യു.കെ റിക്രൂട്ട്മെന്റ്: ചില വസ്തുതകള്‍

79
0

പി.ശ്രീരാമകൃഷ്ണൻ ,
റസിഡന്റ് വൈസ് ചെയർമാൻ,
നോർക്ക റൂട്ട്സ്
…………………….

കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ ദിവസം ലണ്ടനില്‍ ഒപ്പുവെച്ചിരുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുളള നോര്‍ക്ക റൂട്ട്‌സും, യുണൈറ്റഡ് കിംങ്ഡമിൽ (യു.കെ) എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളില്‍ (ICP) ഒന്നായ Humber and North Yorkshire Health & Care Partnership, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെൽത്ത് സര്‍വ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് പിന്തുണ നല്‍കുന്നത് Humber and North Yorkshire Health & Care Partnership ലെ പ്രധാന അംഗമായ നാവിഗോ എന്ന സ്ഥാപനമാണ്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണപരത്തുന്നതും, നോര്‍ക്ക റൂട്ട്‌സിനും ബഹു. മുഖ്യമന്ത്രി ഉള്‍പ്പെടെയുളള വ്യക്തികള്‍ക്കും അപകീര്‍ത്തികരവുമായ ചില പ്രതികരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. കേന്ദ്രാനുമതി ഇല്ലാതെ, സ്വകാര്യസ്ഥാപനവുമായാണ് നോര്‍ക്ക ധാരണപത്രം ഒപ്പിട്ടതെന്നും, ആരോഗ്യപ്രവർത്തകർക്ക് യുകെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം നടത്താന്‍ നിലവില്‍ സാഹചര്യം ഉണ്ടെന്നിരിക്കേ, പ്രസ്തുത ധാരണാപത്രത്തിന് പുതുമയില്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം.
വസ്തുതകൾ
പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും, പുനരധിവാസത്തിനുമായി പ്രവർത്തിച്ചു വരുന്ന കേരള സര്‍ക്കാറിന്റെ ഫീല്‍ഡ് ഏജന്‍സിയാണ് നോര്‍ക്ക റൂട്ട്‌സ്. എമിഗ്രേഷൻ ആക്റ്റ് 1983 പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ്‌ അനുവദിച്ച രാജ്യാന്തര റിക്രൂട്ട്‌മെന്റ് ലൈസന്‍സുളള ഏജന്‍സി കൂടിയാണ് നോര്‍ക്ക റൂട്ട്‌സ് . സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് ഇതുവഴി കമ്പനികളുമായോ, സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുമായോ നിയമപരമായ റിക്രൂട്ട്മെന്റ് കരാറുകളില്‍ ഏര്‍പ്പെടാനാകും. എന്നാല്‍ ഇരു രാജ്യങ്ങളിലേയും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെടുന്ന റിക്രൂട്ട്‌മെന്റ് കരാര്‍ ആയതിനാല്‍ ഈ വിഷയത്തില്‍ കരട് ധാരണാപത്രം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി സമര്‍പ്പിക്കുകയും, കഴിഞ്ഞ 03-10-2022 ല്‍ തന്നെ ക്ലിയറന്‍സ് ലഭിക്കുകയും ചെയ്തു. കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയും പാലിച്ചുമാണ് നോര്‍ക്ക റൂട്ടസ് ധാരണപത്രം അന്തിമമാക്കിയിട്ടുളളത് .
യു.കെ യില്‍ 2022 ലെ ഹെല്‍ത്ത് ആന്റ് കെയര്‍ ആക്റ്റ് പ്രകാരം നിലവില്‍ വന്ന സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ് ഇന്റഗ്രറ്റഡ് കെയര്‍ സിസ്റ്റം (ICS). പ്രസ്തുത നിയമ പ്രകാരം യു. കെ യെ NHS സേവനങ്ങള്‍ക്കായി 42 മേഖലകളായി (ICS അഥവാ ഇന്റഗ്രറ്റഡ് കെയര്‍ സിസ്റ്റം ) തിരിച്ചിട്ടുണ്ട്. ഓരോ മേഖലയുടെയും ചുമതല അതാത് ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകള്‍ക്കാണ് (ICB). ഓരോ ICB യുടെയും നേതൃത്വത്തില്‍ യു.കെ യില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് 42 മേഖലാ പാര്‍ട്ട്ണര്‍ഷിപ്പുകളാണുളളത് (ICP). പ്രസ്തുത ICS ഏരിയയിലെ ഇന്റഗ്രേറ്റഡ് കെയർ ബോർഡും ഏരിയയിൽ വരുന്ന എല്ലാ ഉയർന്ന തലത്തിലുള്ള പ്രാദേശിക സമിതികളും പ്രാദേശിക ഭരണകൂടവും ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യകേന്ദ്രങ്ങളും തമ്മിൽ സംയുക്തമായി രൂപീകരിച്ച ഒരു നിയമാനുസൃത സമിതി( Statutory Body) യാണ് ഇന്റഗ്രേറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പ്‌. ഇതില്‍ Humber and North Yorkshire മേഖലയിലെ പാർട്ട്ണർഷിപ്പ് സംവിധാനമാണ് Humber and North Yorkshire Health & Care Partnership. ആയതിനാൽ ഇത് പൂര്‍ണ്ണമായും ഒരു സർക്കാർ സംവിധാനമാണ്.
ലോക കേരള സഭയുടെ യൂറോപ്പ് ,യു.കെ മേഖലാ സമ്മേളനം ഒക്ടോബര്‍ 9 ന് ലണ്ടനില്‍ ചേരാനിരുന്നതിനാലാണ് പ്രസ്തുത ധാരണാപത്രം അതേ വേദിയില്‍ തന്നെ കൈമാറാന്‍ നിശ്ചയിച്ചത്. ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ യു.കെ സര്‍ക്കാറിന്റെ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ പ്രതിനിധീകരിച്ച് , ഡേവ് ഹൊവാര്‍ത്ത് , (ഡെപ്യൂട്ടി ഹെഡ് , ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ റിക്രൂട്ട്‌മെന്റ് ടാസ്‌ക് ഫോഴ്‌സ്) പങ്കെടുത്തിരുന്നു. ഈ കരാറിന്റെ പുരോഗതിയ്ക്കനുസരിച്ച് യു.കെ യിലെ മറ്റ് 41 കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകള്‍ വഴിയും റിക്രൂട്ട്‌മെന്റിനുളള സാധ്യതയും ഇതു വഴി ഭാവിയില്‍ നോര്‍ക്ക റൂട്ട്‌സിന് ലഭിച്ചേയ്ക്കാം. മാത്രമല്ല നഴ്സിങ് ഇതര റിക്രൂട്മെൻറ് സാധ്യതകൾക്കും ആരോഗ്യ രംഗത്തുള്ള പരസ്പര സഹകരണത്തിനും ഈ കരാർ വഴിവെയ്ക്കുന്നു.
ഇത്രയ്ക്ക് പ്രാധാന്യമുളളതും, സമാനതകളില്ലാത്തതുമായ റിക്രൂട്ട്‌മെന്റ് സാധ്യതകളാണ് ഈ ധാരാണാപത്രം വഴി യാഥാര്‍ത്ഥ്യമായത്. 2022 ജൂലൈ 1 ന് നിലവില്‍ വന്ന ICB കളുമായി ഇന്ത്യയില്‍ ആദ്യമായി റിക്രൂട്ട്‌മെന്റ് കരാറിലേര്‍പ്പെടുന്നത് കേരളത്തിന്റെ സ്വന്തം നോര്‍ക്കാ റൂട്ട്‌സ് ആണ്. നഴ്‌സുമാര്‍ക്കു മാത്രമല്ല ആരോഗ്യമേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍ക്കും മറ്റ് തൊഴിൽ മേഖലയിൽ ഉള്ളവർക്കും യു.കെ കുടിയേറ്റം സാധ്യമാക്കുന്ന വ്യവസ്ഥാപരമായ റിക്രൂട്ട്‌മെന്റ് രീതിയ്ക്കാണ് നോര്‍ക്ക റൂട്ട്‌സ് വഴി ഇതോടെ തുടക്കമാകുന്നത്.
യു.കെ യിലേയ്ക്കുളള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റിന് നിലവില്‍ തന്നെ സാധ്യതകളുണ്ട്. നോര്‍ക്ക റൂട്ട്‌സ് വഴി മാത്രമേ യു. കെയിലേയ്ക്ക് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സാധ്യമാകൂ എന്നതരത്തില്‍ ഒരു അവകാശവാദവും നോര്‍ക്ക റൂട്ട്‌സ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. നിലവില്‍ യു.കെ യിലേയ്ക്ക് നോര്‍ക്ക റൂട്ട് വഴി അല്ലാതെയും നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സാധ്യമാണ്. അതിനുളള അവസരങ്ങള്‍ യു. കെ യിലെ ആരോഗ്യമേഖലയില്‍ നിലവിലുണ്ട്. എന്നാല്‍, ഇപ്പോള്‍ ഒപ്പുവച്ച കരാര്‍ പ്രകാരം നഴ്‌സിങ്ങ് പ്രൊഫഷണലുകള്‍ക്ക് മാത്രമല്ല ആരോഗ്യ, ഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍ക്കും ഇതര രംഗത്തുള്ളവർക്കും യു.കെ കുടിയേറ്റം സാധ്യമാകുന്നു. മാത്രമല്ല, ഇന്റര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് ഭാഷാപരിചയം വ്യക്തമാക്കുന്ന OET/IELTS എന്നിവ ഇല്ലാതെതന്നെ ഉപാധികളോടെ, ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നതിനും നോര്‍ക്ക റൂട്ട്‌സ് വഴി അവസരമുണ്ട്. ഓഫര്‍ ലെറ്റര്‍ ലഭിച്ചശേഷം പ്രസ്തുത യോഗ്യത നേടിയാല്‍ മതിയാകും. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ നോര്‍ക്ക പൂതുതായി ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാഗ്വേജ് മുന്‍കൈയെടുക്കും. സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ പരിഗണനയും ലഭ്യമാക്കും.
ബി. എസ് സി നഴ്സിങ്ങ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് OET/IELTS- ല്‍ മതിയായ സ്‌കോര്‍ ഇല്ലെങ്കില്‍പ്പോലും യു.കെ യില്‍ സീനിയര്‍ കെയറര്‍ തസ്തികയില്‍ ജോലി ലഭിക്കാന്‍ നിലവില്‍ തന്നെ അവസരമുണ്ട്. ഈ അവസരം ചൂഷണം ചെയ്ത് ലക്ഷങ്ങളാണ് അനധികൃത ഏജന്റുമാര്‍ ഈടാക്കി വരുന്നത്. ഈ പ്രവണതയ്ക്ക് തടയിടാൻ കൂടിയാണ് നോർക്ക ശ്രമിക്കുന്നത്. സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചൂഷണത്തിൽ നിന്നും ഒരു പരിധി വരെ മോചിതരാകാന്‍ പുതിയ കരാറിലൂടെ കഴിയും.
PLAB ( പ്രൊഫഷണല്‍ ആന്റ് ലിംഗ്വിസ്റ്റിക്ക് അസ്സസ്സ്‌മെന്റ് ബോര്‍ഡ് ) ടെസ്റ്റ് പാസ്സായ ഡോക്ടര്‍മാര്‍ക്കു മാത്രമേ സാധാരണയായി യു.കെ യിലേയ്ക്ക് തൊഴില്‍ വീസ ലഭിക്കുകയുളളൂ. എന്നാല്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് PLAB പാസ്സാകാതെ തന്നെ സ്‌പോണ്‍സഷിപ്പിലൂടെ യു.കെയിലേയ്ക്ക് പോകുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും അവസരമുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് യോഗ്യത ചില പ്രത്യേക ആരോഗ്യ സംവിധാനങ്ങള്‍ക്കു മാത്രമാണ് യു.കെയില്‍ ഉളളത്. പുതിയ ധാരണാപത്രത്തിന്റെ ഭാഗമായ നാവിഗോ അടക്കമുള്ള ധാരാളം സ്ഥാപനങ്ങൾ ഈ യോഗ്യത ഉളളവരാണ്. ഇതുവഴി സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് അധിക യോഗ്യത നേടാതെ തന്നെ യു.കെ യിലേയ്ക്ക് പോകാന്‍ കഴിയും. നവംബര്‍ മാസത്തില്‍ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടർന്ന് പ്രതിവർഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാപത്രത്തിന്റെ നേട്ടംതന്നെയാണ് . ആദ്യഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യ, ഇതര മേഖലകളിൽ നിന്നുള്ള 3000 ത്തോളം ഉദ്യോഗാർത്ഥികൾക്ക് പുതിയ കരാർ പ്രകാരം യു.കെ യിലേയ്ക്ക് തൊഴിൽ സാധ്യത തെളിയും.
വസ്തുതകൾ ഇതായിരിക്കേ ചില കോണുകളിൽ നിന്നുളള അവാസ്തവവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണങ്ങളിൽ നിന്നും വ്യക്തികളും, മാധ്യമങ്ങളും വിട്ടുനിൽക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .