മറിച്ച് ചൊല്ലി ഗിന്നസ്സിലേക്ക്

712
0

ഗിന്നസ് ജേതാവ് ലത ആര്‍ പ്രസാദുമായി സൂസന്‍പാലാത്ര നടത്തിയ അഭിമുഖം.

ജനുവരിയില്‍ നടത്തിയ ഫാസ്റ്റസ്റ്റ് സ്‌പെല്ലിംഗ് ബാക്ക് വേര്‍ഡ്‌സ് ഓഫ് 55 വേര്‍ഡ്‌സില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ജേതാവാണ് ലത കളരിക്കല്‍ എന്ന ലത ആര്‍ പ്രസാദ് .കാഞ്ഞിരപ്പള്ളിക്കടുത്ത് ചേപ്പുംപാറ സ്വദേശിനി. ഈ വര്‍ഷം ജനുവരിമാസം പള്ളിക്കത്തോട് അരവിന്ദ വിദ്യാലയത്തില്‍ നൂറോളം അംഗങ്ങള്‍ വരുന്ന ക്ഷണി ക്കപ്പെട്ട സദസ്സിനെ സാക്ഷിയാക്കിയാണ് ലത ഗിന്ന സ്സിലേക്ക് അടിവച്ചു കയറാനുള്ള ശ്രമം നടത്തിയതും, ജേതാവായതും. ഗിന്നസ് റെക്കോര്‍ഡിനുവേണ്ടി ശ്രമിച്ച് ജേതാവായെങ്കിലും അധികാരികളുടെ അംഗീകാരത്തിനുവേണ്ടി കാത്തിരിയ്ക്കുകയാണ് മുന്‍ അധ്യാപിക കൂടിയായ ലത.
ലത, എത്ര വര്‍ഷത്തെ അധ്വാനമുണ്ട് ഈ ഉദ്യമത്തിനു പിന്നില്‍?
ഏകദേശം പതിനാലുവര്‍ഷം മുന്‍പാണ് ഇങ്ങനെയൊരാഗ്രഹം ഉണ്ടായതും ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിംഗ് തിരിച്ചുപറയുന്നതിനുള്ള പരിശീലനം ഞാന്‍ തുടങ്ങിയതും.
ഇംഗ്ലീഷ് വാക്കുകള്‍ മാത്രമെ മറിച്ചു ചൊല്ലാറുള്ളോ?
അല്ല മലയാളം വാക്കുകളും മറിച്ചുചൊല്ലാന്‍ കഴിയുന്നുണ്ട്. മലയാളം മറിച്ചുചൊല്ലുമ്പോള്‍ കേഴ്‌വിക്കാര്‍ കോമഡി കേള്‍ക്കുന്നതുപോലെ ചിരിക്കാറുണ്ട്.
പരിശീലനം തുടങ്ങാനുള്ള പ്രചോദനം എന്താണ്?
ഒരു രസത്തിനുവേണ്ടി തുടങ്ങിവച്ച ഒരു അഭ്യാസമെന്നേ പറയാന്‍ കഴിയൂ. യാത്രാ വേളകളില്‍ വഴിവക്കുകളില്‍ കാണുന്ന ബോര്‍ഡുകളിലെ വാക്കുകള്‍ ഹൃദിസ്ഥമാക്കി അതിലെ അക്ഷരങ്ങള്‍ തിരിച്ചു പറഞ്ഞാണ് ആരംഭം.
ഇങ്ങനെയൊരുദ്യമത്തിനുവേണ്ടി ധാരാളം പദസമ്പത്ത് ഹൃദിസ്ഥമാക്കേണ്ടതല്ലേ?
അതേ- ഡിക്ഷണറികളിലെ മുഴുവന്‍ വാക്കുകളും ശരിയായി ഉച്ചരിച്ച് സ്‌പെല്ലിംഗ് നന്നായി പഠിച്ചു. എന്നിട്ട് തിരിച്ചെഴുതിയുംപറഞ്ഞും പഠിച്ചു.
മറ്റേതെങ്കിലും കാരണങ്ങള്‍ ഈ ഗിന്നസ് റെക്കോര്‍ഡിനു പിന്നിലുണ്ടോ? ഗിന്നസ് ബുക്കില്‍ കയറണം, കയറിയേതീരൂ എന്ന രീതിയില്‍ എന്തെങ്കിലും പ്രേരണകള്‍?
വേറെ കാരണങ്ങളൊന്നുമില്ല. തെറ്റില്ലാതെ പറയാന്‍ പറ്റുന്നു എന്ന ബോധ്യം വന്നപ്പോഴാണ് ഗിന്നസ് മോഹം പൊട്ടിമുളച്ചതുതന്നെ. പിന്നെ ഞാന്‍ ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോള്‍ ഭാഷാശാസ്ത്രത്തില്‍ പഠിക്കുവാനുണ്ടായിരുന്ന
‘സ്പൂണറിസം’ ഇതിന് പ്രചോദനമായി.
ഇതിനുമുമ്പും സ്റ്റേജുകളില്‍ റിവേഴ്‌സ്‌പെല്ലിംഗ് അഥവാ മറിച്ചുചൊല്ലല്‍ ഒരു പരിപാടിയായി അവതരിപ്പിച്ചിട്ടുണ്ടോ?
ഉണ്ട്. നിരവധി സ്റ്റേജുകളില്‍ ഇംഗ്ലീഷിലും മലയാളത്തിലും മറിച്ചുചൊല്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്.
തിരുവഞ്ചൂര്‍ ‘കാവ്യാരാമ’ത്തില്‍ പങ്കെടുത്ത് ഇംഗ്ലീഷ്, മലയാളം മറിച്ചുചൊല്ലല്‍ നടത്തിയത് ആസ്വാദ്യമായിരുന്നു.
പ്രൗഢമായ അത്തരം സദസ്സുകളില്‍ നിന്നു ലഭിക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്.
ഭര്‍ത്താവിന്റെ പക്കല്‍നിന്നോ കുടുംബാഗങ്ങളുടെ പക്കല്‍നിന്നോ എന്തെങ്കിലും പ്രോത്സാഹനം?
ഇതിനുവേണ്ട ശക്തിയും ധൈര്യവും തന്ന് നിരന്തരം എന്നെ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവും മകനുമാണ്.
ഭര്‍ത്താവ് രാജേന്ദ്രപ്രസാദ് , കാഞ്ഞിരപ്പള്ളി ചേപ്പുംപാറയില്‍ ഫര്‍ണിച്ചര്‍ കട നടത്തുന്നു. ഏക മകന്‍ അരവിന്ദ് സി.എ വിദ്യാര്‍ത്ഥിയാണ്.
മാതാപിതാക്കള്‍?
തൊടുപുഴ താഴത്തൊട്ടിയില്‍ പരേതരായ കുഞ്ഞുകൃഷ്ണപിള്ള രാധ ദമ്പതികളുടെ മകളാണ്.
ഗിന്നസ് റെക്കോര്‍ഡിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഒന്നു വിവരിയ്ക്കാമോ?
മൂന്നുവര്‍ഷം മുമ്പാണ് ഗിന്നസ് റെക്കോര്‍ഡിനുവേണ്ടി അപേക്ഷിച്ചത്. പുതിയ റെക്കോര്‍ഡിന് സാധ്യതയില്ലെന്നും നിലവിലുള്ള പഴയ റെക്കോര്‍ഡ് മറി കടക്കാനേ സാധിക്കൂ എന്നും മനസ്സിലാക്കി. ഉത്തരേന്ത്യക്കാരനായ ശിശിര്‍ ഹത്വായുടെ 1 മിനിറ്റും 22 സെക്കന്റ് 53 മില്ലി സെക്കന്റില്‍ 50 വാക്കുകള്‍ തിരിച്ചുപറഞ്ഞതാണ് ഒടുവിലത്തെ റെക്കോര്‍ഡ്. കടഛ സര്‍ട്ടിഫിക്കറ്റിനുള്ള യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ചീഫ് എഡിറ്ററും ഗിന്നസ് ജേതാവുമായ ഡോ.സുനില്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍ .
കഠിനവും നിരന്തരവുമായ പരിശീലനങ്ങള്‍ അല്ലേ?
അതേ,കഠിനവും നിരന്തരവുമായ ഈ തയ്യാറെടുപ്പില്‍ എന്നെ വളരെയേറെ സഹായിച്ചത് ദില്ലിയിലെ മുന്‍ എജ്യു ക്കേഷനല്‍ ഓഫീസറും പൊന്‍കുന്നം ശ്രേയസ്സ് പബ്ലിക് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലുമായിരുന്ന വി.ആര്‍.സോമന്‍ സാറും ഭാര്യ കേരളാ സ്‌കൂള്‍ വികാസ്പുരി ഡല്‍ഹിയിലെ മുന്‍ പ്രിന്‍സിപ്പലായിരുന്ന ശ്രീമതി സി.ആര്‍ രാധാ കുമാരി ടീച്ചറുമാണ്. ഒപ്പം എപ്പോഴും കൂടെനിന്ന് എല്ലാ പ്രോത്സാഹനങ്ങളും നല്കി, വാക്കുകള്‍ നിരന്തരം ചോദിച്ചുചോദിച്ച് വേഗത്തില്‍ തിരിച്ചുപറയാന്‍ പരിശീലിപ്പിച്ച് പ്രേരിപ്പിച്ച ലിഖയെന്ന ഉത്തമ സുഹൃത്തും ഇതിനു പിന്നില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഗിന്നസ് റെക്കോര്‍ഡിനുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി ഓര്‍മ്മശക്തി വര്‍ദ്ധിപ്പിയ്ക്കാനും മാനസികപിരിമുറുക്കങ്ങളൊഴിവാക്കാനും എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
റെക്കോര്‍ഡിനു വേണ്ടിയുള്ള ശ്രമത്തില്‍ മാനസികമായ ശക്തിയും ധൈര്യവും നല്‍കിയത് പൊന്‍കുന്നം സ്വസ്തി സ്‌കൂള്‍ ഓഫ് യോഗയുടെ ഡയറക്ടര്‍ ശ്രീമതി ശ്രീജ അജിത്തും സുഹൃത്തുക്കളുമാണ്. യോഗവും ധ്യാനവും മനസ്സിനെ ഏകാഗ്രമാക്കുവാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്.
അപ്പോള്‍ യോഗയും ധ്യാനവും പരിശീലിച്ചാല്‍ ഓര്‍മ്മശക്തിയും മാനസികബലവും വര്‍ദ്ധിയ്ക്കും അല്ലേ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷിയ്ക്കാമല്ലോ.
വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല സൂസന്‍ പാലാത്രയ്ക്കും പരീക്ഷിയ്ക്കാം. എഴുത്തുകാര്‍ക്കുമാത്രമല്ല വീട്ടമ്മമാര്‍ക്കുപോലും സഹായകരമാണ്.
ഈശ്വരാനുഗ്രഹമുണ്ടെങ്കില്‍ നിത്യാഭ്യാസം കൊണ്ടും ഇച്ഛാശക്തികൊണ്ടും ആഗ്രഹിയ്ക്കുന്നതു നേടാം അല്ലേ?
അതേയതേ പൂര്‍ണ്ണപിന്തുണയും നിരന്തരമായ പ്രാര്‍ത്ഥനയുമായി ഒപ്പം നിന്ന നല്ല സുഹൃത്തുക്കള്‍ ഗുരുക്കന്മാര്‍ പ്രേരകശക്തിയായി .എല്ലാവരുടെയും അനുഗ്രഹത്തോടെ ഈശ്വരകടാക്ഷത്താല്‍ 55 വാക്കുകള്‍ 1 മിനിറ്റ് 15 സെക്കന്റുകൊണ്ടു പറഞ്ഞ് ശിശിര്‍ഹത്വായുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ കഴിഞ്ഞു.
ലത കാവ്യാരാമത്തില്‍ കവിതയെഴുതി അവതരിപ്പിച്ചിരുന്നല്ലോ. പുസ്തകങ്ങള്‍ എന്തെങ്കിലും?
ഒരു രസത്തിനുവേണ്ടി എഴുതിത്തുടങ്ങിയതാണ് കവിത. വേഴാമ്പല്‍ എന്ന പേരില്‍ 2017 ഫെബ്രുവരിയില്‍ ഒരു കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
വേഴാമ്പല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അതിലെ മാസപ്പകര്‍ച്ച എന്ന കവിത എനിയിക്കിഷ്ടമാണ്. മറ്റെന്തെങ്കിലും സാമൂഹിക പ്രവര്‍ത്തനം?
ആത്മീയ സാംസ്‌ക്കാരികപ്രഭാഷണവേദികളില്‍ ഇപ്പോള്‍ സജീവമാണ്.