വനിതാ കമ്മിഷന്‍ മാധ്യമപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

142
0

കേരള വനിതാ കമ്മിഷന്റെ 2020-ലെ മാധ്യമപുരസ്‌കാരങ്ങള്‍ ആരോഗ്യ, വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവിയും ചേര്‍ന്ന് വിതരണം ചെയ്തു. നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ മലയാളം അച്ചടിമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി തൃശ്ശൂര്‍ സബ് എഡിറ്റര്‍ ശ്രീകല എം.എസ്സ്, മികച്ച ഫോട്ടോഗ്രഫി വിഭാഗത്തില്‍ കേരളകൗമുദി കൊച്ചി ചീഫ് ഫോട്ടോഗ്രഫര്‍ എന്‍.ആര്‍.സുധര്‍മദാസ്, മികച്ച വീഡിയോഗ്രഫി വിഭാഗത്തില്‍ മീഡയവണ്‍ കാമറാമാന്‍ മനേഷ് പെരുമണ്ണ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ മലയാളം ദൃശ്യമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ റിയ ബേബിക്കുവേണ്ടി ശ്രീകല എം.എസ്സ് പുരസ്‌കാരം ഏറ്റുവാങ്ങി.
കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എം.എസ്.താര, ഇ.എം.രാധ, ഷാഹിദാ കമാല്‍, മെമ്പര്‍ സെക്രട്ടറി പി. ഉഷാറാണി എന്നിവര്‍ സന്നിഹിതരായിരുന്നു.
മാധ്യമ റിപ്പോര്‍ട്ടിങ്ങുകള്‍ സ്ത്രീപക്ഷമാകേണ്ടതുണ്ടെന്ന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. സ്ത്രീപക്ഷ മാധ്യമപ്രവര്‍ത്തനത്തിനായി മാര്‍ഗരേഖ രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അവാര്‍ഡ് ജേതാക്കളെ അഭിസംബോധന ചെയ്ത് മന്ത്രി പറഞ്ഞു.
കമ്മിഷന്‍ അംഗങ്ങളും, പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, സരിത വര്‍മ എന്നിവരുമടങ്ങിയ പാനല്‍ ആണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. ഫോട്ടോഗ്രഫി വിഭാഗത്തില്‍ കമ്മിഷന്‍ അംഗങ്ങള്‍ക്കു പുറമേ പ്രശസ്ത ഫോട്ടോഗ്രഫര്‍ ബി.ജയചന്ദ്രന്‍, ഐപിആര്‍ഡി ചീഫ് ഫോട്ടോഗ്രഫര്‍ വി.വിനോദ് എന്നിവരും ഉള്‍പ്പെട്ട പാനലാണ് വിധി നിര്‍ണയിച്ചത്.