തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ വാക്സീൻ വിതരണത്തിനുള്ള നടപടികളുമായി ത്വരിതഗതിയിൽ മുന്നോട്ടുപോവുകയാണ് ആരോഗ്യവകുപ്പ്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് പരിഗണിച്ച്, തിക്കും തിരക്കും ഒഴിവാക്കാൻ പരമാവധിപ്പേരോട് റജിസ്റ്റർ ചെയ്ത് എത്താൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്. വാക്സിനേഷൻ എല്ലാവർക്കും നൽകാനുള്ള നടപടികളുണ്ടാകുമെന്നും, ആരും ധൃതി കാണിക്കരുതെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു. വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ടോക്കൺ വഴിയും വാക്സീൻ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ നൽകുന്ന ടോക്കണുകൾക്ക് നിയന്ത്രണമുണ്ട്.
വാക്സിനേഷൻ റജിസ്ട്രേഷൻ നടത്താൻ എന്ത് വേണം?
https://www.cowin.gov.in – ഈ സൈറ്റിലൂടെയോ ‘കൊവിൻ’ ആപ്പ് വഴിയോ റജിസ്ട്രേഷൻ ചെയ്യാം. റജിസ്റ്റർ ചെയ്യാൻ ആധാർ, വോട്ടർ ഐഡി അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. റജിസ്റ്റർ ചെയ്യുമ്പോൾ വാക്സിനേഷൻ എടുക്കാനുള്ള സ്ഥലം, തീയതി എന്നിവ തെരഞ്ഞെടുക്കാനാകും.
രോഗവ്യാപന തീവ്രത ലക്ഷ്യമിട്ടുള്ള മാസ് വാക്സീനേഷനായി 50 ലക്ഷം ഡോസ് ആവശ്യപ്പെട്ട സംസ്ഥാനത്തിന് ഇന്ന് അഞ്ചര ലക്ഷം ഡോസ്എത്തിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉൾപ്പെടെ അഞ്ചരലക്ഷം വാക്സീൻ നല്‍കുമെന്ന അറിയിപ്പാണ് കിട്ടിയിട്ടുള്ളത്. ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കൂടുതൽ വാക്സീൻ നൽകാനാണ് ലക്ഷ്യം. അതേസമയം നിലവിൽ മൂന്ന് ലക്ഷത്തിൽ താഴെ വാക്സീൻ മാത്രമാണ് കേരളത്തിന്‍റെ പക്കൽ സ്റ്റോക്കുള്ളത്.