മലയാളനാടകപ്രസ്ഥാനത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ നാടകകൃത്തും അദ്ധ്യാപകനും ഗാന്ധിയനുമായിരുന്ന ഡോ. വയലാ വാസുദേവന്‍ പിള്ളയുടെ പത്താം ചരമവാര്‍ഷികദിനം വയലാ അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കാമരാജ് ഫൗണ്ടേഷനില്‍ രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായി നടന്ന കാര്യപരിപാടിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. ഡോ. വയലാ വാസുദേവന്‍ പിള്ളയെ സ്‌നേഹിക്കുന്നതിന് ഏറ്റവും പ്രേരണാത്മകമായ ഒരു കാര്യം, വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് അദ്ദേഹം നല്‍കുന്ന പ്രാധാന്യമായിരുന്നു എന്ന് ഗവര്‍ണര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു. മാത്രമല്ല സാമൂഹ്യ സേവനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ പരമമായ ലക്ഷ്യം തന്നെയായിരുന്നു.
വളരെ എളിയ പശ്ചാത്തലത്തില്‍ നിന്നും വന്ന വയല ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ തനിക്ക് ലഭിച്ച സഹായവും പിന്തുണയും യുവതലമുറയ്ക്ക് സാമൂഹ്യ സേവനത്തില്‍ പരിശീലനം നല്‍കുക വഴി, സമൂഹത്തില്‍ മടക്കി നല്‍കുകയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. ഏ. നീലലോഹിതദാസ് ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഡോ. കെ.ജി. പൗലോസ്, ഡോ. ജോര്‍ജ് ഓണക്കൂര്‍, പിരപ്പന്‍കോട് മുരളി, വയലായുടെ പത്നി വത്സല വാസുദേവന്‍പിള്ള, ഡോ. രാജ വാര്യര്‍, അജിത്ത് വെണ്ണിയൂര്‍, സുഷമ തുടങ്ങിയവര്‍ സംസാരിച്ചു.