മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്‍റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

117
0

മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്‍റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് കേരളം ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരായാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. നാളെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് പൊതുതാത്പര്യ ഹര്‍ജികള്‍ക്കൊപ്പമായിരിക്കും കേരളത്തിന്റെ ഹര്‍ജിയും പരിഗണിക്കുന്നത്. രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്ന തമിഴ്‌നാട് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.

അടിയന്തിര ഇടപെടൽ വേണ്ട വിഷയമാണ് ഇതെന്നും സുപ്രീംകോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും മേല്‍നോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും കേരളം ആരോപിക്കുന്നു. ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിട്ടും സ്ഥിതി വിലയിരുത്താൻ മേൽനോട്ട സമിതി തയ്യാറായില്ല. കേരളത്തിന്‍റെ ആശങ്ക തമിഴ്നാടും വകവെക്കുന്നില്ല. ഈ സാഹചര്യത്തിൽ ജലനിരപ്പ് കുറച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.

ഇതിനു പുറമെ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സമിതിയെ രൂപീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സമിതിയില്‍ രണ്ട് സംസ്ഥാനങ്ങളിലെയും രണ്ട് അംഗങ്ങള്‍ വീതമുണ്ടായിരിക്കണം എന്നും കേരളം ആവശ്യപ്പെടുന്നു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു.