- ഡോ ഷഹീദ് ജമീല്‍
കോവിഡ് അവസാനത്തെ മഹാമാരി അല്ലെന്നും പുതിയ മഹാമാരികളെ പ്രതിരോധിക്കാന്‍ പൊതുജനാരോഗ്യരംഗത്തു കൂടുതല്‍ നിക്ഷേപം നടത്തണമെന്നും പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 58-ാം സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അശോക സര്‍വകലാശാലയിലെ ത്രിവേദി സ്‌കൂള്‍ ഓഫ് ബയോ സയന്‍സസിന്റെ ഡയറക്ടറാണ് ഡോ. ഷാഹിദ് ജമീല്‍. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ ജീനോം സ്വീക്വന്‍സിങ് ഗ്രൂപ്പിന്റെ മേധാവി സ്ഥാനത്തുനിന്ന് ഇദ്ദേഹം ഈയിടെ രാജിവച്ചിരുന്നു.
2019-ല്‍ ചൈനയിലെ വുഹാനില്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തെ 18 കോടി ജനങ്ങളെ രോഗബാധിതരാക്കുകയും 39 ലക്ഷം മരണത്തിനു കാരണമാകുകയും ചെയ്ത കോവിഡ്-19 ഇന്ത്യയില്‍ മൂന്നു കോടി ആള്‍ക്കാരെ ബാധിക്കുകയും 4 ലക്ഷം പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു.
ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകത്തിനു കഴിഞ്ഞത് ആധുനിക ശാസ്ത്രത്തിന്റെ രീതികള്‍ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. രോഗം കണ്ടെത്താനും ചികിത്സിക്കാനും രോഗത്തിന്റെ വ്യാപ്തി പ്രവചിക്കാനും പ്രതിരോധിക്കാനുമൊക്കെയുള്ള തന്ത്രം ആധുനിക ശാസ്ത്രത്തിന്റെ സംഭാവനയാണ്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് രോഗത്തിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്‌സിന്‍ കണ്ടെത്തിയത് മഹാമാരികളുടെ ചരിത്രത്തിലെ തന്നെ അവിസ്മരണീയമായ സംഭവമാണ് എന്നും ഡോ ഷാഹിദ് ജമീല്‍ പറഞ്ഞു. നൂറിലേറെ വാക്‌സിനുകളാണ് ഒരു വര്‍ഷത്തിനുള്ളില്‍ തയ്യാറായി വരുന്നത്.
വാക്‌സിനേഷന്‍ മരണനിരക്ക് കുറക്കുന്നു എന്നാണ് എല്ലാ പഠനങ്ങളും കാണിക്കുന്നത്. കാലാവസ്ഥ മാറ്റവും വന നശീകരണവുമാണ് മഹാമാരികളുടെ പ്രധാന കാരണം എന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്നുണ്ട്. മാത്രമല്ല ഇവയില്‍ കൂടുതലും ജന്തുജന്യരോഗങ്ങളുമാണ്. ചൈനയും ഇന്ത്യയും അടങ്ങുന്ന ദക്ഷിണേഷ്യന്‍ മേഖലയാണ് ഇതിന്റെ പ്രധാന ഹോട്‌സ്‌പോട്ടുകള്‍. പുതിയ ഇനം വൈറസുകളുടെ ആവിര്‍ഭാവത്തെക്കുറിച്ച് പഠിക്കാന്‍ ഗ്ലോബല്‍ വൈറോം പ്രൊജക്റ്റ് തുടങ്ങിയിട്ടുണ്ട്. ലോകരാജ്യങ്ങള്‍ ഒരുമിച്ചാണ് ഈ ഗവേഷണ പദ്ധതിയില്‍ പങ്കടുക്കുന്നത്.
ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ സംവിധാനങ്ങളെ പുതിയ രീതിയില്‍ പുനഃസംഘടിപ്പിക്കാന്‍ നാം തയ്യാറാവണം. നിലനില്‍ക്കുന്ന പൊതുജനാരോഗ്യ സംവിധാനത്തിലും ഗവേഷണത്തിലും കൂടുതല്‍ നിക്ഷേപമുണ്ടാവണം.
ഏകാരോഗ്യം ഏക ലോകം എന്ന സങ്കല്പനം ആയിരിക്കണം ഇനി നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
എല്ലാക്കാലത്തും സമൂഹത്തിലെ ഏറ്റവും ദരിദ്രരെയും ദുര്‍ബലരെയും അധസ്ഥിതരെയുമാണ് മഹാമാരികള്‍ ഏറ്റവും ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യമുണ്ടായ സ്പാനിഷ് ഫ്‌ളൂവും അതാണ് കാണിച്ചത്.
കോവിഡ് അമേരിക്കയെ ബാധിച്ച രീതി നോക്കിയാലും അത് തന്നെയാണ് കാണുന്നത്. കറുത്ത അമേരിക്കക്കാരെയാണ് കോവിഡ് കൂടുതല്‍ ഗുരുതരമായി ബാധിച്ചത്.
ഇന്ത്യയിലെ രണ്ടാം തരംഗത്തിന് പ്രധാന കാരണം ഭരണകൂടത്തിന്റെ അലംഭാവമാണ്. തിരഞ്ഞെടുപ്പുകള്‍ കുംഭമേള എന്നിവ അനുവദിച്ചതോടുകൂടി രോഗം അനിയന്ത്രിതമായി പടര്‍ന്നു.
വസ്തുതകളെയും ശാസ്ത്രത്തേയും അടിസ്ഥാനമാക്കിയാകണം കോവിഡ് നിയന്ത്രണം സാധ്യമാക്കേണ്ടത് എന്ന് ഡോ ഷാഹിദ് ജമീല്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രത്തിന്റെ രീതികളില്‍ നിന്നും മാറിനില്‍ക്കാന്‍ ചില ലോക രാജ്യങ്ങള്‍ കാട്ടുന്ന പ്രവണതയില്‍ അദ്ദേഹം ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരന്‍ അധ്യക്ഷം വഹിച്ചു. ഡോ. സി. രോഹിണി, ഡോ. ടി.എസ്. അനീഷ് എന്നിവര്‍ സംസാരിച്ചു. കോട്ടക്കല്‍ മുരളി സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടനസമ്മേളനം ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി കെ. രാധന്‍ സ്വാഗതവും കെ.എസ്. നാരായണന്‍കുട്ടി നന്ദിയും പറഞ്ഞു.
സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന സമ്മേളനത്തില്‍ 14 ജില്ലകളില്‍ നിന്നായി 450-ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. യുഎഇ ഫ്രന്റ്‌സ് ഓഫ് കെഎസ്എസ്പി, ഓള്‍ ഇന്ത്യ പീപ്പിള്‍സ് സയന്‍സ് നെറ്റ്‌വര്‍ക്, ഭാരത് ഗ്യാന്‍ വിഗ്യാന്‍ സമിതി എന്നീ സുഹൃത്‌സംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നു. സമ്മേളനം ഞായറാഴ്ച സമാപിക്കും.