മഴ : അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ പോലീസിന് നിർദ്ദേശം

135
0

സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചില്‍ സാധ്യതയുളളതിനാല്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായിരിക്കാനും നിര്‍ദ്ദേശമുണ്ട്.

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും കരുതും.

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രത്യേകം പ്രാധാന്യം നൽകും. ആവശ്യത്തിന് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും ശേഖരിക്കാന്‍ എല്ലാ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.