വയോജനസംഗമ വേദിയൊരുക്കി ചിറയിന്‍കീഴ് പഞ്ചായത്ത്

77
0

‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഗ്രാമപഞ്ചായത്ത്’എന്ന ആപ്തവാക്യവുമായി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം വി. ശശി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് എം. എല്‍. എ പറഞ്ഞു. പഞ്ചായത്തിലെ മുതിര്‍ന്ന ഇരുപത് വയോജനങ്ങളെ പ്രസിഡന്റ് പി. മുരളി ആദരിച്ചു. വയോജന കൂട്ടായ്മയില്‍ എത്തിയവര്‍ക്ക് സമ്മാനങ്ങളും വിവിധ കലാപരിപാടികളും പഞ്ചായത്ത് ഒരുക്കിയിരുന്നു. വയോജനങ്ങള്‍ക്ക് കൂട്ട് കൂടിയിരിക്കാനും അനുഭവങ്ങള്‍ പങ്ക് വയ്ക്കാനും മാനസിക ഉല്ലാസത്തിനുമുള്ള അവസരം കൂടിയായി വയോജനസംഗമ വേദി മാറി.

സൗജന്യ മരുന്ന് വിതരണം, പാലിയേറ്റീവ് രോഗി ചികിത്സ, കട്ടില്‍ വിതരണം, ശ്രവണ സഹായി വിതരണം തുടങ്ങി മാതൃകാപരമായ പദ്ധതികളിലൂടെ വയോജനങ്ങള്‍ക്ക് മികച്ച സേവനവും പിന്തുണയും നല്‍കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. പകല്‍ സമയങ്ങള്‍ സന്തോഷത്തോടെ ചെലവഴിക്കാനായി നിര്‍മ്മിച്ച ‘പകല്‍വീട് ‘ ഉദ്ഘാടനസജ്ജമായിട്ടുണ്ട്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. സുഭാഷ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.