27 വേദിയിലെത്തിയത്.
ആദ്യാവതരണങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരുന്നതും അതിനുമുന്‍കൈയെടുത്തതും എസ്.രാമാനുജനും പി.കെ.വേണുക്കുട്ടന്‍നായരും ജി.ശങ്കരപ്പിള്ളയും ഒക്കെയാണ്; അതൊരു വേറിട്ട കാഴ്ചയനുഭവമായിരുന്നു എന്നാണ് ആ അവതരണങ്ങള്‍ കണ്ടിട്ടുള്ള ടി.എം.എബ്രഹാമിന്റെ സാക്ഷ്യം.
ഒറ്റയ്ക്കും തെറ്റയ്ക്കും പിന്നെയുമുണ്ടായി അവതരണങ്ങള്‍. എന്നാല്‍ വ്യാപകമായി ഒരവതരണപ്രചാരം നാടകത്തിനുണ്ടായില്ല. വൈകാരികമായ ഒരു പിന്‍തുടരലിനും ഉപരിതലസ്പര്‍ശിയായ ഒരിഴുകിച്ചേരലിനും അപ്പുറത്ത് ബൗദ്ധികമായ ഇടചേരലും ധ്യാനലയ പൂര്‍ണ്ണമായ ശ്രദ്ധയും ആവശ്യപ്പെടുന്ന ഒരു നാടകത്തിന് അതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കുവാന്‍ വയ്യല്ലോ.
ഭാഷാപരമായ പരിമിതികളെ അതിലംഘിക്കുന്ന ഒരു പ്രതിപാദനരീതിയാണ് സി.ജെ. ഈ രചനയില്‍ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ട് ഈ നാടകം വിവര്‍ത്തനംചെയ്താല്‍ മറ്റു ഭാഷാവേദികളിലും ഇതു സ്വാ ഗതം ചെയ്യപ്പെടുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്യുമായിരുന്നു. ആ വഴിക്കൊരു ശ്രമം നടന്നതായറിവില്ല. അവ്വിധം പരിഭാഷപ്പെടുത്തിയിരുന്നുവെങ്കില്‍ സി.ജെ. ഇന്ത്യന്‍ നാടകവേദിയി ലെ ആധുനികയുഗത്തിന്റെ ആരംഭകരില്‍ ഒരാളായി പ്രതിഷ്ഠ നേടുമായിരുന്നു. പക്ഷേ, അതിനിയുമുണ്ടായില്ല.
എഴുത്തിലും ജീവിതത്തിലും ഒരുപോലെ വിപരീതങ്ങള്‍ സമ്മേളിക്കുമ്പോഴുള്ള ചടുലതയില്‍ അഭിരമിച്ചിരുന്നു സി.ജെ. അതുകൊണ്ടുതന്നെ ഒരു ശ്രേണിയിലും ഗണത്തിലും മാത്രമായി ഇനം തിരിച്ചു പകുത്തു ചേര്‍ക്കാനാവുകയുമില്ല സി.ജെ.യെ; സി.ജെ.രചനകളെ; വിശേഷിച്ചും ഈ നാടകത്തെ.
അകലങ്ങളിലെ ഹ്രസ്വ ദൈര്‍ഘ്യങ്ങളിലധിഷ്ഠിതമായാണ് നാടകങ്ങളി ലെ പ്രസ്ഥാനങ്ങളുടെ വ്യതിരിക്തതകള്‍ അനുപാതപ്പെടുത്തി കണ്ടിട്ടുള്ളത്. കഥാപാത്രങ്ങ ളും പ്രേക്ഷകരും തമ്മിലുള്ള അക ലംപോലെ പ്രസക്തമാണ് കഥാപാത്രങ്ങളുടെ ജീവിതപരിഛേദങ്ങളും കാഴ്ചക്കാരുടെ അവരവരുടെ ജീവിതങ്ങളും തമ്മിലുള്ള അകലവും. രണ്ടാമത്തേത് കൂടുതല്‍ ആന്തരികമായതുകൊണ്ട് അതിന്റെ രസതന്ത്രത്തില്‍ സദസ്സുമാറുന്നതിനൊപ്പവും അല്ലാതെയും ഭേദാന്തരങ്ങളുണ്ടാകാം. അവയുടെ ഭേദാനന്തരങ്ങള്‍ കാഴ്ചയിലെ സാത്മ്യസ്വീകാര നിരാകാരത്തെ സ്വാധീനിക്കുകയും ചെയ്യാം.
താളം മുറുകുമ്പോള്‍ പെട്ടെന്ന്,ശ്രുതിയും സ്ഥായിയും മാറ്റി ഇടഞ്ഞുകൊട്ടുന്ന വാദകന്റെ പ്രകൃതം സി.ജെ.എന്നും രചനകളില്‍ ഉള്‍വേശിപ്പിച്ചിരുന്നു. ജീവിതംതന്നെ ഞവമുീെറ്യ കണക്കെ അനിബദ്ധരാഗമായി വര്‍ഷിച്ച നാടകകാരന്റെ നാടകവും ആ വൈചിത്ര്യം പ്രകടപ്പിക്കാതെവയ്യ!
1128-ല്‍ ക്രൈം 27-നെ സാമ്പ്ര ദായികനാടകങ്ങളുടെ കൂട്ടത്തില്‍ പ്പെടുത്താനാവില്ല. അന്യവല്‍ക്കരണരീതിയോടു ചേര്‍ത്ത് ഈ നാടകത്തെ കാണാം. ബഹുയാഥാര്‍ത്ഥ്യങ്ങളിലൂടെ,അവ സൃഷ്ടിക്കാവുന്ന നൈരന്തര്യഭംഗങ്ങളിലൂടെ ചിന്താതലത്തില്‍ അദൃശ്യമായ ഒരേകതാനത നിരൂപിച്ചെടുത്തുകൊണ്ടുള്ള ഒരെഴുത്തുമട്ടമായി ഇതിനെ കാ ണാം. മരണം ഒരു ഫലിതമാണെന്ന ദര്‍ശനത്തെ പിന്‍പറ്റിയും നാടകത്തിലേക്കു പ്രവേശിക്കാം. കുറ്റവും ശിക്ഷയും തമ്മിലുള്ള അന്യോന്യത്തിലെ സൂക്ഷ്മാംശങ്ങളുടെ വികിരണം ഇതില്‍നിന്നും സ്വരൂപിക്കാന്‍ ശ്രമിക്കാം. നിശിതതീക്ഷ്ണമായ സാമൂഹ്യവിമര്‍ശനവും അതില്‍നിന്നുയിരെടുക്കുന്ന ശരിബോദ്ധ്യങ്ങളുമാണ് എല്ലാ രാഷ്ട്രീയത്തിന്റെയും ആത്യന്തികമായ മൂലധാര എന്നതുകൊണ്ട് ഇതിനെ രാഷ്ട്രീയനാടകമായും കാണാം. അതല്ല, ഇതൊരു ഹാസ്യനാടകമാണെന്നു കരുതാം. കറുത്ത തമാശയുടെ ഘോഷംതന്നെ ഈ നാടകത്തിലുണ്ടല്ലോ. അവയ്ക്കു പിന്നിലെ ദുഃഖശോകച്ചുഴികളോടുചേര്‍ത്ത് ദുരന്തനാടകമായും വേറൊരു തലത്തില്‍ ഈ നാടകത്തെ വായിക്കാം; കാണാം. എപ്പിക്‌നാടകമായോ, അസംബന്ധനാടകമായോ അനാടകമായോ ഇതിനെ വിശേഷിപ്പിക്കാം.
ഇതിലേതാണ് ഈ നാടകം എന്ന ചോദ്യം സി.ജെ.യോട് ഉന്നയിച്ചാല്‍ സി.ജെ ഒരു മറുചോദ്യം സ്വയം ചോദിക്കും.
ഇതിലേതാണ് ഞാന്‍?
ഈ സമാഹാരത്തില്‍ അന്വേഷകരായി കുട്ടികൃഷ്ണമാരാരുണ്ട്. എം.ഗോവിന്ദനുണ്ട്. എം.കെ.സാനുവും ഡോ.അയ്യപ്പപ്പണിക്കരുമുണ്ട്, എം.തോമസ് മാത്യുവും രാമചന്ദ്രനും ടി.എം എബ്രഹാമുമുണ്ട്. അന്വേഷണമുനത്തുമ്പില്‍ ഇതാ ഞാന്‍ എന്നു പറഞ്ഞുകൊണ്ട് സി.ജെ.യും അന്വേഷണത്തിലേക്കുള്ള പ്രവേശികയായി 1128-ല്‍ ക്രൈം 27 നാടകവും!