ലോക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ വരുന്നു

580
0

മിക്ക ജില്ലകളിലും ലോക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ വരുന്നു – കേരളം നീങ്ങുന്നത് കര്‍ശന നിയന്ത്രണത്തിലേയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഞായറാഴ്ചകളില്‍ ജില്ലയിൽ ആള്‍ക്കൂട്ടത്തിനും കടകള്‍ തുറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്.

അതേസമയം, കോവിഡ് രണ്ടാം തരംഗത്തിലും കര്‍ശന നിയന്ത്രണങ്ങളാണ് കാസര്‍കോട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്ബള എന്നീ ടൗണുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കേണ്ടതുള്ളൂ എന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചത്.
ഇത് നടപ്പാക്കാനായി ഈ ടൗണുകളില്‍ രണ്ട് വശത്തും പൊലീസ് പരിശോധന നടത്തും.

അതേസമയം, കോവിഡ് സാഹചര്യത്തില്‍ ആരാധനാലയങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും പങ്കെടുക്കേണ്ടവരുടെ പരമാവധി എണ്ണം നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. അടച്ചിട്ട ഹാളുകളില്‍ 75 പേര്‍ക്കും പുറത്തു നടക്കുന്ന ചടങ്ങുകളില്‍ 150 പേര്‍ക്കും പങ്കെടുക്കാം. ഇതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ അവര്‍ 24 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായവരോ 2 ഡോസ് വാക്സീന്‍ സ്വീകരിച്ചവരോ ആയിരിക്കണമെന്നു ചീഫ് സെക്രട്ടറി വി.പി. ജോയി വ്യക്തമാക്കി.