രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി.

155
0

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. സമൂഹത്തിന് ഇത് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും, സ്ത്രീവിരുദ്ധ ഇടപെടലില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നില്‍ക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. മുസ്ലിം ലീഗിലെ ഹരിത വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പാലാ സെന്റ്‌ തോമസ്‌ കോളേജിലെകൊലപാതകത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുന്നു. വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒരുമിച്ച് നേരിടേണ്ട വിഷയമാണിത്. സ്‌ത്രീകൾക്കെതിരെ അവഹേളനത്തിനായി ചിലര്‍ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിയുള്ള നിലപാട് കേരളം നവോത്ഥാന കാലം മുതല്‍ എടുത്തതാണ്. ലിംഗനീതി അംഗീകരിക്കണം. പുരുഷ മേധാവിത്വ സമീപനങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇതിനെ വിമര്‍ശനത്തോടെ കാണുന്നത് സ്വാഭാവികമെന്നും, അതാണ്‌ സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“ഹരിത’ വിഷയം സംബന്ധിച്ച ചോദ്യം റദ്ദാക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധിക്കില്ലെന്ന്‌ സ്‌പീക്കർ അറിയിച്ചു.