മുതലപ്പൊഴിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

86
0

ചിറയിന്‍കീഴ്: മുതലപ്പൊഴിയില്‍ ബുധനാഴ്ച വൈകീട്ട് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹി്മാനും സംഘവും മിന്നല്‍ സന്ദര്‍ശനം നടത്തി. മുതലപ്പൊഴിയില്‍ സ്ഥിരമായി അപകടം നടക്കുന്ന മേഖല അദ്ദേഹം നോക്കി കണ്ടു. ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദമാക്കി. മുതലപ്പൊഴിയെ ഏറ്റവും സുരക്ഷിതമായ ഹാര്‍ബറാക്കാനുള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി തുറമുഖവകുപ്പ് കാര്യങ്ങള്‍ പഠിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷം വിദഗ്ദ്ധസമിതി പരിശോധിക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ഇത് നൂറുശതമാനവും വിജയിക്കും എന്നുതന്നെയാണ് കരുതുന്നത്. അഞ്ചുതെങ്ങിലെ തീരശോഷണം തടയുന്നതിനായി നിര്‍മ്മിയ്ക്കാനുദ്ദേശിക്കുന്ന ഗ്രോയിങുകള്‍ക്കായി ടെന്‍ഡര്‍ ആയിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു. കരാറുകാരന് നല്‍കാനുള്ള താമസം മാത്രമെ ഇക്കാര്യത്തിലുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുറമുഖവകുപ്പ് ഉദ്യോഗസ്ഥര്‍, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, വികസന സ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷന്‍ അബ്ദുള്‍ വാഹിദ്, പഞ്ചായത്തംഗം ഫാത്തിമ ഷക്കീര്‍ എന്നിവര്‍ മന്ത്രിയ്‌ക്കൊപ്പം മുതലപ്പൊഴിയിലെത്തി.