മുഖ്യമന്ത്രി തെറ്റ് തിരുത്താൻ തയ്യാറാകണം: വി.മുരളീധരൻ

128
0

തിരുവനന്തപുരം: മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തിയെന്ന് പറയുന്നത് സത്യ പ്രതിഞ്ജാലംഘനമാണെന്നും അദ്ദേഹം തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും കേന്ദ്ര പാർലമെന്ററി-വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. സർക്കാരിന്റെ വീഴ്ചകൾക്ക് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. ഉന്നത വിദ്യാഭ്യാസരം​ഗത്തിന്റെ നിലവാരം ഉയർത്താനുള്ള നടപടിയെടുക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. എന്നാൽ മുഖ്യമന്ത്രി യഥാർത്ഥ വിഷയത്തിൽ നിന്നും വഴിതിരിച്ചു വിടാൻ പുതിയ ചില കാര്യങ്ങൾ പറയുകയാണ്. കണ്ണൂർ,കാലടി സർവ്വകലാശാലകളിലെ വൈസ്ചാൻസിലർമാരെ നിയമിക്കുന്നതിലുള്ള നടപടിക്രമങ്ങൾ പാലിക്കാത്തതും, സ്വജനപക്ഷപാതവും, രാഷ്ട്രീയ താത്പര്യ പ്രകാരമുള്ള നിയമനങ്ങളുമാണ് ​ഗവർണർ എതിർത്തത്. കഴിഞ്ഞ കാലങ്ങളിൽ നിയമിച്ച വിസിമാരുടെ പട്ടികയാണ് മുഖ്യമന്ത്രി പറയുന്നത്. അതോടൊപ്പം സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെട്ടവരുടെ ​ഗുണമേന്മയും അദ്ദേഹം വാഴ്ത്തുന്നു. സെർച്ച് കമ്മിറ്റിയെ കുറിച്ച് ​ഗവർണർ എവിടെയും പറഞ്ഞിട്ടില്ല. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നാണ് പിണറായിയുടെ മറുപടിയെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

തെറ്റ് തിരുത്തുന്നതിന് പകരം ​ഗവർണറെ സംശയത്തിന്റെ മുനയിൽ നിർത്താനാണ് ​മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജനങ്ങളുടെ മുന്നിൽ ഫെഡറൽ തത്ത്വങ്ങളെ ലംഘിച്ചുകൊണ്ട് രാജ്ഭവനെ അവഹേളിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണ്. തെറ്റ് തിരുത്താനാവില്ലെങ്കിൽ ധാർമ്മികത ഉയർത്തിപിടിച്ച് മുഖ്യമന്ത്രി രാജിവെക്കണം. സംസ്ഥാന സർക്കാർ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളുടെ ചട്ടുകമാക്കാൻ ​ഗവർണറെ ഉപയോ​ഗിക്കുകയാണ്. കൊല്ലത്ത് ശ്രീനാരായണ ​ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഓർഡിനൻസിലൂടെയാണ് സ്ഥാപിച്ചത്. ഒരു വർഷമായിട്ടും സർവ്വകലാശാലയുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. തിരക്കിട്ട് ശ്രീനാരായണ സർവ്വകലാശാല സ്ഥാപിക്കാൻ കാരണം അക്കാദമിക്ക് താത്പര്യമോ ഗുരു ദേവന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനോ അല്ല. ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായിരുന്നു. സർവ്വകലാശാലകളെ സ്വതന്ത്ര ചിന്തയുടെ വേദിയാക്കുന്നതിന് പകരം സ്വന്തക്കാരെ തിരുകി കയറ്റി പാർട്ടി സ്ഥാപനങ്ങളാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.