വികസനത്തിൽ രാഷ്ട്രീയത്തിനതീതമായി യോജിക്കണം: കേന്ദ്ര മന്ത്രി വി. മുരളീധരൻ

189
0

പാറശ്ശാല: കേരളത്തിലെ സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും സംസ്ഥാനത്തിൻ്റെ വികസന കാര്യത്തിൽ ഇത് ബാധകമല്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. കാർഷിക മേഖല സർക്കാരുകൾ സഹകരിച്ച് പ്രവർത്തിക്കേണ്ട മേഖലയാണ്. ചെറുകിട കർഷകരുടെ ഉത്പന്നങ്ങൾക്ക് മൂല്യ വർധനവ്, മികച്ച വില ഉറപ്പുവരുത്തുക, വിപണനത്തിന് സാഹചര്യം സൃഷ്ടിക്കുക എന്നിവക്ക് യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പാറശ്ശാലയിൽ ഗ്രാമസമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ 98 ശതമാനവും ചെറുകിട കർഷകരാണ്. ആഗോള തലത്തിൽ കാർഷിക ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ചെറുകിട കർഷകരെ പര്യാപ്തമാക്കണം. ചെറുകിട കർഷകർക്ക് ഒറ്റക്ക്  ആഗോള ഭീമന്മാരായ കച്ചവടക്കാരെ  നേരിടാൻ കഴിയില്ല. കാർഷിക ഉത്പന്നങ്ങൾ എവിടെയും വിൽക്കാൻ കഴിയുക എന്നതിനൊപ്പം ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കണം. ഇതിനാണ് ജനാധിപത്യ പരമായി  തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾ യോജിച്ച് പ്രവർത്തിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.  

കാർഷിക വിളകൾക്ക്
ആഗോള വിപണി ഉണ്ടാക്കാൻ കഴിയുന്ന സാഹചര്യമൊരുക്കാനാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നത്. ആ ദിശയിലുള്ള സംരംഭമാണ് കർഷക കൂട്ടായ്മകൾ അടിസ്ഥാനമാക്കിയ ‘ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ . വിപണിയിലെ സാധ്യത മനസ്സിലാക്കി -ഉത്പന്നങ്ങളുടെ വൈവിധ്യ വത്കരണം ഉൾപ്പെടെയുള്ള മേഖലകളിലും ശ്രദ്ധ ചൊലുത്തണം. മത്സ്യ സമ്പത്തടക്കം വിവിധ മേഖലകളുടെ സംരക്ഷണത്തിന് സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്നും ആവശ്യമായ പിന്തുണ തൻ്റെ ഭാഗത്ത് നിന്ന്‌ ഉറപ്പു നൽകുന്നുവെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.