സ്വര്‍ണ്ണക്കടത്തില്‍ അന്ന് പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും ശരിയാണെന്ന് വന്നിരിക്കുന്നു: വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുന:രന്വേഷണം വേണം രമേശ് ചെന്നിത്തല
ലോകായുക്ത വിഷയത്തില്‍ കാനം പറഞ്ഞത് നൂറ് ശതമാനം ശരി
തിരുവനന്തപുരം :സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലോടെ സ്വര്‍ണക്കളളക്കടത്തു സംബന്ധിച്ച് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച എല്ലാകാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു.
അന്ന് ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഞങ്ങളെ പുച്ഛിച്ച് തളളിയവരുണ്ട്. അന്ന് ശിവശങ്കറിനെയും മുഖ്യമന്ത്രിയെയും വെളളപൂശാന്‍ വേണ്ടി ഔദ്യോഗിക സംവിധാനങ്ങള്‍ ആകെ ദുരുപയോഗപെടുത്തി. എന്നാല്‍ ഇന്ന് അതിലെ പ്രധാനപ്പെട്ട വ്യക്തി എന്നനിലയില്‍ സ്വപ്ന സുരേഷിന്റെ തന്നെ വെളിപ്പെടുത്തലോടെ ഞങ്ങള്‍ അന്നു ഉന്നയിച്ച എല്ലാ ആരോപണങ്ങളും സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണകളളക്കടത്തിന് വേണ്ടി സഹായം നല്‍കിയെന്നും ആ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു സ്വര്‍ണകളളക്കടത്ത് നടത്തിയത് എന്നതും ശരിയാണെന്ന് വന്നല്ലോ.?
നയതന്ത്രബാഗേജിലൂടെ സ്വര്‍ണം കടത്തുന്നു എന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് അിറയാമായിരുന്നു എന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആ ബാഗേജ് വിട്ടുകിട്ടുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടായി എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ അതിനെ നിശിതമായി എതിര്‍ക്കുകയും ഞങ്ങളെ നീചമായി കടന്നാക്രമിക്കുകയും ചെയ്തിരുന്നു.
ഇന്ന് സ്വപ്ന പറഞ്ഞിരിക്കുന്നത് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കളളക്കടത്ത് നടത്തുവാന്‍ പൂര്‍ണ സഹായം നല്‍കിയിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്നാണ്. ബാഗേജ് വിട്ടുകിട്ടുവാന്‍ പൂര്‍ണ സമ്മര്‍ദ്ദം ചെലുത്തിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയാണ് എന്നുമാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെതിരായി ഞങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയുണ്ടായി. ആ അവിശ്വസ പ്രമേയം ത്തില്‍ അക്കമിട്ട് പറഞ്ഞ ഓരോ കാര്യങ്ങളും ശരിയാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയെപ്പറ്റി ഞങ്ങള്‍ പറഞ്ഞു. അന്ന് അതിനെ പുച്ഛിച്ച് തളളിയവരുണ്ട്. എന്നാല്‍ കേരളം മുഴുവന്‍ ഈ പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപ നേടുവാന്‍ വേണ്ടിയിട്ടുളള ബൃഹത്തായ പദ്ധതിക്കാണ് രൂപം കൊടുത്തത് എന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് വഴി കിട്ടിയ കമ്മീഷന്‍ സ്വപ്നയുടെയും ശിവശങ്കറിന്റെ ബിനാമിയുടെയും പേരിലാണ് ലോക്കറില്‍ സൂക്ഷിച്ചത് എന്ന വെളിപ്പെടുത്തലും വരുന്നു.
ഇനി മുഖ്യമന്ത്രിക്കും കേരളത്തിലെ ഇടത് മുന്നണിക്കും എന്താണ് പറയാനുളളത്?
കേന്ദ്ര ഏജന്‍സികള്‍ പ്രതികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി മുഖ്യമന്ത്രിയുടെ പേരു പറയിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും ശരിയല്ല എന്ന് തെളിഞ്ഞിരിക്കുന്നു.
സ്പനാ സുരേഷ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഈ കേസില്‍ പുനരന്വേഷണം വേണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.
മുന്‍സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പേരില്‍ ഞങ്ങള്‍ നിയമസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചു. അന്ന് ഞങ്ങള്‍ ഉന്നയിച്ചതാണ് ഈ കേസിലെ പ്രതികളുമായി ശ്രീരാമകൃഷ്ണന് അടുത്ത ബന്ധമുണ്ട് എന്നുളളത്. അന്ന് അദ്ദേഹം അതെല്ലാം നിഷേധിച്ചു. എന്നാല്‍ ആ ബന്ധം സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. ജനങ്ങള്‍ക്ക് അത് ബോധ്യമാവുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
സ്വര്‍ണ കളളക്കടത്തുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാരുടെ പേരില്‍ ആരോപണം ഉണ്ടായി. ആ ആരോപണം പലതും ശരിയാണെന്നാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്.
അന്നത്തെ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സ്പ്രിംഗ്‌ളര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ഞങ്ങള്‍ ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പൂര്‍ണമായും അദ്ദേഹത്തെ പിന്തുണക്കുകയാണുണ്ടായത്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുളളത്.
ഇത്രയും കുറ്റകൃത്യങ്ങള്‍ ചെയ്ത ഒരു ഉദ്യോഗസ്ഥനെ ഇനിയും സര്‍വ്വീസില്‍ വെച്ചുകൊണ്ടിരിക്കണമോ എന്ന് മുഖ്യമന്ത്രി ആലോചിക്കണം. ഇദ്ദേഹം അനുവാദം വാങ്ങിയാണോ പുസ്തകം എഴുതിയത്.?
ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം ഉണ്ടാകണം. കുറ്റവാളികള്‍ പുറത്ത് വരണം. കേരളത്തിന്റെ മുഖ്യമന്ത്രി ഇതിനോട് പ്രതികരിക്കണം.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണകളളക്കടത്ത് നടത്തുവാനും ലൈഫ് മിഷനില്‍ കോടികള്‍ തട്ടാനും മറ്റ് നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കുമായി ദുരുപയോഗിച്ചു എന്ന വസ്തുത സംശയാതീതമായി തെളിഞ്ഞിരിക്കുന്ന സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയും മുന്നണിയും ഇക്കാര്യം നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയാണ്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി
മുഖ്യമന്ത്രി ഇതൊന്നും അിറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് സ്വപ്ന സുരേഷ് കസ്റ്റഡിയിലിരിക്കുമ്പോഴും ജയിലില്‍ ഉളളപ്പോഴും സ്പനയുടെ സന്ദേശം പുറത്ത് കൊടുപ്പിച്ചത് ആരാണ് എന്ന് അവര്‍ തന്നെ പറഞ്ഞല്ലോ.
കസ്റ്റഡിയലും ജയിലിലും ഉളള ഒരു പ്രതിയുടെ ശബ്ദ സന്ദേശം പുറത്ത് കൊടുക്കുക എന്നത് പോലീസോ ജയില്‍ ഉദ്യോഗസ്ഥരുടെയോ അിറവോടെയാണ്. ആഭ്യന്ത്രവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിട്ടാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പങ്ക് വളരെ വ്യക്തമാണ്.
മുഖ്യമന്ത്രിയെയും ഓഫീസിനെയും സംരക്ഷിക്കുവാനുളള പരിശ്രമം നടത്തി എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് അനുവാദം വാങ്ങാതെ പുസ്തകം എഴുതിയിട്ടും ശിവശങ്കറിനെതിരെ നടപടിയുണ്ടാകാത്തത്. പലരെയും രക്ഷിക്കുവാനുളള തത്രപ്പാടിലാണ് ഈ പുസ്തകം ഇറക്കിയിട്ടുളളത്.
ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് പ്രതിപക്ഷം അന്നേ ആവശ്യപ്പെട്ടതാണ്. അതനുസരിച്ച് അന്വേഷിക്കുവാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ആ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല .
ഐടി സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറിന്റെ കീഴിലുളള വിവിധ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടന്നു. യോഗ്യതയില്ലാത്തവരെ നിയമിച്ചു. ഈ കാര്യങ്ങള്‍ എല്ലാം പുറത്തു കൊണ്ടു വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ് . ഇതുവരെ അന്വേഷണം നടന്നിട്ടില്ല. വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
സ്വപ്ന സുരേഷിന് പിഡബ്‌ളിയുസിയാണ് ജോലി നല്‍കിയത് എന്നായിരുന്നു ന്യായം. ശിവശങ്കര്‍ പറഞ്ഞിട്ടാണ് ജോലി നല്‍കിയത്. . കൃത്രിമ രേഖ ഉണ്ടാക്കി ബയോഡേറ്റ ഉണ്ടാക്കിയത് അദ്ദേഹമാണ്.
ശിവശങ്കര്‍ ഇനി ഒരു നിമിഷം സര്‍വ്വീസില്‍ തുടരുവാന്‍ അര്‍ഹനല്ല. സസ്പന്‍ഷന്‍ അടക്കമുളള നടപടികള്‍ക്ക് വിധേയനാകേണ്ടതാണ്.
സ്വര്‍ണക്കളളക്കടത്ത് കേസിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഈ കേസ് ഇല്ലാതായി. ഇത് ബിജെപിയും സിപിഎമ്മും തമ്മിലുളള കളളക്കളിയാണ്. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് എഴുതിയതിന് ശേഷം അന്വേഷണം ഉണ്ടായില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ കള്ളക്കളി പ്രതിഫലിച്ചു. സിപിഎമ്മിന് ബിജെപിയുടെ വോട്ട് കിട്ടിയത് കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന് തിരിച്ച് വരുവാന്‍ അവസരമായത്. ഈ കൂട്ട് കെട്ടിന്റെ ഫലമായാണ് ഈ കേസ് ആവിയായി പോയത്. കേരളത്തില്‍ 60 സീറ്റുകളില്‍ ബിജെപിയുടെ പിന്തുണ സിപിഎമ്മിന് ലഭിച്ചത്.
ശിവശങ്കര്‍ പറയുന്നു താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്ന്. അതിന് വിരുദ്ധമായിട്ട് മറ്റൊരു പ്രതി ചില കാര്യങ്ങള്‍ പുറത്തു വരുന്നു. ഇത് അന്വേഷിക്കണം.
ലോകായുക്ത ഭേദഗതിയെ സംബന്ധിച്ച് കാനം രാജേന്ദ്രന്‍ പറഞ്ഞകാര്യങ്ങള്‍ 100 ശതമാനം സത്യമാണ്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ സത്യമാണ് ജനങ്ങള്‍ വിശ്വസിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി വന്ന് കഴിഞ്ഞാല്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുവാനുളള മര്യാദ മുഖ്യമന്ത്രിയും ഇടത് മുന്നണിയും കാണിക്കണം. ഇക്കര്യത്തില്‍ കേസ് കൊടുത്തത് കൂട്ടായി എടുത്ത തീരുമാനമാണ്. ഞങ്ങളുടെ ഇടയില്‍ ഒരു അഭിപ്രായവിത്യാസവുമില്ല.