വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം

43
0

എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം

മന്ത്രിമാരുടെ നേതൃത്വത്തില്‍ കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു

തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു. ജില്ലകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍മാര്‍ വിവരിച്ചു.

മഴക്കാലത്ത് പകര്‍ച്ചപ്പനി തടയുന്നതിന് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആമുഖമായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2023ല്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത മുന്നില്‍ക്കണ്ട് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. അതില്‍ ജില്ലാ കളക്ടര്‍മാരുടെ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാന്‍ കൂടിയാണ് യോഗം വിളിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യം, റവന്യൂ, പി.ഡബ്ല്യു.ഡി, പോലീസ് തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ക്കുന്നതിന് കളക്ടര്‍മാര്‍ മുന്‍കൈയ്യെടുക്കണം. എല്ലാ വാര്‍ഡുകളിലേയും ജാഗ്രതാ സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കണം. കളക്ടര്‍മാര്‍ അടിയന്തരമായി യോഗം ചേര്‍ന്ന് യോഗത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. സ്വകാര്യ ആശുപത്രികളുടെ യോഗം കളക്ടര്‍മാര്‍ വിളിച്ചു ചേര്‍ക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ പനിബാധിതര്‍ക്ക് പ്രത്യേക സ്ഥലം കണ്ടെത്തണം. റവന്യൂ വകുപ്പിന്റെ പൂര്‍ണ പിന്തുണയും മന്ത്രി നല്‍കി.

ഡെങ്കി പ്രതിരോധത്തില്‍ ഉറവിട നശീകരണം വളരെ പ്രധാനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ശാസ്ത്രീയമായി നടത്തണം. തദ്ദേശ സ്ഥാപനതലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേരാന്‍ തദ്ദേശ വകുപ്പ് മന്ത്രിയുമായുള്ള യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

എലിപ്പനി പ്രതിരോധം വളരെ പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ ശ്രദ്ധിക്കണം. മണ്ണിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. തദ്ദേശ സ്ഥാപനങ്ങള്‍ അതുറപ്പാക്കണം. സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കരുത്. ജില്ലാ കളക്ടര്‍മാര്‍ അവരുടെ യോഗം വിളിക്കുമ്പോള്‍ ചികിത്സാ പ്രോട്ടോകോള്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കേണ്ടതാണ്.

ഇന്‍ഫ്‌ളുവന്‍സ പ്രതിരോധത്തിന് മാസ്‌ക് നല്ലതാണ്. കുട്ടികള്‍, പ്രായമായവര്‍, മറ്റ് രോഗമുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് ഉചിതം. ആശുപത്രികള്‍ മരുന്ന് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. മരുന്നിന്റെ ശേഖരം 30 ശതമാനത്തില്‍ കുറയും മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കണം. ആരോഗ്യ വകുപ്പ് കണ്ടെത്തിയ ഹോട്ട് സ്‌പോട്ടുകളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം തേടണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കൊതുകിന്റെ ഉറവിടത്തിന് കാരണമാകുന്ന തോട്ടങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് നടപടി സ്വീകരിക്കണം. മരുന്ന് വിതരണം സുഗമമാക്കുന്നതിന് വാഹനങ്ങളുടെ ലഭ്യത കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പിലേയും റവന്യൂ വകുപ്പിലേയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.