തിരുവനന്തപുരം: ആരോഗ്യ പരിപാലനരംഗത്ത് ഒരു നൂതന അധ്യായം രചിച്ചു കൊണ്ട് എസ് യു ടി പട്ടം രംഗത്ത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ ഒരു പുതിയ സംരംഭമായ ‘ജോഗോ’യുമായി ചേര്‍ന്ന് പട്ടം എസ് യു ടി ആശുപത്രി ഒരു പുനരധിവാസ കേന്ദ്രം ആരംഭിച്ചിരിക്കുന്നു. കൗണ്‍സിലിംഗ്, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, വിഷ്വല്‍ ഓഡിയോ ബയോ ഫീഡ്ബാക്ക് ഉപകരണം പോലുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സാ രീതികള്‍ എന്നിങ്ങനെ വിവിധ സേവനങ്ങളാണ് ഈ പുനരധിവാസ കേന്ദ്രത്തില്‍ ലഭ്യമാവുക. ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആശുപത്രിയില്‍ വച്ച് നടന്നു. ആശുപത്രിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോഗോയുടെ വൈസ് പ്രസിഡന്റ് ഡോ. ശ്യാം രാമ മൂര്‍ത്തി നൂതന ചികിത്സാ രീതിയെക്കുറിച്ച് വിശദീകരണം നല്‍കി. എസ് യു ടിയിലെ കണ്‍സല്‍ട്ടന്റ്മാരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.