ലോകായുക്ത നിയമഭേദഗതിയെക്കുറിച്ച് തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്

128
0

ലോകായുക്ത നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന അഭിപ്രായത്തിന് നിയമപരമായ സാംഗത്യമോ നിലനിൽപ്പോ ഇല്ല.
2013 ൽ ഇന്ത്യൻ പാർലമെന്റ് ലോക്പാൽ ബിൽ പാസ്സാക്കി . ആ ബില്ലിന്റെ പാർട്ട് 3 ൽ, എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു.
63 ആം വകുപ്പ്.
അങ്ങനെ പാസ്സാക്കേണ്ട സംസ്ഥാന നിയമത്തിന്റെ മാതൃകയും അതിൽ ഉൾപ്പെടുത്തിയിരുന്നു . എന്നാൽ ലോകസഭയിൽ ബില്ല് ചർച്ച ചെയ്ത് പാസ്സാക്കിയപ്പോൾ ഒരു ഭേദഗതി വരുത്തി. സമ്മതമുള്ള സംസ്ഥാനങ്ങൾക്ക് മാത്രമേ കേന്ദ്ര ബില്ലിൽ നിഷ്കർഷിക്കുന്ന സംസ്ഥാന നിയമത്തിന്റെ മാതൃക ബാധകമാക്കാവൂ എന്നതായിരുന്നു ആ ഭേദഗതി. നിശ്ചിത മാതൃകയിൽ തന്നെ സംസ്ഥാനങ്ങൾ നിയമം പാസാക്കണം എന്ന വ്യവസ്ഥ സംസ്ഥാന അധികാരത്തിലുള്ള കടന്നു കയറ്റമാവുമെന്നതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള സ്വാതന്ത്ര്യം നിലനിർത്തണമെന്ന് രാജ്യസഭാ സെലക്ട് കമ്മിറ്റിയും അഭിപ്രായപ്പെട്ടു.
ഇതെത്തുടർന്ന് സെലക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ വച്ചപ്പോൾ പാർട്ട് 3 ൽ മാറ്റം വരുത്തി.
ഒരു വർഷത്തിനുള്ളിൽ എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസ്സാക്കണം എന്നതൊഴികെ മറ്റെല്ലാ വ്യവസ്ഥകളും ഒഴിവാക്കി. അങ്ങനെ 2013 ൽ പാർലമെന്റ് നിയമം പാസാക്കിയപ്പോൾ ലോക്പാൽ നിയമം സംസ്ഥാനത്തിന്റെ പൂർണ്ണ അധികാരമാണെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയുണ്ടായി.

2000 ൽ കേരളം നിയമത്തിൽ ഭേദഗതി വരുത്തിയപ്പോഴും രാഷ്ട്രപതിയുടെ അനുമതി വാങ്ങിയിട്ടില്ല. 1968 നു ശേഷം പലതവണ ലോക്പാൽ ബില്ലുകൾ വന്നിരുന്നു. 2013 ൽ പാർലമെന്റ് നിയമം പാസാക്കിയതോടെ ഇക്കാര്യത്തിൽ പൂർണ്ണ വ്യക്തത കൈവന്നു. നിയമനിർമ്മാണത്തിന് സംസ്ഥാനങ്ങൾക്ക് പൂർണ്ണ അധികാരം നൽകിക്കൊണ്ടാണ് പാർലമെന്റ് നിയമം പാസാക്കിയത്. 2013 ൽ നിയമം പാസാക്കിയെങ്കിലും ലോക്പാൽ നിയമനം ലോക്പാൽ നിയമനം നടത്തുന്നതിൽ കോൺഗ്രസ് കാലതാമസം വരുത്തുകയാണുണ്ടായത്.അതുകൊണ്ടായിരിക്കാം കോൺഗ്രസ് നേതൃത്വത്തിന് മറവി പിടികൂടിയത്. ലോകായുക്ത നിയമം പാസാക്കാനും ഭേദഗതി ചെയ്യാനുമുള്ള അധികാരം സംസ്ഥാനത്തിനാണ് പൂർണമായും ഉള്ളത്.

പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ജയലളിത കേസ് തീർത്തും വിഭിന്നമായ മറ്റൊരു പ്രശ്നമാണ് പരിശോധനാവിധേയമാക്കിയത്.
ഭരണഘടനാ വ്യവസ്ഥയെ ഏതെങ്കിലും നിയമവ്യവസ്ഥ കൊണ്ട് മറികടക്കാൻ സാധിക്കില്ല. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 173 എം എൽ എ ആകാനുള്ള യോഗ്യതകൾ നിർവ്വചിക്കുന്നു. ആർട്ടിക്കിൾ 191 എം എൽ എയെ അയോഗ്യനാക്കാനുള്ള കാര്യങ്ങളും നിർവചിക്കുന്നു.
ഷെഡ്യൂൾ 10 അയോഗ്യത സംബന്ധിച്ചുള്ളതാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധമായി ജയലളിത സമർപ്പിച്ച അപ്പീൽ തള്ളിയതിനെത്തുടർന്ന് അവരുടെ നോമിനേഷൻ തള്ളി. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എഐഡിഎംകെ ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ ജയലളിതയെ മുഖ്യമന്ത്രിയാക്കി. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കുന്നത് ഗവർണറുടെ വിവേചനാധികാരമാണോ അല്ലയോ എന്ന വിശാലമായ മറ്റൊരു പ്രശ്നമാണ് ആ കേസിൽ പരിശോധിച്ചത്.

ഓർഡിനൻസ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനമാണ് കൈക്കൊണ്ടത്. എൽ.ഡി.എഫിൽ ഇത് സംബന്ധിച്ച് നടന്ന ചർച്ചകളെക്കുറിച്ച് മുന്നണി നേതൃത്വം വിശദീകരിക്കും. ഇപ്പോൾ ഓർഡിനൻസ് ഗവർണർക്ക് മുന്നിലാണുള്ളത്. അതിൽ എപ്പോൾ ഒപ്പിടണമെന്നതിനെക്കുറിച്ച് മന്ത്രി എന്ന നിലയിൽ അഭിപ്രായം പ്രകടിപ്പിക്കുന്നത് അനുചിതമാണ്.

നിലവിലുള്ള കോവിഡ് വ്യാപന സാഹചര്യത്തിൽ എപ്പോൾ അസംബ്ലി ചേരാൻ സാധിക്കുമെന്ന് പറയാൻ സാധിക്കില്ല. ഇനി ചേരുകയാണെങ്കിൽ തന്നെ ബജറ്റ് പാസാക്കുക എന്ന പ്രധാന ചുമതലയുണ്ട്. ഇതിനിടയിൽ നിയമഭേദഗതിക്ക് എത്ര സമയം കിട്ടുമെന്ന് പറയാൻ സാധിക്കില്ല. ഓർഡിനൻസ് വഴി നിയമം കൊണ്ടുവരുന്നതിന് താൽപര്യം പ്രകടിപ്പിക്കുന്നവരല്ല. പക്ഷേ കോവിഡ് സാഹചര്യത്തിൽ ചില ഓർഡിനൻസുകൾ കൊണ്ടുവരേണ്ടിവന്നു. അതെല്ലാം തന്നെ സഭ വിളിച്ചുചേർത്ത് ചർച്ച ചെയ്ത് പ്രതിപക്ഷത്തിൻ്റെ കൂടി സഹകരണത്തോടെ നിയമമാക്കി മാറ്റുകയാണ് ചെയ്തത്. ഓർഡിനൻസ് വന്നുകഴിഞ്ഞാലും ഇതും
എത്രയും പെട്ടെന്ന് സഭയുടെ മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കും.

ഭേദഗതി വന്നാലും റിപ്പോർട്ട് നൽകാനുള്ള അധികാരം ലോകായുക്തക്ക് തന്നെയാണ്. ചില സംസ്ഥാനങ്ങൾ ലോകായുക്ത നിയമത്തിൻ്റെ മൂർച്ച വല്ലാതെ കുറച്ചിട്ടുണ്ട്. ചിലർ മുഖ്യമന്ത്രിയെ ഒഴിവാക്കി, ചിലർ മന്ത്രിമാരെയും ഒഴിവാക്കി. ഈ വിധത്തിലൊരു നടപടിയും കേരളത്തിൽ സ്വീകരിച്ചിട്ടില്ല. പൂർണമായിട്ടും എല്ലാവരും നിയമത്തിൻ്റെ പരിധിക്കകത്താണ്. ലോകായുക്ത ഒരു ക്വാസി ജുഡീഷ്യറി സംവിധാനമാണ്. നിയമസഭ പാസാക്കുന്ന ബില്ലിൻ്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്നൊരു സംവിധാനത്തിന് ഭരണഘടനാ പദവിയിലിരിക്കുന്നൊരാളെ അയോഗ്യനാക്കാൻ സാധിക്കില്ല. അങ്ങനെ സാധിക്കുന്നുണ്ടെങ്കിൽ അത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം, ശ്രദ്ധയിൽ വന്നയുടനെ ഭരണഘടനാ വിധേയമാക്കാൻ ശ്രമിക്കുകയാണ് സർക്കാർ ചെയ്യുന്നത്.