തിരുവനന്തപുരം: ചലച്ചിത്ര താരം മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ കോവിഡ് കാലത്ത് തിരുവനന്തപുരം ജില്ലയിൽ മികച്ച സേവനം നൽകിയ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ ആദരിച്ചു.
തമ്പാനൂർ കേരള ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടന്ന ചടങ്ങ് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. .തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി ആർ എം ഒ ഡോ മോഹൻ റോയ്, കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ നോബിൾ ഗ്രേഷ്യസ് എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ് അരവിന്ദ് അധ്യക്ഷനായി. അഡ്വ സാജൻബിനു മുഖ്യപ്രഭാഷണം നടത്തി.
ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. തുടർന്ന് ഫാൻസ് അസോസിയേഷൻ അംഗങ്ങൾ അവയവദാന പ്രചരണത്തിന്റെ ഭാഗമായി രണ്ടാം ഘട്ട സമ്മതപത്രം മൃതസഞ്ജീവനി അധികൃതർക്ക് കൈമാറി. അസോസിയേഷൻ രക്ഷാധികാരി കിരീടം ഉണ്ണി, ചെയർമാൻ എസ് എൽ വിമൽ കുമാർ, മുകേഷ് എം നായർ, ഷിബു ശശി സ്വാഗതവും എസ് രാജീവ് നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി പൂജപ്പുര വനിതാ സദനത്തിൽ അന്നദാനവും മോഹൻലാൽ ചിത്രങ്ങളുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനമേളയും വൺമാൻ ഷോയും നടന്നു.