ലൈഫ് പദ്ധതിയില്‍ സര്‍ക്കാര്‍ ഇതുവരെ നിര്‍മ്മിച്ചത് രണ്ടരലക്ഷം വീടുകള്‍ മാത്രം; മൂന്ന് വര്‍ഷമായി ലൈഫ് പദ്ധതി നിലച്ചു

79
0

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (08/02/2023)

തിരുവനന്തപുരം
നേരത്തെ സംസ്ഥാനത്ത് ഒരു ഭവന നിര്‍മ്മാണ പദ്ധതിയും ഇല്ലായിരുന്നെന്ന തരത്തിലാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയെ കൊട്ടിഘോഷിക്കുന്നത്. ഇന്ദിരാ ആവാസ് യോജന കൂടാതെ പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളിക്കും ന്യൂനപക്ഷങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഭവന നിര്‍മ്മാണ പദ്ധതികളും സംസ്ഥാനത്തുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഏഴ് പദ്ധതികള്‍ ഒരുമിച്ച് ചേര്‍ത്താണ് ലൈഫ് മിഷനുണ്ടാക്കിയത്.

ലൈഫ് പദ്ധതി വഴി പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം 279000 ആണെന്നാണ് 2022 സെപ്തംബര്‍ 9- ന് നിയമസഭയില്‍ നല്‍കിയ മറുപടി. ഇപ്പോഴത് മൂന്നു ലക്ഷമായെന്ന് പറയുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പണി പൂര്‍ത്തിയാക്കാതിരുന്ന 52000 വീടുകളും 5 വര്‍ഷത്തെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൂടി കുറച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് രണ്ടര ലക്ഷം വീടുകള്‍ മാത്രമാണ്. 2020-ല്‍ 9 ലക്ഷം പേര്‍ അപേക്ഷ നല്‍കിയതില്‍ 506000 പേരെ തെരഞ്ഞെടുത്തു. 2022 ല്‍ പ്രസിദ്ധീകരിച്ച ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 12845 ഗുണഭോക്താക്കള്‍ തദ്ദേശ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് 2023 ഫെബ്രുവരി ഒന്നിന് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നത്. മൂന്ന് വര്‍ഷത്തെ ലൈഫ് മിഷന്റെ പുരോഗതിയാണിത്. മൂന്ന് കൊല്ലമായി ലക്ഷക്കണക്കിന് പേരാണ് വീടിന് വേണ്ടി കാത്തിരിക്കുന്നത്. ഇതാണോ മൂന്ന് കൊല്ലം കൊണ്ടുണ്ടാക്കിയ പുരോഗതി?

2017-ല്‍ തുടങ്ങിയ പദ്ധതിയില്‍ പഴയ സര്‍ക്കാരിന്റെ കാലത്തെ 52000 ഉള്‍പ്പെടെ മൂന്ന് ലക്ഷം വീടുകളാണ് പൂര്‍ത്തിയാക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2011-12 മുതല്‍ 2015-16 വരെ 207538 വീടുകള്‍ ഇന്ദിരാആവാസ് യോജന പദ്ധതി പ്രകാരം മാത്രം നിര്‍മ്മിച്ചിട്ടുണ്ടെന്ന് 16-5-2017 ല്‍ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ അയിഷാ പോറ്റിയുടെ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട്. 5 കൊല്ലം കൊണ്ട് 414554 വീടുകളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ചത്. അക്കാലത്ത് എസി.സി വിഭാഗത്തില്‍ 24594 വീടുകളും എസ്.ടി വകുപ്പ് മുഖേന 17588 വീടുകളും നിര്‍മ്മിച്ചിട്ടുണ്ടെന്ന് മന്ത്രി ബാലനും നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. 71710 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളും 12938 കുടുംബങ്ങള്‍ക്ക് മുന്‍സിപ്പാലിറ്റികളും 10815 കോര്‍പറേഷനുകളും വീട് നിര്‍മ്മിച്ചിട്ടുണ്ട്. ഇത് കൂടാതെ അന്‍പതിനായിരത്തിലധികം വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഇത് കൂടിയാകുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നിർമ്മിച്ച വീടുകളുടെ എണ്ണം നാലര ലക്ഷത്തിൽ അധികമാകും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാര്‍ നിയമസഭയില്‍ നല്‍കിയ മറുപടികളാണിത്.

പട്ടികജാതി പട്ടിക വര്‍ഗത്തിനും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള വീടുകള്‍ക്ക് അതത് വകുപ്പുകള്‍ ചെയ്തുകൊടുത്തത് പോലെ ഇപ്പോള്‍ പുരോഗതിയുണ്ടോ? ലൈഫ് ഭവനപദ്ധതിക്കായി റൂറലില്‍ 525 കോടി നീക്കിവച്ചിട്ട് ചെലവഴിച്ചത് 6.22 ശതമാനവും അര്‍ബന്‍ മേഖലയില്‍ 192 കോടിയില്‍ 2.97 ശതമാനമാണ് ചെലവഴിച്ചത്. സര്‍ക്കാര്‍ നാല് ലക്ഷം മുടക്കുന്നുണ്ടെന്നാണ് പറയുന്നത്. 4 ലക്ഷത്തില്‍ സര്‍ക്കാര്‍ വിഹിതം ഒരു ലക്ഷവും ജില്ലാ- ബ്ലോക്ക് പഞ്ചായത്തുകള്‍ ഇരുപതിനായിരം വീതവും ഗ്രാമ പഞ്ചായത്ത് 40000 രൂപയുമാണ് നല്‍കേണ്ടത്. ബാക്കി വായ്പ പഞ്ചായത്തുകള്‍ അടയ്ക്കണം. മറ്റൊരു പദ്ധതികളും നടപ്പാക്കാനാകാത്ത അവസ്ഥയില്‍ പഞ്ചായത്തുകളെ ഈ പദ്ധതിയില്‍ കെട്ടിവച്ചിരിക്കുകയാണ്. എന്നിട്ടാണ് മറ്റേതെങ്കിലും സംസ്ഥാനം ഇത്രയും തുക മുടക്കുന്നുണ്ടോയെന്ന് ഇവിടെ പറയേണ്ട പുറത്ത് പൊതുയോഗത്തില്‍ വേണമെങ്കില്‍ പറഞ്ഞോ. ഇവിടെ പറഞ്ഞാല്‍ നാല് ലക്ഷത്തിന്റെ കണക്ക് ഞങ്ങള്‍ക്ക് അറിയാം. നിര്‍മ്മാണ ചെലവ് വര്‍ധിച്ചതിനാല്‍ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ എണ്ണം കൂടുകയാണ്.

പ്രളയകാലത്ത് പുനര്‍നിര്‍മ്മാണം നടത്തിയിട്ടും വീണ്ടും തകര്‍ന്നു പോയ വീടുകള്‍ ലൈഫ് ലിസ്റ്റില്‍ വന്നിട്ടുണ്ട്. എന്നാല്‍ നേരത്തെ വാങ്ങിയ തുക കുറച്ചേ 4 ലക്ഷം നല്‍കൂവെന്നാണ് പറയുന്നത്. പ്രളയകാലത്ത് ലഭിച്ച സഹായം ലൈഫില്‍ ഉള്‍പ്പെട്ടാല്‍ പരിഗണിക്കില്ലെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. പക്ഷെ പ്രളയസഹായം കുറച്ചാണ് പലര്‍ക്കും ലൈഫ് വഴിയുള്ള തുക നല്‍കിയിരിക്കുന്നത്.

2011-മുതല്‍ 16 വരെ നാലരലക്ഷത്തോളം വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ 2017 മുതല്‍ ഇതുവരെ രണ്ടരലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. വേണമെങ്കില്‍ നിങ്ങള്‍ക്ക് ക്യാപ്‌സൂള്‍ ഇട്ട് കൊട്ടിഘോഷിക്കാം. മറുപടി ഇല്ലാതെ വന്നപ്പോള്‍ ലൈഫ് മിഷനെ കുറിച്ച് പറയാതെ കെ.പി.സി.സി വീടുകളെ കുറിച്ച് മന്ത്രി പറഞ്ഞത് മര്യാദയല്ല. കെ.പി.സി.സി ആയിരം വീടുകളില്‍ അധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഓരോ ജില്ലകളിലും താലൂക്കുകളില്‍ കെ.പി.സി.സിയും പോഷകസംഘടനകളും നിര്‍മ്മിച്ച വീടുകളുടെ അഡ്രസ് സഹിതമുള്ള കണക്ക് മന്ത്രിക്ക് നല്‍കാന്‍ തയാറാണ്. അതേസമയം കോടിയേരി ബാലകൃഷ്ണന്‍ 2018 ല്‍ പ്രഖ്യാപിച്ച 2000 വീടുകള്‍ എന്തായെന്ന് വ്യക്തമാ ക്കണം. മന്ത്രി പറയുന്നത് 1200 വീട് നിര്‍മ്മിച്ചെന്നാണ്. എം.ബി രാജേഷിനെ പോലെ ഒരാള്‍ നിയമസഭയില്‍ വന്ന് ഒരു പാര്‍ട്ടിയെ അധിക്ഷേപിക്കാന്‍ പാടില്ല. പോരാളി ഷാജിയെ പോലെ മന്ത്രി രാജേഷ് തരംതാണെന്ന് പറയുന്നില്ല. കണക്ക് വച്ചാണ് ഞങ്ങള്‍ മറുപടി പറയുന്നത്. ലൈഫ് മിഷന്‍ സംബന്ധിച്ച് കണക്കുകള്‍ വച്ചാണ് മന്ത്രിയും മറുപടി പറയേണ്ടത്.

പട്ടിണി കിടക്കുന്നവന്‍ കളി കാണാന്‍ വരേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടിയ, അധികാരത്തിന്റെ ധാര്‍ഷ്ട്യം തലയ്ക്കുപിടിച്ച മന്ത്രിയായ അബ്ദുറഹ്‌മാനാണ് പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോള്‍ ബഹളം വയ്ക്കുന്നത്. പട്ടിണി കിടക്കുന്നവന്‍ കളി കാണാന്‍ വരേണ്ടെന്ന് പറഞ്ഞയാള്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഇരിക്കുന്നത് അപമാനകരമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം.